ഇന്ത്യയുടെ തോൽവിയ്ക്ക് കാരണം ഹർദിക്കിന്റെ സ്ലോ ഇന്നിങ്സ്. മുൻ താരങ്ങളുടെ വിമർശനം.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ബാറ്റിംഗിൽ വലിയ രീതിയിൽ ശോഭിക്കാൻ ഹർദിക് പാണ്ഡ്യയ്ക്ക് സാധിച്ചില്ല. മത്സരത്തിൽ 35 പന്തുകൾ നേരിട്ട് ഹർദിക് പാണ്ഡ്യ 40 റൺസ് മാത്രമാണ് സ്വന്തമാക്കിയത്. 2 സിക്സറുകളും ഒരു ബൗണ്ടറിയും മാത്രമാണ് ഹർദിക്കിന്റെ സ്ലോ ഇന്നിങ്സിൽ പിറന്നത്. ഹർദ്ദിക് ഇത്തരത്തിൽ വളരെ മെല്ലെ റൺസ് കണ്ടെത്തുന്നതിനാൽ തന്നെ മറ്റു ബാറ്റർമാർക്ക് വലിയ സമ്മർദ്ദമാണ് ഉണ്ടായത്. മറ്റു ബാറ്റർമാർ വലിയ ഷോട്ടുകൾ കളിക്കാൻ ശ്രമിക്കുകയും അവർക്ക് തങ്ങളുടെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. പാണ്ഡ്യയുടെ മത്സരത്തിലെ മോശം പ്രകടനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ.

ഇന്ത്യൻ ടീമിലെ മറ്റു ബാറ്റർമാരിൽ കൂടുതൽ സമ്മർദ്ദമുണ്ടാകാൻ ഹർദിക് പാണ്ഡ്യയുടെ ഈ മെല്ലെപോക്ക് കാരണമായി എന്നാണ് പാർഥിവ് പറഞ്ഞത്. “തന്റെ മെല്ലെയുള്ള ബാറ്റിംഗ് മൂലം ഹർദിക് പാണ്ഡ്യ മറ്റു ബാറ്റർമാർക്ക് വലിയ സമ്മർദ്ദമാണ് മത്സരത്തിൽ ഉണ്ടാക്കിയത്. ഒരുപാട് ഡോട്ട് ബോളുകൾ മത്സരത്തിൽ പാണ്ഡ്യ കളിച്ചു. ട്വന്റി20 ക്രിക്കറ്റിൽ ഒരുതരത്തിലും ഇത്തരത്തിൽ ഡോട്ട് ബോളുകൾ കളിക്കാൻ പാടില്ല. ട്വന്റി20 ക്രിക്കറ്റിൽ ഒരു ബാറ്റർ ക്രീസിലെത്തിയാൽ 20 ബോളുകൾ സെറ്റിലാവുന്നതിനായി എടുക്കാനും പാടില്ല. ആ സമയത്ത് നമുക്ക് ബൗണ്ടറികളും സിക്സറുകളും സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിൽ സിംഗിളുകൾ നേടാനെങ്കിലും ശ്രമിക്കണം.”- പാർഥിവ് പറഞ്ഞു.

ഹർദിക്കിന്റെ മത്സരത്തിലെ പ്രകടനത്തെപ്പറ്റി കെവിൻ പീറ്റേഴ്സണ് ഇതേ അഭിപ്രായം തന്നെയാണ് ഉണ്ടായിരുന്നത്. ബാറ്റിംഗ് ഓർഡറിൽ വന്ന അപാകതയും ഇന്ത്യയുടെ പരാജയത്തിൽ കാരണമായി എന്നാണ് പീറ്റേഴ്സൺ എടുത്തു കാട്ടിയത്. “ഹർദിക് പാണ്ഡ്യ അത്ര മികച്ച പ്രകടനമായിരുന്നില്ല മത്സരത്തിൽ നടത്തിയത്. ഇന്ത്യയുടെ ബാറ്റിംഗ് ഓർഡറിലും പ്രശ്നങ്ങൾ നേരിട്ടതായി എനിക്ക് തോന്നി. ഒരിക്കലും ഇന്ത്യ എട്ടാം നമ്പറിൽ ഇറക്കേണ്ട താരമായിരുന്നില്ല ജൂറൽ. അവനൊരു മികച്ച ബാറ്ററാണ്. അതുകൊണ്ടു തന്നെ ബാറ്റിംഗ് ഓർഡറിൽ കുറച്ചു മുൻപ് ജൂറലിനെ ഇന്ത്യ ഇറക്കണമായിരുന്നു. എന്തുകൊണ്ടാണ് അവന് അവസരം നൽകാതിരുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.”- പീറ്റേഴ്സൺ കൂട്ടിച്ചേർത്തു.

മത്സരത്തിൽ 26 റൺസിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിലെ തങ്ങളുടെ ആദ്യ പോയിന്റ് നേടാൻ ഇംഗ്ലണ്ടിന് സാധിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റുകൾക്കും രണ്ടാം മത്സരത്തിൽ 2 വിക്കറ്റുകൾക്കുമായിരുന്നു വിജയം സ്വന്തമാക്കിയത്. ശേഷമാണ് അവിചാരിതമായ പരാജയം ഇന്ത്യയ്ക്ക് ഉണ്ടായത് അവസാന 2 മത്സരങ്ങളിൽ ശക്തമായ തിരിച്ചുവരവ് നടത്താനാണ് നിലവിൽ ഇന്ത്യ ശ്രമിക്കുന്നത്.