ഗുജറാത്ത് ടൈറ്റൻസിനെതിരായ മുംബൈ ഇന്ത്യൻസിന്റെ പരാജയത്തിന് ശേഷം മുംബൈ നായകൻ ഹർദിക് പാണ്ഡ്യയെ വിമർശിച്ചുകൊണ്ട് മുഹമ്മദ് ഷാമി രംഗത്ത്. മത്സരത്തിൽ സമ്മർദ്ദ സാഹചര്യത്തിൽ ഹാർദിക് പാണ്ഡ്യ മുൻപിലേക്ക് വന്ന് ചുമതല ഏറ്റെടുക്കാൻ തയ്യാറായില്ല എന്ന കാരണത്താലാണ് വിമർശനവുമായി ഷമി രംഗത്തെത്തിയത്.
മത്സരത്തിൽ മുംബൈ നിരയിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായപ്പോൾ ഹർദിക് പാണ്ഡ്യ ക്രീസിലെത്താൻ തയ്യാറായില്ല. ശേഷം ഏഴാമനായാണ് പാണ്ഡ്യ എത്തിയത്. ഈ തീരുമാനത്തെ വിമർശിച്ചാണ് ഷാമി രംഗത്ത് വന്നിരിക്കുന്നത്.
മത്സരത്തിൽ കൃത്യമായി ഇടംകൈ- വലംകൈ കോമ്പിനേഷൻ വച്ചുപുലർത്താൻ മുംബൈ തയ്യാറായില്ല എന്ന് ഷാമി വിമർശിക്കുകയുണ്ടായി. “എല്ലായിപ്പോഴും ഇടംകൈ-വലംകൈ കോമ്പിനേഷനുകൾക്ക് മത്സരത്തിൽ വലിയ പ്രാധാന്യമുണ്ട്. പക്ഷെ ഇത് എനിക്ക് മനസ്സിലായില്ല. കൊൽക്കത്തയുടെ ഹൈദരാബാദിനെതിരായ മത്സരത്തിനിടെ പോലും നമ്മൾ അതിനെപ്പറ്റി ചിന്തിച്ചിരുന്നു. മറ്റുള്ളവർക്കു മേൽ ഉത്തരവാദിത്വം ചുമത്തുന്നതിന് പകരം നമ്മൾ ആ ഉത്തരവാദിത്വം ഏറ്റെടുത്ത് മുൻപിലേക്ക് വരുകയാണ് ചെയ്യേണ്ടത്. എന്നാൽ പാണ്ഡ്യ അത് ചെയ്തതായി തോന്നിയില്ല.”- ഷാമി പറയുന്നു.
“മുൻപ് ഹർദിക് പാണ്ഡ്യ ഗുജറാത്ത് ടീമിൽ ആയിരുന്ന സമയത്ത് മൂന്നാം നമ്പരിൽ ബാറ്റ് ചെയ്തിരുന്നു. അതിനാൽ തന്നെ മൂന്നോ നാലോ നമ്പറിൽ കളിക്കുക എന്നത് ഹർദിക്കിനെ സംബന്ധിച്ച് വലിയ കാര്യമല്ല. പക്ഷേ മുംബൈക്കായി ഹർദിക് അത്തരമൊരു കാര്യം ചെയ്യാത്തത് എന്തുകൊണ്ടാണ്?”
“ഏഴാം നമ്പറിൽ ക്രീസിലെത്തുമ്പോൾ ഹർദിക്കിനെ ഒരു വാലറ്റ ബാറ്ററെ പോലെയാണ് തോന്നുന്നത്. പാണ്ഡ്യയെ പോലെ ഒരാൾ ഏഴാം നമ്പരിൽ മൈതാനത്ത് എത്തുമ്പോൾ നമ്മൾ നമ്മളിൽ തന്നെ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യമാണ് ഉണ്ടാവുന്നത്.”- മുഹമ്മദ് ഷാമി കൂട്ടിച്ചേർത്തു.
മാത്രമല്ല ഹർദിക് പാണ്ഡ്യ കുറച്ചു മുൻപ് ക്രീസിൽ എത്തിയിരുന്നുവെങ്കിൽ മത്സരം അവസാന ഓവർ വരെ എത്തില്ലായിരുന്നു എന്നും മുഹമ്മദ് ഷാമി പറയുകയുണ്ടായി. എന്തായാലും മുംബൈയെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന ഒരു പരാജയം തന്നെയാണ് ഗുജറാത്തിനെതിരെ നേരിടേണ്ടി വന്നത്.
എന്നിരുന്നാലും അടുത്ത മത്സരങ്ങളിൽ വലിയ വിജയത്തോടെ തിരിച്ചുവരാനാണ് മുംബൈ ശ്രമിക്കുന്നത്. മാർച്ച് 27ന് ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം നടക്കുന്നത്. ഹൈദരാബാദിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.