നെതർലൻഡ്സിനെതിരായ മത്സരത്തിൽ ഒരു ചരിത്ര സെഞ്ച്വറിയാണ് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ സ്വന്തമാക്കിയത്. മത്സരത്തിൽ 40 പന്തുകളിൽ നിന്നായിരുന്നു മാക്സ്വൽ തന്റെ സെഞ്ച്വറി നേടിയത്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ നാലാം സെഞ്ച്വറിയാണ് മത്സരത്തിൽ മാക്സ്വെൽ നേടിയത്. മാത്രമല്ല ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന ബഹുമതിയിലും മാക്സ്വെൽ തന്റെ പേര് ചേർത്തിരുന്നു. എന്നാൽ മത്സരത്തിൽ ഒരു വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മാക്സ്വെൽ ഇപ്പോൾ. ഇത്തവണത്തെ ലോകകപ്പിൽ ഇന്നിംഗ്സുകളുടെ മധ്യത്തിൽ ഉണ്ടാവാറുള്ള ലൈറ്റ് ഷോകളെ വിമർശിച്ചാണ് ഓസ്ട്രേലിയയുടെ സൂപ്പർ താരം രംഗത്ത് എത്തിയിരിക്കുന്നത്.
ലോകകപ്പിൽ പല സമയത്തും മൈതാനത്ത് ഇത്തരത്തിൽ ലൈറ്റ് ഷോകൾ ഉണ്ടാവാറുണ്ട്. ഇത് ക്രിക്കറ്റിന് അത്ര നല്ലതല്ല എന്ന് മാക്സ്വെൽ പറയുന്നു. പല ബാറ്റർമാരെയും ഇത്തരം ലൈറ്റ് ഷോകൾ പ്രതികൂലമായി ബാധിക്കാറുണ്ട് എന്നാണ് മാക്സ്വെല്ലിന്റെ അഭിപ്രായം. മത്സരത്തിൽ ഡൽഹി സ്റ്റേഡിയത്തിൽ ലൈറ്റ് ഷോ നടന്ന സമയത്ത് മാക്സ്വെൽ തന്റെ കണ്ണുപൊത്തിയത് ശ്രദ്ധ ആകർഷിച്ചിരുന്നു. ഇതിനെപ്പറ്റിയാണ് മാക്സ്വെൽ സംസാരിച്ചത്. ബിഗ് ബാഷ് ടൂർണമെന്റിൽ ഇത്തരത്തിൽ ലൈറ്റ് ഷോകൾ ഉണ്ടായിരുന്നുവെന്നും അത് തനിക്ക് ഒരുപാട് തലവേദനയുണ്ടാക്കി എന്നുമാണ് മാക്സ്വെൽ പറഞ്ഞത്. ക്രിക്കറ്റിൽ മൈതാനത്തുള്ള താരങ്ങളുടെ ശ്രദ്ധ നഷ്ടപ്പെടാൻ ഇത്തരം അനാവശ്യമായ ഷോകൾ കാരണമാകും എന്ന് മാക്സ്വെൽ പറയുന്നു.
“ബിഗ് ബാഷ് ഗെയിമിനിടെ സ്റ്റേഡിയത്തിൽ ഇത്തരത്തിൽ ലൈറ്റ് ഷോകൾ നടത്തിയിരുന്നു. ആ ലൈറ്റ് ഷോ എനിക്ക് ഷോക്കിങ്ങായ തലവേദനയാണ് നൽകിയത്. ലൈറ്റ് ഷോ കഴിഞ്ഞതിനുശേഷം ഞാൻ തിരികെ മത്സരത്തിലേക്ക് വരാൻ അല്പം സമയമെടുത്തു. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ വളരെ മോശം ആശയമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇത്തരം ലൈറ്റ് ഷോകൾ നമ്മുടെ കണ്ണിലേക്ക് പെട്ടെന്ന് വരുമ്പോൾ നമുക്ക് പിന്നീട് കാഴ്ച അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവുന്നു. അന്ന് സ്റ്റേഡിയത്തിൽ ഞങ്ങൾക്ക് വിക്കറ്റ് നഷ്ടമായ സമയത്താണ് ഇത്തരമൊരു ലൈറ്റ് ഷോ നടന്നത്.”- മാക്സ്വെൽ പറഞ്ഞു.
“അന്ന് ഞാൻ നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കുകയായിരുന്നു. പക്ഷേ ആ ലൈറ്റ് ഷോ എന്റെ കണ്ണിനെ പ്രതികൂലമായി ബാധിച്ചു. മൈതാനത്ത് നിൽക്കുമ്പോൾ തന്നെ തലവേദന എടുക്കുന്നതായി എനിക്ക് തോന്നി. അതിനാൽ തന്നെ ഈ മത്സരത്തിനിടെയും ഇത്തരം ലൈറ്റ് ഷോ ഉണ്ടായപ്പോൾ ഞാൻ കണ്ണ് കവർ ചെയ്ത് പിടിക്കാനാണ് ശ്രമിച്ചത്. എനിക്ക് സാധിക്കുമ്പോഴൊക്കെയും ഞാൻ അത് ഒഴിവാക്കുകയാണ് ചെയ്യുന്നത്. പക്ഷേ അതൊരു വളരെ മോശം ആശയമാണ്.”- മാക്സ്വെൽ കൂട്ടിച്ചേർത്തു.