വമ്പന്‍ തോല്‍വിയുമായി അയര്‍ലണ്ട്. ലോകകപ്പ് യോഗ്യത കാണാതെ പുറത്ത്. ഹസരങ്കക്ക് 5 വിക്കറ്റ്

2023 ഏകദിന ലോകകപ്പിൽ നിന്ന് അയർലൻഡ് ടീം പുറത്തേക്ക്. ശ്രീലങ്കയ്ക്കെതിരായ ക്വാളിഫയർ മത്സരത്തിൽ 133 റൺസിന്റെ വമ്പൻ പരാജയം ഏറ്റുവാങ്ങിയതോടെയാണ് അയർലൻഡ് പുറത്തായത്. പലപ്പോഴും 50 ഓവർ ലോകകപ്പിലെ അട്ടിമറിവീരന്മാരായ അയർലൻഡിന് ക്വാളിഫയറിൽ അടി തെറ്റുകയായിരുന്നു. ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിലും അയർലൻഡ് പരാജയപ്പെടുകയുണ്ടായി. അയർലൻഡ് പുറത്തായതോടെ ഗ്രൂപ്പ് ബിയിൽ നിന്ന് ശ്രീലങ്ക, സ്കോട്ട്‌ലൻഡ്, ഒമാൻ ടീമുകൾ ലോകകപ്പ് ക്വാളിഫയറിന്റെ സൂപ്പർ സിക്സിലേക്ക് ഇടം കണ്ടെത്തിയിട്ടുണ്ട്.

ശ്രീലങ്കക്കെതിരായ മത്സരത്തിൽ അയർലൻഡ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അയർലൻഡ് ബോളർമാരെ എല്ലാ അർത്ഥത്തിലും തൂക്കിയെറിഞ്ഞ ബാറ്റിംഗ് പ്രകടനം തന്നെയാണ് ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ പുറത്തെടുത്തത്. ശ്രീലങ്കക്കായി ഓപ്പണർ കരുണാരത്ന(103) സെഞ്ച്വറി സ്വന്തമാക്കി. പിന്നീട് സമരവിക്രമ 86 പന്തുകളിൽ 82 റൺസ് നേടി മധ്യ ഓവറുകളിൽ ശ്രീലങ്കയുടെ രക്ഷകനായി മാറി. ഇങ്ങനെ നിശ്ചിത 50 ഓവറുകളിൽ 325 റൺസ് ആയിരുന്നു ശ്രീലങ്ക സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡിന് തുടക്കം തന്നെ പിഴച്ചു. ഇന്നിംഗ്സിലുടനീളം റൺ റേറ്റ് അയർലണ്ടിന് ഭീഷണിയായി വന്നു. ഈ സമയങ്ങളിലൊക്കെയും വമ്പനടികൾക്ക് അയർലൻഡ് ശ്രമിക്കുകയും വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെടുകയും ചെയ്തു. അയർലൻഡ് ഇന്നിങ്സിൽ ഒരു ബാറ്റര്‍ക്ക് പോലും 50 റൺസ് കടക്കാനായില്ല എന്നതും വസ്തുതയാണ്. അങ്ങനെ അയർലന്റിന്റെ ഇന്നിങ്സ് കേവലം 192 റൺസിൽ അവസാനിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി ഹസരംഗ അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഹസരംഗ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. മുൻപ് വക്കാർ യൂനിസ് മാത്രമാണ് തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ അഞ്ചു വിക്കറ്റ് നേട്ടങ്ങൾ കൊയ്തിട്ടുള്ളത്.

അയർലൻഡ് പുറത്തായതോടെ ലോകകപ്പ് ക്വാളിഫയറിന്റെ സൂപ്പർ സിക്സ് ടീമുകളുടെ കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്. ഗ്രൂപ്പ് എയിൽ നിന്ന് സിംബാബ്വെ, നെതർലൻഡ്, വെസ്റ്റിൻഡീസ് എന്നീ ടീമുകളാണ് സൂപ്പർ സീക്സിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ബിയിൽ നിന്ന് ശ്രീലങ്ക, സ്കോട്ട്ലാൻഡ്, ഒമാൻ എന്നീ ടീമുകൾ യോഗ്യത നേടി. സൂപ്പർ സിക്സ് പോരാട്ടങ്ങൾക്കൊടുവിൽ ടേബിളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാവും 2023 ഏകദിന ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്.