നിതീഷ് ഗാംഗുലിയെ പോലെ ഒരു ബൗളർ മാത്രം. അവര്‍ എവിടെ ? വിമർശനവുമായി ഹർഭജൻ.

ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫി നാളെ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിൽ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ സെലക്ഷനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഓസ്ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ നിന്ന് ഇന്ത്യ തങ്ങളുടെ സൂപ്പർ ഓൾ റൗണ്ടർമാരായ ഹർദിക് പാണ്ട്യയെയും ശർദുൽ താക്കൂറിനെയും മാറ്റി നിർത്തിയതിനെയാണ് ഹർഭജൻ ചോദ്യം ചെയ്യുന്നത്.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡി അരങ്ങേറ്റം കുറയ്ക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ ഹർദിക്കിന്റെയും ശർദുലിന്റെയും നഷ്ടം ഇന്ത്യയെ പരമ്പരയിൽ ബാധിക്കുമെന്നാണ് ഹർഭജൻ സിംഗ് കരുതുന്നത്.

കേവലം 23 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് നിതീഷ് കുമാർ ഇതുവരെ കളിച്ചിട്ടുള്ളത്. ഇതിന് ശേഷം നിതീഷിനെ ബോർഡർ- ഗവാസ്കർ ട്രോഫി പോലെ ഒരു വലിയ പരമ്പരയിലേക്ക് ഉൾപ്പെടുത്തിയത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നിരുന്നാലും പരിശീലന മത്സരങ്ങളിൽ സെലക്ടർമാരെയും സപ്പോർട്ടിംഗ് സ്റ്റാഫുകളെയുമൊക്കെ ത്രസിപ്പിക്കാൻ നിതീഷ് കുമാർ റെഡ്ഡിക്ക് സാധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് താരത്തെ ടീമിലേക്ക് ഉൾപ്പെടുത്തിയത്. പക്ഷേ ഇന്ത്യയുടെ ഈ തന്ത്രം ഒരിക്കലും ഗുണം ചെയ്യില്ല എന്നാണ് ഹർഭജൻ സിംഗ് കരുതുന്നത്. കഴിഞ്ഞ 2-3 വർഷങ്ങളായി ഇന്ത്യ ശർദൂലിനെ ഉയർത്തിക്കൊണ്ടു വരികയായിരുന്നുവെന്നും, ഇപ്പോൾ അവൻ എവിടെയാണെന്ന് പോലും അറിയില്ലന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

“ഇത്തരം പരമ്പരകളിൽ നമുക്കാവശ്യം ഹർദിക് പാണ്ട്യയെ പോലെയുള്ള ഓൾറൗണ്ടർമാരെയാണ്. പക്ഷേ ഇപ്പോൾ നമുക്ക് അങ്ങനെ ഒരു ഓപ്ഷൻ പോലുമില്ല. ഇപ്പോൾ ഇന്ത്യ നിതീഷ് കുമാറിനെ കളിപ്പിക്കാൻ തയ്യാറാവുകയാണ്. ശർദുൽ താക്കൂർ എങ്ങോട്ടാണ് പോയത്? ഹർദിക് പാണ്ഡ്യ എങ്ങോട്ടാണ് പോയത്? ഇവരെയൊക്കെയും കേവലം നിശ്ചിത ഓവർ ഫോർമാറ്റുകളിലേക്ക് മാത്രമായി ഇന്ത്യ പരിഗണിക്കുകയാണോ? ടെസ്റ്റ് പരമ്പരയിൽ നമുക്കാവശ്യം ഹർദിക്കിനെ പോലെ ഒരു താരത്തെയാണ്. കഴിഞ്ഞ 2-3 വർഷങ്ങളിലായി ശർദുൽ താക്കൂറിനെ നമ്മൾ ഉയർത്തിക്കൊണ്ടു വരുന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അവൻ എവിടെയാണ്? ഈ സമയത്ത് നമ്മൾ നിതീഷ് കുമാറിനോട് ബോൾ ചെയ്യാൻ ആവശ്യപ്പെടുകയാണ്.”- ഹർഭജൻ സിംഗ് പറയുന്നു.

2018ലായിരുന്നു ഹർദിക് പാണ്ഡ്യ ഇന്ത്യക്കായി അവസാന ടെസ്റ്റ് മത്സരം കളിച്ചത്. എന്നാൽ ഇന്ത്യയുടെ അവസാന ഓസ്ട്രേലിയൻ പര്യടനത്തിൽ ശർദൂൽ ടീമിന്റെ ഭാഗമായിരുന്നു. പക്ഷേ ഇത്തവണ ശർദൂലിനെ സെലക്ടർമാർ ഒഴിവാക്കി.  നിതീഷ് കുമാറിന് ഇന്ത്യൻ ടീമിൽ സൗരവ് ഗാംഗുലിയുടെ റോളിൽ മാത്രമേ കളിക്കാൻ സാധിക്കൂ എന്ന് ഹർഭജൻ പറയുന്നു.

“സൗരവ് ഗാംഗുലിയ പോലെ കേവലം കുറച്ച് ഓവറുകൾ പന്തറിയാൻ മാത്രമാണ് അവന് സാധിക്കുന്നത്. ഒന്നോ രണ്ടോ വിക്കറ്റുകൾ അവന് ലഭിച്ചാൽ അത് ഇന്ത്യയ്ക്ക് ഒരു ബോണസ് ആയിരിക്കും.”- ഹർഭജൻ സിംഗ് കൂട്ടിച്ചേർത്തു.

Previous articleരാഹുൽ ജയ്സ്വളിനൊപ്പം ഓപ്പൺ ചെയ്യണം. മൂന്നാം നമ്പറിൽ പഠിക്കൽ, ആറാമനായി ധ്രുവ് ജൂറൽ. ജാഫറിന്റെ നിർദ്ദേശം
Next article“സഞ്ജുവിന്റെ പിതാവ് മാപ്പ് പറയണം, കോഹ്ലിയും രോഹിതുമൊക്കെ ഇതിഹാസ താരങ്ങൾ”, മുൻ ഓസീസ് താരം രംഗത്ത്.