മുംബൈ ഇന്ത്യൻസിൽ നിന്നും ഗുജറാത്ത് ടൈറ്റൻസിലേക്ക് ഇത്തവണ ചേക്കേറിയ ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യക്ക് അഗ്നിപരീക്ഷ. ഗുജറാത്തിൻ്റെ ക്യാപ്റ്റൻ കൂടിയാണ് താരം. എന്നാൽ കുറേക്കാലം പരിക്കിനെ പിടിയിലായ താരം ഫിറ്റ്നസ് തെളിയിക്കുവാൻ വേണ്ടി ബാംഗ്ലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്തിയിരിക്കുകയാണ് ഗുജറാത്ത് ക്യാപ്റ്റൻ. സെലക്ടർമാരും എൻസിഎയും നേരത്തെ താരത്തോട് ഫിറ്റ്നസ് തെളിയിക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആദ്യം അത് അവഗണിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ സീസൺ പടിവാതിൽക്കൽ നിൽക്കെ ഫിറ്റ്നസ് തെളിയിക്കാൻ വേണ്ടി എൻ സി എ യിൽ എത്തിയിരിക്കുകയാണ് ഹാര്‍ദ്ദിക്ക്
അവിടെ വെച്ച് വരും ദിവസങ്ങളിൽ നടക്കുന്ന ഫിറ്റ്നസ് ടെസ്റ്റിൽ താരത്തിന് വിജയിച്ചേ തീരൂ. ഈ ടെസ്റ്റ് പരാജയപ്പെടുകയാണെങ്കിൽ ഹർദ്ദിക്കിന് ഈ സീസൺ നഷ്ടമാകും. അതുകൊണ്ടുതന്നെ താരത്തിൻ്റെ പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസും ആരാധകരും നെഞ്ചിടിപ്പോടെയാണ് കാത്തിരിക്കുന്നത്. ഇവരെല്ലാവരും ഈ കടമ്പ മറികടന്ന് ഹർദിക് ഈ സീസണിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. പക്ഷേ മറിച്ചു സംഭവിച്ചുകഴിഞ്ഞാൽ പുതിയൊരു നായകനെ ഗുജറാത്തിന് തിരഞ്ഞെടുക്കേണ്ടി വരും.
ഫിറ്റ്നസ് തെളിയിക്കുന്നതിൻ്റെ ഭാഗമായി 10 ഓവറുകൾ താരം എറിയേണ്ടിവരും. വി വി എസ് ലക്ഷ്മണും ഫിസിയോകളും ആയിരിക്കും താരത്തിൻ്റെ അന്തിമ തീരുമാനമെടുക്കുന്നത്. യോ-യോ ടെസ്റ്റും താരത്തിന് വിജയിക്കേണ്ടത് ഉണ്ട്.
ഐപിഎല്ലിന് മുമ്പ് ബിസിസിഐയുടെ മുഖ്യകരാറിൽ ഉൾപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഇത് നിർബന്ധമാണ്.
യോ-യോ ടെസ്റ്റിൽ 16.5 മുകളിൽ ഹർദ്ദിക് നേടേണ്ടതുണ്ട്. ഇതെല്ലാം വിജയിച്ചാൽ മാത്രമേ താരത്തിന് ഇത്തവണത്തെ ഐപിഎല്ലിന് കളിക്കാൻ സാധിക്കുകയുള്ളൂ. ഹർദിക് ഈ കടമ്പകളെല്ലാം കടക്കും എന്ന പ്രതീക്ഷയിലാണ് കായികലോകം. യുഎഇ യിൽ വച്ച് നടന്ന ടി20 ലോകകപ്പിൽ ആയിരുന്നു താരം ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി കളിച്ചത്. പിന്നീട് നടന്ന എല്ലാ പരമ്പരകളും താരത്തിന് നഷ്ടമായിരുന്നു.