ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുമ്പ് ബാറ്റിംഗിൽ കസറി ഷാമി. വിജയ് ഹസാരയിൽ വെടിക്കെട്ട്‌ ബാറ്റിംഗ്

2025 ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപ് ഇന്ത്യൻ ടീമിന് ശക്തമായ സൂചന നൽകി മുഹമ്മദ് ഷാമി. പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ ഒന്നുംതന്നെ ഇന്ത്യൻ ടീമിൽ കളിക്കാൻ മുഹമ്മദ് ഷാമിയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ആയ വിജയ് ഹസാരെ ട്രോഫിയിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേപോലെ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുത്താണ് മുഹമ്മദ് ഷാമി ശ്രദ്ധ നേടിയിരിക്കുന്നത്.

2023 നവംബറിലായിരുന്നു ഇന്ത്യയ്ക്കായി അവസാനമായി ഷാമി കളിച്ചത്. ശേഷം നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലായിരുന്നു ഷാമി. ഒരുപാട് കഠിനപ്രയത്നത്തിന് ശേഷമാണ് ഷാമി ഇപ്പോൾ ഫോമിലേക്ക് തിരികെ എത്തിയിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ ഷാമി തന്റെ ഫോം വെളിപ്പെടുത്തുന്ന പ്രകടനമാണ് ഇപ്പോൾ കാഴ്ച വെച്ചിരിക്കുന്നത്.

ബംഗാളിന്റെ മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് മുഹമ്മദ് ഷാമി ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ 34 പന്തുകളിൽ നിന്ന് 42 റൺസാണ് ഷാമി സ്വന്തമാക്കിയത്. 123.53 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു മുഹമ്മദ് ഷാമി ബംഗാളിനായി വെടിക്കെട്ട് കാഴ്ചവച്ചത്. 5 ബൗണ്ടറികളും ഒരു സിക്സറും ഈ പേസറുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗാളിനെ 269 എന്ന ശക്തമായ സ്കോറിൽ എത്തിക്കാൻ മുഹമ്മദ് ഷാമിയുടെ ഈ സംഭാവനയ്ക്ക് സാധിച്ചു. മാത്രമല്ല മത്സരത്തിൽ ബോളിങ്ങിലും ഭേദപ്പെട്ട പ്രകടനം തന്നെയാണ് ഷാമി കാഴ്ചവച്ചത്.

8 ഓവറുകൾ മത്സരത്തിൽ പന്തെറിഞ്ഞ മുഹമ്മദ് ഷാമി 40 റൺസ് മാത്രം വിട്ടുനൽകി മധ്യപ്രദേശിന്റെ ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെയാണ് മുഹമ്മദ് ഷാമി വിക്കറ്റ് സ്വന്തമാക്കിയത്. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുമ്പായി ഷാമി ബോളിങ്ങിലും ബാറ്റിങ്ങിലും പുലർത്തുന്ന ഈ മികവ് ഇന്ത്യയ്ക്ക് മികച്ച സൂചന തന്നെയാണ് നൽകുന്നത്. നിലവിൽ ബിസിസിഐയും സെലക്ടർമാരും മുഹമ്മദ് ഷാമിയുടെ തിരിച്ചുവരവിൽ വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്. സിഡ്‌നി ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ സൂപ്പർ പേസറായ ബുമ്രയ്ക്ക് പരിക്കേറ്റിരുന്നു.

അതിനാൽ തന്നെ അല്പം ആശങ്ക ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന് മുൻപിൽ നിലനിൽപ്പുണ്ട്. ഈ സാഹചര്യത്തിലാണ് ഷാമിയുടെ ഈ തിരിച്ചുവരവ്. കഴിഞ്ഞ സമയങ്ങളിലും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങളായിരുന്നു മുഹമ്മദ് ഷാമി കാഴ്ചവച്ചത്. എന്നാൽ മറ്റു പല കാരണങ്ങൾ മൂലം മുഹമ്മദ് ഷാമിയെ ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ നിന്ന് മാറ്റിനിർത്തുകയാണ് ഉണ്ടായത്. അല്ലാത്തപക്ഷം ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാൻ സാധിച്ചേനെ എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

Previous articleഇന്ത്യയുടെ തോൽവിയ്ക്ക് കാരണം ആ 2 ബോളർമാരുടെ അഭാവം. മുൻ താരങ്ങൾ പറയുന്നു.