അന്ന് ധോണിയ്ക്ക് ഉപദേശങ്ങൾ നൽകിയത് ഞാനായിരുന്നു. ബോൾ ഔട്ട്‌ സമയത്തെക്കുറിച്ച് സേവാഗിന്റെ വെളിപ്പെടുത്തൽ.

Ind vs pak e1600069559544 scaled

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു 2007 ട്വന്റി20 ലോകകപ്പിലെ ബോൾ ഔട്ട്. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനായിരുന്നു എതിരാളികൾ. മത്സരത്തിൽ ഇരു ടീമുകളും ഒരേ സ്കോറിൽ തന്നെ ഫിനിഷ് ചെയ്തതിനാൽ അന്നത്തെ നിയമപ്രകാരം ബോൾ ഔട്ട് നിശ്ചയിക്കുകയായിരുന്നു. ഇരു ടീമുകളും 5 പന്തുകൾ വീതം സ്റ്റമ്പ് ലക്ഷ്യമാക്കിയെറിയും. ഇതിലേറ്റവുമധികം പന്തുകൾ സ്റ്റമ്പിൽ കൊള്ളിക്കുന്ന ടീമായിരുന്നു വിജയി. മത്സരത്തിൽ ഇന്ത്യ ആവേശകരമായി വിജയം സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയ്ക്കായി വീരേന്ദർ സേവാഗ്, റോബിൻ ഉത്തപ്പ, ഹർഭജൻ സിംഗ് എന്നിവരായിരുന്നു ബോൾ ഔട്ടിൽ പന്തറിഞ്ഞത്.

അന്ന് ബോൾ ഔട്ടിൽ ഇന്ത്യ വിജയിച്ചതിന് തൊട്ടുപിന്നാലെ മഹേന്ദ്ര സിംഗ് ധോണിക്ക് ഒരുപാട് പ്രശംസകളായിരുന്നു എത്തിയത്. ധോണിയുടെ പല തന്ത്രങ്ങളും അന്ന് ഫലം കണ്ടു. എന്നാൽ ആ ബോൾ ഔട്ടിൽ ധോണിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയത് താനായിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. അന്ന് ബോൾ ഔട്ടിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യം എറിഞ്ഞത് സേവാഗായിരുന്നു. ഉന്നം തെല്ലിട പിഴയ്ക്കാതെ സേവാഗ് പന്ത് സ്റ്റമ്പിൽ കൊള്ളിക്കുകയുണ്ടായി. സേവാഗിന് ശേഷമാണ് ഹർഭജൻ സിങ്ങും റോബിൻ ഉത്തപ്പയും പന്തറിഞ്ഞത്. മൂവരും സ്റ്റമ്പിൽ കൃത്യമായി കൊള്ളിച്ചപ്പോൾ പാക്കിസ്ഥാൻ താരങ്ങൾ പരാജയപ്പെടുകയായിരുന്നു. ഈ സമയത്ത് താൻ നൽകിയ നിർദ്ദേശങ്ങൾ ഇന്ത്യയ്ക്ക് ഗുണം ചെയ്തു എന്നാണ് സേവാഗ് കരുതുന്നത്.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

ബോൾ ഔട്ടിന്റെ തുടക്കത്തിൽ താൻ സ്വയം പന്തറിയാൻ തീരുമാനിക്കുകയായിരുന്നു എന്ന് സേവാഗ് പറഞ്ഞു. മാത്രമല്ല തനിക്ക് പന്ത് കൃത്യമായി സ്റ്റമ്പിൽ കൊള്ളിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നതായും സേവാഗ് പറയുകയുണ്ടായി. മാത്രമല്ല ധോണിക്ക് വളരെ നിർണായകമായ ഒരു നിർദ്ദേശവും സേവാഗ് അന്ന് നൽകിയിരുന്നു. ഇന്ത്യയുടെ ബോളർമാർക്ക് പന്ത് കൊടുക്കരുത് എന്നായിരുന്നു സേവാഗിന്റെ നിർദ്ദേശം. ഇത്രയും കാര്യങ്ങളാണ് സേവാഗ് തന്റെ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

എന്തായാലും മഹേന്ദ്ര സിംഗ് ധോണി എന്ന അവിസ്മരണീയ ക്യാപ്റ്റന്റെ ഉദയം തന്നെയായിരുന്നു 2007 ട്വന്റി20 ലോകകപ്പിലെ ഈ മത്സരം. വലിയ പ്രതീക്ഷയില്ലാതെ തന്നെയായിരുന്നു ധോണി യുവതാരങ്ങളെ അണിനിരത്തി 2007 ട്വന്റി20 ലോകകപ്പിന് തിരിച്ചത്. എന്നാൽ ആദ്യ മത്സരത്തിൽ പാകിസ്താനെ ഇത്ര ആവേശകരമായ രീതിയിൽ പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ വർദ്ധിച്ചു. ഒപ്പം അവസാന മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം ഉയർത്തുകയും ചെയ്തു.

Scroll to Top