വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ മൂന്നാം ട്വന്റി20 മത്സരത്തിൽ ശക്തമായ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 7 വിക്കറ്റുകളുടെ ആധികാരിക വിജയമായിരുന്നു ഇന്ത്യയെ തേടിയെത്തിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുത്തത് സൂര്യകുമാർ യാദവും തിലക് വർമ്മയുമാണ്. എന്നാൽ മത്സരത്തിൽ തിലക് വർമ്മയ്ക്ക് അർഹതപ്പെട്ട അർദ്ധസെഞ്ച്വറി നേടാൻ സാധിക്കാതെ പോയത് ദൗർഭാഗ്യകരം തന്നെയാണ്.
എന്നാൽ തിലക് വർമ്മയ്ക്ക് അർദ്ധസെഞ്ചറി സ്വന്തമാക്കാൻ സാധിക്കാതെ പോയതിന് പിന്നാലെ ഹർദിക് പാണ്ഡ്യക്കെതിരെ വിമർശനങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകർ. ഹർദ്ദിക്കിന്റെ സെൽഫിഷ് പെരുമാറ്റമൂലമാണ് അർഹതപ്പെട്ട അർദ്ധ സെഞ്ചുറി തിലക് വർമ്മയ്ക്ക് നഷ്ടമായത് എന്നാണ് ആരാധകർ പറയുന്നത്.
മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 2 റൺസ് ആയിരുന്നു ആവശ്യം. തിലക് വർമ്മയ്ക്ക് അർദ്ധസെഞ്ചുറി സ്വന്തമാക്കാൻ ആവശ്യമായിരുന്നത് 1 റണ്ണും. ഹർദിക് പാണ്ഡ്യയായിരുന്നു സ്ട്രൈക്കിൽ. തിലക് വർമയ്ക്ക് അർദ്ധസെഞ്ച്വറി നേടാനായി ഹർദിക് ഒരു സിംഗിൾ നേടുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സർവ്വശക്തിയുമെടുത്ത് ഒരു കൂറ്റൻ ഷോട്ടിനാണ് ഹർദിക് പാണ്ഡ്യ മുതിർന്നത്.
അത് ബൗണ്ടറി കടന്നതോടെ ഇന്ത്യ മത്സരത്തിൽ വിജയിച്ചു. പക്ഷേ അർഹതപ്പെട്ട ഹാഫ് സെഞ്ചുറി സ്വന്തമാക്കാൻ തിലക് വർമ്മക്ക് സാധിച്ചില്ല. തിലക് വർമ്മ മത്സരത്തിൽ 37 പന്തുകളിൽ 49 റൺസുമായി പുറത്താവാതെ നിന്നു.
എന്തുകൊണ്ടാണ് ഹർദിക് കുറച്ചുകൂടി ചിന്തിച്ച് ഒരു സിംഗിൾ നേടാതിരുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത്തരം സെൽഫിഷ് ബിഹേവിയർ മുൻപോട്ടു പോകുമ്പോൾ ഗുണം ചെയ്യില്ല എന്നും ആരാധകർ പറയുന്നു. എന്നിരുന്നാലും മത്സരത്തിൽ ശക്തമായ ഒരു പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യയ്ക്ക് സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.
സൂര്യകുമാർ യാദവിന്റെ ശക്തമായ ഒരു തിരിച്ചുവരവ് മത്സരത്തിൽ കാണാൻ സാധിച്ചു. മത്സരത്തിൽ 44 പന്തുകൾ നേരിട്ട് സൂര്യ 83 റൺസാണ് നേടിയത്. 10 ബൗണ്ടറികളും നാല് സിക്സറുകളും സൂര്യയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.
ഈ വിജയത്തോടെ ഇന്ത്യ പരമ്പര 2-1 എന്ന നിലയിൽ എത്തിച്ചിട്ടുണ്ട്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും വിജയം നേടിയാൽ മാത്രമേ ഇന്ത്യയ്ക്ക് ട്വന്റി20 പരമ്പര സ്വന്തമാക്കാൻ സാധിക്കൂ. മറുവശത്ത് വിൻഡിസിനെ സംബന്ധിച്ച് മത്സരത്തിൽ വലിയൊരു പിന്നിലേക്ക് പോക്കാണ് ഉണ്ടായിരിക്കുന്നത്. ബോളിങ്ങിലും ബാറ്റിങ്ങിലും വിൻഡീസ് പരാജയപ്പെടുന്നതാണ് മൂന്നാം മത്സരത്തിൽ കാണാൻ സാധിച്ചത്.