ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം എഡിഷനിലെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. ശക്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ചു വിക്കറ്റുകൾക്കാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. ഗുജറാത്തിനായി ശുഭമാൻ ഗിൽ ബാറ്റിംഗിൽ തിളങ്ങിയപ്പോൾ, മുഹമ്മദ് ഷാമിയും റാഷിദ് ഖാനും അൽസാരി ജോസഫും ബോളിങ്ങിൽ കൊടുങ്കാറ്റായി മാറുകയായിരുന്നു. ഈ വിജയത്തോടെ 2023ലെ സീസണിലേക്ക് ഉഗ്രൻ തുടക്കം തന്നെയാണ് ഗുജറാത്തിന് ലഭിച്ചിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെ ഗുജറാത്തിന് നൽകാൻ മുഹമ്മദ് ഷാമിക്ക് സാധിച്ചു. ആദ്യം തന്നെ ചെന്നൈയുടെ അപകടകാരിയായ ഓപ്പണർ കോൺവയെ(1) മുഹമ്മദ് ഷാമി കൂടാരം കയറ്റി. എന്നാൽ ഒരുവശത്ത് ഋതുരാജ് ക്രീസിൽ ഉറയ്ക്കുന്നതായിരുന്നു കണ്ടത്. മറുവശത്ത് വിക്കറ്റുകൾ തുരുതുരെ നഷ്ടമായപ്പോഴും ഋതുരാജ് വെടിക്കെട്ട് തീർത്തു. ഇന്നിംഗ്സിൽ 50 പന്തുകൾ നേരിട്ട ഋതുരാജ് നാലു ബൗണ്ടറികളുടെയും ഒൻപത് സിക്സറുകളുടെയും അകമ്പടിയോടെ 92 റൺസാണ് നേടിയത്. മൊയീൻ അലി 17 പന്തുകളിൽ 23 റൺസ് നേടി. ഇരുവരുടെയും ബാറ്റിംഗ് മികവിൽ നിശ്ചിത 20 ഓവറുകളിൽ 178 റൺസാണ് ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത്.
ബാറ്റിംഗിനെ വളരെയധികം അനുകൂലിക്കുന്ന പിച്ചിൽ 178 എന്നത് ഒരു വമ്പൻ സ്കോർ ആയിരുന്നില്ല. ഇത് തുറന്നുകാട്ടുന്നു തുടക്കം തന്നെയാണ് ഗുജറാത്ത് ടീമിന് ഓപ്പണർമാർ നൽകിയത്. ആദ്യ ഓവറുകളിൽ തന്നെ ചെന്നൈയുടെ പേസ് ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ ഗുജറാത്തിന് സാധിച്ചു. ശുഭമാൻ ഗിൽ ഗുജറാത്തിനായി ക്രീസിലുറച്ചപ്പോൾ സാഹ(25) അടിച്ചു തകർത്തു. ശുഭമാൻ ഗിൽ 36 പന്തുകളിൽ 63 റൺസാണ് മത്സരത്തിൽ നേടിയത്. ഇന്നിംഗ്സിൽ ആറു ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു.
വിജയ് ശങ്കറിനെയും ഹാർദിക്ക് പാണ്ഡ്യയെയും പുറത്താക്കി ചെന്നൈ വിജയപ്രതീക്ഷ സമ്മാനിച്ചുവെങ്കിലും 11 റൺസ് നേടിയ റാഷിദ് ഖാൻ്റെയും 15 റൺസ് നേടിയ രാഹുൽ തെവാട്ടിയയുടെയും മികവിൽ ടൈറ്റൻസ് വിജയം കുറിക്കുകയായിരുന്നു. മത്സരത്തിൽ 5 വിക്കറ്റുകൾക്കായിരുന്നു ഗുജറാത്തിന്റെ വിജയം.
ഗുജറാത്തിനെ സംബന്ധിച്ച് വളരെ ആശ്വാസകരമായ ഒരു വിജയം തന്നെയാണ് ആദ്യ മത്സരത്തിൽ നേടിയിരിക്കുന്നത്. ഡേവിഡ് മില്ലറുടെ അഭാവത്തിൽ കളത്തിലിറങ്ങിയ ഗുജറാത്ത് ചെന്നൈയ്ക്ക് മേൽ കൃത്യമായ ആധിപത്യം നേടുകയുണ്ടായി. മറുവശത്ത് ചെന്നൈയെ സംബന്ധിച്ച് പേസ് ബോളിംഗിൽ ഒരുപാട് പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു. എന്തായാലും അടുത്ത മത്സരത്തിൽ ചെന്നൈ മികച്ച രീതിയിൽ തിരിച്ചുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.