2023 ഏകദിന ലോകകപ്പിനു ശേഷം രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ഏകദിന ക്രിക്കറ്റിലും ട്വന്റി20 ക്രിക്കറ്റിലും ഹർദിക് ഇന്ത്യയുടെ ക്യാപ്റ്റനായി ചുമതലയേൽക്കണമെന്നാണ് ശാസ്ത്രി പറഞ്ഞത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ വളരെ വിജയകരമായി നയിച്ച അനുഭവം ഹർദിക് പാണ്ഡ്യക്കുണ്ട്. 2022 ഐപിഎൽ സീസണിൽ ഗുജറാത്തിനായി വിജയകിരീടം ചൂടിയ പാണ്ഡ്യ 2023ല്‍ ടീമിനെ ഫൈനലിലും എത്തിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹർദിക് പാണ്ഡ്യ ഇന്ത്യൻ ജേഴ്സിയിൽ നായകനായി എത്തേണ്ട സമയം അതിക്രമിച്ചു എന്നാണ് രവി ശാസ്ത്രി അഭിപ്രായപ്പെടുന്നത്.
ഇതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ പാണ്ഡ്യ നായകനാവരുത് എന്നും ശാസ്ത്രി പറയുകയുണ്ടായി. “ഏകദിന ലോകകപ്പിൽ രോഹിത് ശർമ തന്നെ ഇന്ത്യയെ നയിക്കണം. അക്കാര്യത്തിൽ മറ്റൊരു ചോദ്യമില്ല. പക്ഷേ ഏകദിന ലോകകപ്പിന് ശേഷം നിശ്ചിത ഓവർ ക്രിക്കറ്റിൽ നായകസ്ഥാനം ഹർദിക് പാണ്ഡ്യ ഏറ്റെടുക്കണം എന്നാണ് എന്റെ അഭിപ്രായം. അത് അയാൾക്ക് ഇന്ത്യയെ മികച്ച രീതിയിൽ മുന്നോട്ടു നയിക്കാൻ പ്രചോദനമാകും. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ ഹർദിക് ഉയർന്നു വരുന്നില്ല. അദ്ദേഹത്തിന്റെ ശരീരം ടെസ്റ്റ് ക്രിക്കറ്റിന് ഇപ്പോൾ യോജിച്ചതല്ല. അക്കാര്യം വ്യക്തമാണ്.”- ശാസ്ത്രി പറഞ്ഞു.
ഇതോടൊപ്പം സഞ്ജു സാംസനും തന്റെ കഴിവുകൾ തിരിച്ചറിയണം എന്നാണ് രവി ശാസ്ത്രി പറയുന്നത്. “സഞ്ജുവിന്റെ കഴിവ് ഇതുവരെയും പൂർണമായും അയാൾക്ക് മനസ്സിലായിട്ടില്ല. സഞ്ജു ഒരു മാച്ച് വിന്നർ ആണ്. അയാളുടെ കരിയർ മികച്ച രീതിയിൽ അവസാനിച്ചില്ലെങ്കിൽ ഞാൻ നിരാശനായിരിക്കും. ഞാൻ കോച്ച് ആയിരുന്ന സമയത്ത് രോഹിത് ശർമ കൃത്യമായി ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. അത്തരത്തിൽ രോഹിത്തിന്റെ കരിയർ അവസാനിച്ചിരുന്നെങ്കിൽ ഞാൻ നിരാശാനായേനെ. അതേ വികാരം തന്നെയാണ് സഞ്ജുവിന്റെ കാര്യത്തിലും എനിക്കുള്ളത്.”- ശാസ്ത്രി കൂട്ടിച്ചേർത്തു.
ഇതോടൊപ്പം എല്ലാ ഫോർമാറ്റുകളിലും ഇന്ത്യ സീനിയർ താരങ്ങളിൽ നിന്ന് മറ്റ് യുവതാരങ്ങളിലേക്ക് മാറി ചിന്തിക്കണം എന്ന കാര്യവും രവി ശാസ്ത്രി ഓർമ്മിപ്പിക്കുന്നു. ഇത്തരത്തിൽ ഘട്ടം ഘട്ടമായി മാറ്റം നടത്തിയാൽ മാത്രമേ വരുന്ന ലോകകപ്പുകളിലേക്ക് ഇന്ത്യൻ ടീമിനെ പ്രാപ്തരാക്കാൻ സാധിക്കൂ എന്നാണ് ശാസ്ത്രീയുടെ പക്ഷം. എന്തായാലും ശാസ്ത്രിയുടെ ഈ നിർദ്ദേശങ്ങൾക്ക് വലിയ ചർച്ച തന്നെ ആവശ്യമാണ്.