2023 ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വളരെ പ്രതീക്ഷയോടെ തന്നെയായിരുന്നു രാജസ്ഥാൻ റോയൽസ് എത്തിയത്. എന്നാൽ ടൂർണമെന്റിന്റെ പ്ലേയോഫിൽ പോലുമെത്താൻ രാജസ്ഥാന് സാധിച്ചില്ല. ഇന്ത്യൻ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും ചാഹലുമായിരുന്നു രാജസ്ഥാന്റെ ബോളിങ്ങിലെ അസ്ത്രങ്ങൾ. എന്നാൽ ചാഹലിന് ടൂർണമെന്റിൽ വേണ്ടരീതിയിൽ തിളങ്ങാൻ സാധിക്കാതെ വന്നത് രാജസ്ഥാനെ ബാധിച്ചിരുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി മാറിയപ്പോഴും ടീമിനായി നേട്ടമുണ്ടാക്കാൻ സാധിക്കാതെ വന്നത് തന്നെ സങ്കടപ്പെടുത്തുന്നു എന്നാണ് ചാഹൽ ഇപ്പോൾ പറയുന്നത്. താൻ മൂലം തന്റെ ടീമിന് പ്രയോജനമുണ്ടാകാതെ വന്നതിൽ അതിയായ നിരാശയുണ്ടെന്ന് ചാഹൽ കൂട്ടിചേർക്കുന്നു.
“ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി മാറാൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നുണ്ട്. എന്റെ സ്വപ്നം സാക്ഷാത്കരിച്ച നിമിഷം തന്നെയായിരുന്നു അത്. എന്റെ വ്യക്തിപരമായ നേട്ടത്തിൽ ഞാൻ സന്തോഷിക്കുമ്പോഴും ഒരുപാട് നിരാശ മനസ്സിലുണ്ട്. കാരണം ആ നേട്ടങ്ങൾ കൊണ്ട് ടീമിന് പ്രയോജനമുണ്ടാക്കാൻ എനിക്ക് സാധിച്ചില്ല. ക്രിക്കറ്റിന്റെ ഭാഗമായി വരുന്നതാണ് ഇതൊക്കെയും എന്നെനിക്കറിയാം. രാജസ്ഥാൻ 2022ൽ ഫൈനലിലേത്തിയിരുന്നു. പക്ഷേ ഇത്തവണ പ്ലേയോഫിൽ യോഗ്യത നേടാൻ പോലും രാജസ്ഥാന് സാധിച്ചില്ല. ക്രിക്കറ്റിൽ ഇത്തരം സംഭവങ്ങൾ സർവ്വസാധാരണമാണ്. പക്ഷേ മികച്ച ടീമാണ് രാജസ്ഥാനെന്ന് തന്നെയാണ് ഞാൻ ഇപ്പോഴും കരുതുന്നത്. ഈ സീസണിൽ രാജസ്ഥാൻ വരുത്തിയ പിഴവുകളൊക്കെ അടുത്ത സീസണിൽ മറികടക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.”- ചാഹൽ പറഞ്ഞു.
ഇതോടൊപ്പം ടൂർണമെന്റിലെ ജയസ്വാളിന്റെ മിന്നും പ്രകടനത്തെപ്പറ്റിയും ചാഹൽ പറയുകയുണ്ടായി. “ജയസ്വാൾ എല്ലാത്തരത്തിലും മികച്ച പ്രതിഭ തന്നെയാണ്. നേരത്തെ എനിക്ക് അവനെ അറിയാമായിരുന്നു. പക്ഷേ രാജസ്ഥാൻ ടീമിലെത്തിയപ്പോഴാണ് ഒരുമിച്ച് അവനൊപ്പം കളിക്കാൻ അവസരം ലഭിച്ചത്. അവന് ഒരുപാട് കഴിവുകളുണ്ട്. മാത്രമല്ല കഠിനാധ്വാനിയുമാണ്. ജയസ്വാളിനൊപ്പം റിങ്കു സിംഗ്, തിലക് വർമ്മ, ധ്രുവ് ജൂറൽ എന്നിവരും നല്ല കളിക്കാർ തന്നെയാണ്. ജയസ്വാൾ 21 വയസ്സിൽ വളരെ ആത്മാർത്ഥതയോടെ തന്നെ കളിക്കുന്നുണ്ട്. പല ലോകോത്തര ബോളർമാർക്കെതിരെയും അനായാസം റൺസ് കണ്ടെത്താൻ അവന് ഈ സീസണിൽ സാധിച്ചു.”- ചാഹൽ കൂട്ടിച്ചേർക്കുന്നു.
ഇതിനൊപ്പം ചെന്നൈ സൂപ്പർ കിംഗ്സ് 2023ൽ ഐപിഎല്ലിൽ കിരീടം ചൂടിയത്തിൽ തനിക്ക് സന്തോഷമുണ്ടെന്നും ചാഹൽ പറയുകയുണ്ടായി. ധോണി എന്ന ഇതിഹാസം ഇത്തവണ ആ കിരീടം അർഹിച്ചിരുന്നു എന്നാണ് ചഹൽ പറയുന്നത്. ഒരുപക്ഷേ ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയിരുന്നെങ്കിലും താൻ വളരെയധികം സന്തോഷിച്ചേനെ എന്ന് ചഹൽ കൂട്ടിച്ചേർക്കുന്നു. ധോണി കിരീടം ചൂടുന്നത് രാജ്യമൊട്ടാകെ കണ്ട സ്വപ്നമാണെന്നും ചാഹൽ പറഞ്ഞുവച്ചു.