കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ഇതാദ്യമായാണ് ഇന്ത്യൻ ടീമിന് ഒരു മാസത്തോളം ഇടവേള ലഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയം ഏറ്റുവാങ്ങിയതിനു ശേഷമാണ് ഇന്ത്യയ്ക്ക് ഇടവേള ലഭിച്ചത്. അടുത്ത ഇന്ത്യയുടെ പര്യടനം ആരംഭിക്കുന്നത് ജൂലൈ 12ന് വിൻഡിസിലാണ്. വിൻഡീസിൽ ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20കളുമാണ് കളിക്കുന്നത്. ട്വന്റി20 സീരീസ് ഓഗസ്റ്റ് മൂന്നിന് തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ടീമിനായി പുതിയൊരു സ്ക്വാഡ് നിർദ്ദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.
ഹർഭജൻ സിംഗിംന്റെ സ്ക്വാഡിലെ പ്രധാനമായിട്ടുള്ള കാര്യം വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും ട്വന്റി20 സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ്. ഹർദിക് പാണ്ട്യയാണ് ഹർഭജന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ടീമിനെ പരമ്പരയിൽ നയിക്കുക. മാത്രമല്ല പാണ്ട്യയ്ക്ക് പിന്നാലെ 6 അൺക്യാപ്പ്ഡ് കളിക്കാരെ കൂടി ഹർഭജൻ ഇന്ത്യയുടെ ടീമിൽ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അവസാന സീസണിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച കളിക്കാരെയാണ് ഹർഭജൻ വിൻഡീസിനെതിരായ ട്വന്റി20 സ്ക്വാഡിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
റിങ്കു സിംഗ്, തിലകു വർമ്മ, ആകാശ് മദ്വാൾ, ജിതേഷ് ശർമ, യശസ്വി ജയസ്‌വാൾ എന്നിവരാണ് ഹർഭജൻ സിങ്ങിന്റെ ടീമിലെ പുതിയ താരങ്ങൾ. തന്റെ ടീമിൽ ഹർഭജൻ നാല് ഓപ്പണർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗിൽ, ജയസ്‌വാൾ, റുതുരാജ്, ഇഷാൻ കിഷൻ എന്നീ ഓപ്പണർമാരെയാണ് ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് ഹർഭജൻ നിർദ്ദേശിക്കുന്നത്. ഇതോടൊപ്പം അൺക്യാപ്ഡ് കളിക്കാരനായ ഹർഷിദ് റാണയെയും ഹർഭജൻ തന്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവർക്കൊപ്പം സൂര്യകുമാർ യാദവ്, അക്ഷർ പട്ടേൽ, രവി ബിഷണോയി, യുസ്വേന്ദ്ര ചഹൽ, അർഷദ്വീപ് സിംഗ് എന്നിവരെയും ഹർഭജൻ അടുത്ത ട്വന്റി20 പരമ്പരക്കുള്ള ടീമിലേക്ക് നിർദ്ദേശിക്കുന്നു. എന്തായാലും ഇത്തരമൊരു ടീം കെട്ടിപ്പടുക്കുകയാണെങ്കിൽ യുവതാരങ്ങളെ മുൻപിലേക്ക് വച്ച് ഇന്ത്യയ്ക്ക് ഇനിയും മുന്നോട്ടു പോകാൻ സാധിക്കും. 2024ൽ ട്വന്റി 20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ യുവതാരങ്ങളെ മുൻപിലേക്ക് കൊണ്ടുവരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് ആവശ്യമാണ്.
Shubman Gill, Yashasvi Jaiswal, Ruturaj Gaikwad, Ishan Kishan, Suryakumar Yadav, RInku Singh, Tilak Varma, Hardik Pandya (C), Axar Patel, Jitesh Sharma, Ravi Bishnoi, Yuzvendra Chahal, Arshdeep Singh, Harshit Rana, Akash Madhwal