തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ വിശ്രമം അനുവദിച്ച് ഇന്ത്യ. അവസാന മത്സരത്തിൽ കളിക്കില്ല.

ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ താക്കൂറിനും ശുഭ്മാൻ ഗില്ലിനും വിശ്രമം നൽകി ഇന്ത്യ. രാജ്കോട്ടിൽ നടക്കുന്ന മത്സരത്തിൽ ഇരു താരങ്ങൾക്കും വിശ്രമം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ടീം മാനേജ്മെന്റ്. ഇരുവർക്കും ഇടവേള അത്യാവശ്യമായതിനാലാണ് ഇത്തരമൊരു തീരുമാനം ടീം മാനേജ്മെന്റ് കൈകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ മൂന്നാം മത്സരത്തിനായി രാജ്കോട്ടിലേക്ക് ടീമിനൊപ്പം ഇരുതാരങ്ങളും സഞ്ചരിക്കില്ല. ശേഷം ഇന്ത്യയുടെ ഏകദിന ലോകകപ്പ് ആരംഭിക്കുന്ന ഗുവാഹത്തിയിലാവും ഇരുവരും ടീമിനൊപ്പം ഒത്തുചേരുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയായിരുന്നു ശുഭ്മാൻ ഗിൽ സ്വന്തമാക്കിയത്. ഇതിന് ശേഷമാണ് ടീം മാനേജ്മെന്റ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

പ്രധാനമായും ടീമിലെ അംഗങ്ങളുടെ ജോലിഭാരം ക്രമീകരിക്കുന്നതിനായാണ് ഇത്തരം വിശ്രമങ്ങൾ ടീം അനുവദിക്കുന്നത്. മുൻപ് ഇന്ത്യൻ നായകൻ രോഹിത് ശർമ, സൂപ്പർ താരം വിരാട് കോഹ്ലി എന്നിവരെ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരങ്ങളിൽ നിന്ന് ഇന്ത്യ മാറ്റി നിർത്തിയിരുന്നു. ശേഷം ഇരുവരും മൂന്നാം മത്സരത്തിൽ ഇന്ത്യൻ ടീമിൽ അണിചേരുകയാണ്. ഈ സമയത്താണ് മറ്റ് രണ്ട് താരങ്ങൾക്ക് ഇന്ത്യ വിശ്രമം നൽകിയിരിക്കുന്നത്. ഇതിന് മുൻപ് രണ്ടാം ഏകദിനത്തിൽ ജസ്‌പ്രിത് ബൂമ്രയ്ക്കും ഇന്ത്യ വിശ്രമം നൽകിയിരുന്നു.

“ബുംറ തന്റെ നാട്ടിലേക്ക് എത്തിയിട്ടുണ്ട്. തന്റെ കുടുംബത്തെ സന്ദർശിക്കാൻ ഒരു അവസരം അയാൾക്ക് നൽകി. ടീം മാനേജ്മെന്റാണ് ബുമ്രയ്ക്ക് ഈ ചെറിയ ഇടവേള നൽകിയത്. അതിന് പകരമായി ഫാസ്റ്റ് ബോളർ മുകേഷ് കുമാർ ഇന്ത്യൻ ടീമിനൊപ്പം രണ്ടാം ഏകദിനത്തിൽ പകരക്കാരനായി എത്തിയിട്ടുണ്ട്. രാജ്കോട്ടിൽ നടക്കുന്ന അവസാന ഏകദിന മത്സരത്തിൽ ബൂമ്രാ ടീമിനൊപ്പം ചേരും.”- ബിസിസിഐ മുൻപ് അറിയിച്ചിരുന്നു. ഏകദിന ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ടീം അംഗങ്ങൾക്ക് ഇതുപോലെ വിശ്രമം അനുവദിക്കുന്നത്. പ്രധാനമായും 9 വ്യത്യസ്ത സിറ്റികളിലാണ് ഇത്തവണ ഇന്ത്യയുടെ ഏകദിന ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.

അതിനാൽ തന്നെ വലിയ യാത്രകൾ ഇന്ത്യൻ ടീമിന് ആവശ്യമാണ്. ഈ സാഹചര്യത്തിൽ ലോകകപ്പിന് മുൻപ് ഇന്ത്യൻ താരങ്ങൾക്ക് ജോലിഭാരം വർദ്ധിച്ചാൽ അത് തിരിച്ചടിയാകും എന്ന് മാനേജ്മെന്റ് കരുതുന്നു. എന്തായാലും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് ഒരു പുത്തൻ ഉണർവ് നൽകിയിട്ടുണ്ട്. ആദ്യ രണ്ടു മത്സരങ്ങളിലും ശക്തമായ രീതിയിൽ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഒപ്പം പരിക്കിൽ നിന്ന് തിരികെയെത്തിയ പലതാരങ്ങളും മികച്ച പ്രകടനം പരമ്പരയിൽ കാഴ്ച വയ്ക്കുകയുണ്ടായി. ഇതോടുകൂടി ഇന്ത്യൻ സ്ക്വാഡ് കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള അവസരമാണ് മാനേജ്മെന്റിന് ലഭിച്ചിരിക്കുന്നത്.

Previous articleകോഹ്ലിയുടെ സ്ഥാനം കവര്‍ന്നെടുക്കുമോ ? ശ്രേയസ്സ് അയ്യരിനു പറയാനുള്ളത്.
Next articleഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി ഇന്ത്യൻ പെൺപുലികൾ. ഫൈനലിൽ 19 റൺസിന്റെ വിജയം.