ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വച്ചാണ് ഇത്തവണത്തെ 20-20 ലോകകപ്പ് അരങ്ങേറുന്നത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. ഇപ്പോഴിതാ ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇന്ത്യൻ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്.
പരിക്കു മൂലം ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ പേസർമാരായ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും ഉണ്ടായിരുന്നില്ല. അതിന്റെ കുറവ് ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ രണ്ടു മത്സരങ്ങളിൽ ഇന്ത്യ നന്നായി അനുഭവിക്കുകയും ഫൈനൽ കാണാതെ പുറത്താവുകയും ചെയ്തു. ഇപ്പോഴിതാ ഇത് താരങ്ങളും ഫിറ്റ്നസ് ടെസ്റ്റ് പാസായി എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഇരുവരുടെയും കായിക ക്ഷമത പരിശോധന നടത്തിയത്. ഇരു താരങ്ങളുടെയും കായിക ക്ഷമതയിൽ ബിസിസിഐ മെഡിക്കൽ സംഘം തൃപ്തരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. അതുകൊണ്ടുതന്നെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും ലോകകപ്പിന് മുമ്പായി നടക്കുന്ന ഓസ്ട്രേലിയൻ പരമ്പരയിലും ഇരു താരങ്ങളും സ്ഥാനം നേടിയിരിക്കും.
ഏഷ്യാകപ്പിൽ ഇന്ത്യ അനുഭവിച്ച ഏറ്റവും വലിയ പ്രശ്നമായിരുന്നു ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തറിയാൻ ആൾ ഇല്ലാതെ പോയത്. ഭുവനേശ്വർ കുമാർ നിറം മങ്ങിയതോടെ ബുംറയുടെ കുറവ് നന്നായി മനസ്സിലാക്കാൻ ഇന്ത്യൻ ടീമിനെ സാധിച്ചു. അതുകൊണ്ടുതന്നെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകൾ ആയ ഹർഷൽ പട്ടേലും ബുംറയും കായിക ക്ഷമത തെളിയിച്ചത് ഇന്ത്യൻ ടീമിന് എന്തുതന്നെയായാലും സന്തോഷ വാർത്തയാണ്.