ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ പരാജയം നേരിടാനുള്ള ഒരു പ്രധാന കാരണം സൂര്യകുമാർ യാദവിന്റെ മോശം ബാറ്റിംഗ് പ്രകടനമാണ് എന്ന് തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഇന്ത്യക്കായി പല മത്സരങ്ങളിലും അക്രമണപരമായ ബാറ്റിംഗ് ശൈലി പുലർത്തുന്നുണ്ടെങ്കിലും കൃത്യമായ രീതിയിൽ സ്ഥിരത കൈവരിക്കാൻ സമീപകാലത്ത് സൂര്യകുമാർ യാദവിന് സാധിച്ചിട്ടില്ല എന്നാണ് ഹർഭജൻ സിംഗ് പറയുന്നത്. 3 മത്സരങ്ങളിലെയും സൂര്യകുമാർ യാദവിന്റെ പ്രകടനങ്ങൾ വിലയിരുത്ത ശേഷമാണ് ഹർഭജൻ സംസാരിച്ചത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ 3 പന്തുകൾ നേരിട്ട സൂര്യകുമാർ റൺസ് ഒന്നും നേടാതെ പുറത്താവുകയായിരുന്നു. രണ്ടാം മത്സരത്തിൽ 7 പന്തുകളിൽ 12 റൺസാണ് സൂര്യ നേടിയത്. മൂന്നാം മത്സരത്തിൽ 7 പന്തുകളിൽ 14 റൺസായിരുന്നു സൂര്യയുടെ സമ്പാദ്യം. മുൻപ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പര്യടനത്തിലും സൂര്യകുമാർ യാദവ് ഇത്തരത്തിൽ മോശം പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. പരമ്പരയിൽ 3 മത്സരങ്ങളിൽ നിന്ന് 26 റൺസ് മാത്രമാണ് സൂര്യയ്ക്ക് നേടാൻ സാധിച്ചത്. നായകനെന്ന നിലയിൽ ഇതുവരെ 12 മത്സരങ്ങളിൽ സൂര്യകുമാർ യാദവ് 256 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇതിന് ശേഷമാണ് ഇപ്പോൾ ഹർഭജൻ രംഗത്ത് വന്നിരിക്കുന്നത്.
“ഇന്ത്യൻ ടീമിൽ നിലവിൽ പ്രതിഫലിക്കുന്ന ഏറ്റവും വലിയ പ്രശ്നം സൂര്യകുമാർ യാദവിന്റെ മോശം ഫോം തന്നെയാണ്. അവനൊരു അവിസ്മരണീയ താരമാണ് എന്ന കാര്യത്തിൽ സംശയമില്ല. അവന്റെ പ്രകടനം എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ഇപ്പോൾ അവൻ മികച്ച ഫോമിലല്ല കളിക്കുന്നത്. ട്വന്റി20 ക്രിക്കറ്റിൽ എല്ലായിപ്പോഴും ആക്രമണപരമായ രീതിയിൽ കളിക്കുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പക്ഷേ സമീപകാലത്ത് ബാറ്റിംഗിൽ സ്ഥിരതയാർന്ന പ്രകടനമല്ല സൂര്യകുമാർ പുലർത്തിയത്. ഇനിയും മികച്ച പ്രകടനങ്ങൾ സൂര്യ നടത്തേണ്ടതുണ്ട്. പൂർണ്ണമായും മത്സരത്തിൽ വഴിത്തിരിവ് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു താരമാണ് സൂര്യകുമാർ.”- ഹർഭജൻ പറഞ്ഞു.
“കഴിഞ്ഞ പരമ്പരകളിൽ ഒന്നുംതന്നെ വേണ്ട രീതിയിൽ റൺസ് സ്വന്തമാക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിട്ടില്ല. അത് പ്രധാനമായും ക്യാപ്റ്റൻസിയുടെ സമ്മർദ്ദം മൂലമാകാം. എന്നാൽ ഇത് മാറ്റിവെച്ച് അവൻ മുൻപിലേക്ക് വന്ന് ഇന്ത്യക്കായി മാച്ച് വിന്നിങ് പ്രകടനങ്ങൾ കാഴ്ചവെക്കും എന്നാണ് ഞാൻ കരുതുന്നത്.”- ഹർഭജൻ സിംഗ് കൂട്ടിച്ചേർക്കുകയുണ്ടായി.



