സൂര്യതാണ്ഡവം. മൂന്നാം ടി20യില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ.

20230808 223716

വിന്‍ഡീസിനെതിരെയുള്ള മൂന്നാം ടി20 യില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. 7 വിക്കറ്റുകളുടെ വിജയവുമായി ഇന്ത്യ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തി. 160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 17.5 ഓവറില്‍ വിജയം കണ്ടെത്തി. നേരത്തെ ആദ്യ 2 മത്സരങ്ങള്‍ വിജയിച്ച വിന്‍ഡീസ് പരമ്പരയില്‍ മുന്നിലാണ് (2-1) അടുത്ത മത്സരം ശനിയാഴ്ച്ച നടക്കും.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. നാലാം പന്തില്‍ തന്നെ അരങ്ങേറ്റക്കാരന്‍ ജയ്സ്വാളിനെ (1) നഷ്ടമായി. തൊട്ടു പിന്നാലെ ഗില്ലിനെയും (6) നഷ്ടമായി. പിന്നാലെയാണ് സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും ഒന്നിച്ചത്. തിലക് വര്‍മ്മ ക്രീസില്‍ നങ്കൂരമിട്ടപ്പോള്‍ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റില്‍ നിന്നും റണ്‍സുകള്‍ ഒഴുകി.

വെറും 23 പന്തില്‍ തന്‍റെ ഫിഫ്റ്റി തികച്ച സൂര്യകുമാര്‍ യാദവ്, പിന്നെയും കൂറ്റനടികള്‍ തുടര്‍ന്നു. ഇന്ത്യയെ നല്ല നിലയില്‍ എത്തിച്ചതിനു ശേഷമാണ് സൂര്യകുമാര്‍ മടങ്ങിയത്. 44 പന്തില്‍ 10 ഫോറും 4 സിക്സുമായി 83 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

പിന്നീട് തിലക് വര്‍മ്മയും (49) ഹര്‍ദ്ദിക്ക് പാണ്ട്യയും (20) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങള്‍ ഇല്ലാതെ ഇന്ത്യയെ വിജയത്തില്‍ എത്തിച്ചു.

Read Also -  മത്സരത്തിൽ സഹായിച്ചത് ധോണി ഭായിയുടെ ആ ഉപദേശം. റിങ്കു സിംഗ് വെളിപ്പെടുത്തുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ്, നിശ്ചിത 20 ഓവറില്‍ വിൻഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണെടുത്തത്. ഓപ്പണര്‍മാരായ ബ്രാണ്ടന്‍ കിംഗും (42) കെയ്ല്‍ മയേഴ്സും (25) മികച്ച തുടക്കമാണ് നല്‍കിയത്. അവസാന ഓവറുകളില്‍ നിക്കോളസ് പൂരന്‍ (12 പന്തില്‍ 20) റൊവ്മാന്‍ പവല്‍ (19 പന്തില്‍ 40) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. അക്സര്‍ പട്ടേല്‍, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി

Scroll to Top