ഇന്ത്യൻ ടീമിലെ മറ്റു താരങ്ങളെ പോലെ അത്ര എളുപ്പമുള്ള ജോലിയല്ല തന്റേത് എന്ന് വ്യക്തമാക്കി ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ. ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിൽ അണിനിരക്കുന്ന പാണ്ഡ്യ ടീമിലെ തന്റെ ജോലി ഭാരത്തെ കുറിച്ചാണ് സംസാരിച്ചത്. ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ഒരു തകർപ്പൻ പ്രകടനമായിരുന്നു ഹർദിക് പാണ്ഡ്യ കാഴ്ചവച്ചത്. മത്സരത്തിൽ 90 പന്തുകൾ നേരിട്ട പാണ്ഡ്യ 87 റൺസ് നേടുകയുണ്ടായി. ശേഷം നേപ്പാളിനെതിരായ മത്സരത്തിലും എട്ടോവറുകൾ പന്തറിഞ്ഞ പാണ്ഡ്യ മികച്ച സംഭാവന നൽകി. ഇതിനുശേഷമാണ് ഇപ്പോൾ ജോലി ഭാരത്തെക്കുറിച്ച് പാണ്ഡ്യ സംസാരിക്കുന്നത്.
“ഒരു ഓൾറൗണ്ടർ എന്ന നിലയിൽ മറ്റു ഇന്ത്യൻ താരങ്ങളുടെ മൂന്നിരട്ടി ജോലിയാണ് എനിക്കുള്ളത്.ടീമിലെ ഒരു ബാറ്റർ, ബാറ്റിങ്ങിനിറങ്ങി തന്റെ ഇന്നിംഗ്സ് ഫിനിഷ് ചെയ്തതിനുശേഷം അയാൾക്ക് ചെറിയ വിശ്രമത്തിൽ ഏർപ്പെടാം. എന്നാൽ എന്റെ കാര്യം അങ്ങനെയല്ല. ഞാൻ അതിനുശേഷം ബോളിംഗും ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളൊക്കെയും മാനേജ് ചെയ്യുന്നതും സമ്മർദ്ദങ്ങളെ നേരിടുന്നതും ഒക്കെ വലിയ പരിശീലനങ്ങളിലൂടെയും ക്യാമ്പുകളിലൂടെയുമാണ്. നമ്മൾ ഒരു മത്സരത്തിലേക്ക് കടക്കുമ്പോൾ നമ്മുടെ ടീമിന് എന്താണ് ആവശ്യം എന്നതിനാണ് കൂടുതൽ പ്രസക്തി. എന്റെ ടീമിന് എന്നിൽ നിന്ന് എത്ര ഓവറുകൾ ആവശ്യമുണ്ടോ അത് നൽകാൻ ഞാൻ തയ്യാറാണ്.”- പാണ്ഡ്യ പറയുന്നു.
“ഒരുപക്ഷേ എന്നിൽ നിന്ന് ടീമിന് 10 ഓവറുകൾ ആവശ്യമില്ലെങ്കിൽ ഞാൻ 10 ഓവറുകൾ എറിയുന്നതിൽ കാര്യമില്ല. എന്നാൽ എന്റെ ഫുൾ കോട്ട ഓവറുകൾ ടീമിന് ആവശ്യമാണെങ്കിൽ അത് ഞാൻ എറിയുക തന്നെ ചെയ്യണം. എപ്പോഴും ബോളിങ്ങിലും ബാറ്റിങ്ങിലും മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്. മത്സരത്തെ നന്നായി മനസ്സിലാക്കാനും, സ്വയം ആത്മവിശ്വാസം നൽകാനും ഞാൻ ശ്രദ്ധിക്കാറുണ്ട്.”- ഹർദിക് പാണ്ഡ്യ കൂട്ടിച്ചേർത്തു.
“ബോൾ ചെയ്യുന്ന സമയത്ത് ഞാൻ കൂടുതലായി എനിക്ക് തന്നെ പിന്തുണ നൽകേണ്ടതുണ്ട്. എന്തെന്നാൽ എന്റെ എതിർ ടീമിലെ ബാറ്റർമാർ എന്നിൽ നിന്നും ഒരു പിഴവ് എപ്പോഴും പ്രതീക്ഷിക്കുന്നുണ്ടാവും. അതേസമയം ബാറ്റ് ചെയ്യുന്ന സമയത്ത് എന്റെയൊപ്പം മറ്റൊരു ടീമംഗം കൂടെയുണ്ടാവും. അവൻ എന്റെയൊപ്പം ക്രീസിൽ പൊരുതുകയാവും. എന്നിരുന്നാലും മൈതാനത്തുള്ള 11 പേരും ആ സമയത്ത് എനിക്ക് എതിരാണ്. ഇങ്ങനെയുള്ള സമ്മർദ്ദ സാഹചര്യങ്ങൾ ഞാൻ നേരിടുന്നത് കൃത്യമായ പരിശീലനത്തിലൂടെയാണ്.”- പാണ്ഡ്യ പറഞ്ഞു വയ്ക്കുന്നു.