ഇന്ത്യ ഒന്നും ലോകകപ്പിന്റെ ഫൈനൽ കാണില്ല. ഫൈനലിസ്റ്റുകളെ പ്രവചിച്ച് മിച്ചൽ മാർഷ്

ഒരുപാട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യൻ മണ്ണിലേക്ക് മറ്റൊരു ഏകദിന ലോകകപ്പ് കൂടി എത്തുന്നത്. പലപ്പോഴും ഇന്ത്യൻ മണ്ണിൽ നടന്ന ടൂർണമെന്റുകളൊക്കെയും വലിയ വിജയമായി മാറിയിട്ടുണ്ട്. 2023 ഏകദിന ലോകകപ്പും ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഏകദിന ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ലോകകപ്പ് വിജയികളെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരങ്ങളൊക്കെയും. പലരും ഇന്ത്യ, ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ഓസ്ട്രേലിയ എന്നീ താരങ്ങൾ ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം പിടിക്കുമെന്നാണ് പറയുന്നത്.

ഇന്ത്യൻ മണ്ണിൽ നടക്കുന്ന ലോകകപ്പ് ആയതിനാൽ തന്നെ ഇന്ത്യൻ ടീമിന് കുറച്ചധികം മുൻതൂക്കം ലഭിക്കും എന്നാണ് പലരുടെയും വിലയിരുത്തൽ. അതിനാൽ തന്നെ ഇന്ത്യ ലോകകപ്പിന്റെ ഫൈനലിൽ കളിക്കുമെന്ന് പല മുൻ താരങ്ങളും കരുതുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രവചനമാണ് ഓസ്ട്രേലിയൻ താരം മിച്ചാൽ മാർഷ് ഇപ്പോൾ നടത്തിയിരിക്കുന്നത്. 2023 ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് മാർഷ് ഇപ്പോൾ. ഇന്ത്യൻ ടീമും ഇംഗ്ലണ്ട് ടീമും ഫൈനൽ മത്സരത്തിൽ ഉണ്ടാവില്ല എന്നാണ് മിച്ചൽ മാർഷ് സൂചിപ്പിക്കുന്നത്. ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിൽ 2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ നടക്കുമെന്ന് മാർഷ് പറയുന്നു.

2023 ഏകദിന ലോകകപ്പിൽ കിരീട സാന്നിധ്യമുള്ള ടീം തന്നെയാണ് ഓസ്ട്രേലിയ എന്ന കാര്യത്തിൽ സംശയമില്ല. വളരെ ശക്തമായ നിരയെ തന്നെയാണ് ഓസ്ട്രേലിയ ലോകകപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കമ്മിൻസ് നയിക്കുന്ന ഓസ്ട്രേലിയൻ ടീമിൽ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, മാക്സ്വെൽ, ഹെഡ്, മാർഷ്, ഗ്രീൻ എന്നീ വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്.

പ്രധാനമായും കൂടുതൽ ഓൾറൗണ്ടർമാരെ വിന്യസിച്ചാണ് ഓസ്ട്രേലിയ തങ്ങളുടെ സ്ക്വാഡ് കെട്ടിപ്പടുത്തിരിക്കുന്നത്. മാത്രമല്ല ഇന്ത്യൻ മണ്ണിൽ കളിച്ച് വളരെ പരിചയസമ്പന്നരായ താരങ്ങളെ ഓസ്ട്രേലിയ പ്രത്യേകം സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ലോകകപ്പ് സ്വന്തമാക്കാനുള്ള ഓസ്ട്രേലിയയുടെ മറ്റൊരു ലക്ഷ്യത്തിന്റെ ഭാഗമാണ്.

ഓസ്ട്രേലിയൻ ടീമിൽ അണിനിരക്കുന്ന പല താരങ്ങളും മുൻപ് ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാനായി ഇന്ത്യൻ മണ്ണിൽ എത്തിയിട്ടുള്ളവരാണ്. അതിനാൽ തന്നെ ഇന്ത്യയിലെ സാഹചര്യങ്ങൾ വ്യക്തമായും എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ ഓസ്ട്രേലിയയെ ഒരു കാരണവശാലും തള്ളിക്കളയാൻ സാധിക്കില്ല. മറുവശത്ത് ഇന്ത്യയും അതിശക്തമായ ഒരു ടീമിനെ തന്നെ മൈതാനത്ത് ഇറക്കാനാണ് ശ്രമിക്കുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ, ഇഷാൻ കിഷാൻ തുടങ്ങിയവർ അണിനിരക്കുന്ന വമ്പൻ നിരയാണ് ഇന്ത്യക്കായി ലോകകപ്പിൽ ഒരുങ്ങിയിരിക്കുന്നത്.