ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി ഇന്ത്യൻ പെൺപുലികൾ. ഫൈനലിൽ 19 റൺസിന്റെ വിജയം.

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. അത്യന്തം ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ 19 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ സ്മൃതി മന്ദനയും റോഡ്രിഗസും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. ബോളിങ്ങിൽ പേസർ റ്റിറ്റസ് സദു ആയിരുന്നു ഇന്ത്യയുടെ വജ്രായുധമായി മാറിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് കേവലം 116 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. എന്നാൽ മറുപടി ബാറ്റിങ്ങിറങ്ങിയ ശ്രീലങ്കയെ എറിഞ്ഞിടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു.

കലാശ പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നിനെ പൂർണമായും അനുകൂലിച്ച പിച്ചിൽ ഇന്ത്യയുടെ ബാറ്റർമാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. ഓപ്പണർ ഷഫാലി വർമ്മ(9) തുടക്കത്തിൽ തന്നെ കൂടാരം കയറുകയുണ്ടായി. പിന്നീട് രണ്ടാം വിക്കറ്റിൽ സ്മൃതി മന്ദനയും റോഡ്രിഗസും ചേർന്ന് ഇന്ത്യയെ കൈപിടിച്ച് ഉയർത്തുന്നതാണ് കണ്ടത്. രണ്ടാം വിക്കറ്റിൽ 73 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. സ്കോറിങ്‌ റേറ്റ് വലിയ രീതിയിൽ ഉയർത്താൻ സാധിച്ചില്ലെങ്കിലും ശ്രീലങ്കൻ ബോളർമാർക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ ഇരുവർക്കും കഴിഞ്ഞു. സ്മൃതി മന്ദന മത്സരത്തിൽ 45 പന്തുകളിൽ 4 ബൗണ്ടറികളും ഒരു സിക്സറുമടക്കം 46 റൺസാണ് നേടിയത്.

റോഡ്രിഗസ് 40 പന്തുകളിൽ 5 ബൗണ്ടറുകളടക്കം 42 റൺസ് നേടി. എന്നാൽ പിന്നാലെയെത്തിയ ഒരു ബാറ്റർക്ക് പോലും മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചില്ല. ഇങ്ങനെ ഇന്ത്യൻ ഇന്നിങ്സ് നിശ്ചിത 20 ഓവറുകളിൽ 116 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിറങ്ങിയ ശ്രീലങ്കയ്ക്കും അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. പിച്ചിൽ നിന്ന് കിട്ടിയ ആനുകൂല്യം അങ്ങേയറ്റം മുതലാക്കുന്നതിൽ ഇന്ത്യൻ ബോളർ റ്റിറ്റാസ് സദു വിജയിച്ചു. ശ്രീലങ്കയുടെ മുൻനിരയിലെ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി സദു ഭീഷണിയായി മാറുകയായിരുന്നു. സദുവിന്റെ പ്രകടനം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായകരമായി.

ശ്രീലങ്കയ്ക്കായി ഹസീനി പെരേരയും(25) നിലാക്ഷി ഡി സിൽവയും(23) ക്രീസിൽ സമയം ചിലവഴിക്കുകയുണ്ടായി. എന്നാൽ കൃത്യമായ രീതിയിൽ സ്കോറിംഗ് റേറ്റ് ഉയർത്തുന്നതിൽ ഇരുവരും പരാജയപ്പെട്ടു. ഇതോടെ മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യക്കായി 4 ഓവറുകളിൽ 6 റൺസ് മാത്രം വിട്ടു നൽകി 3 വിക്കറ്റുകളാണ് സദു സ്വന്തമാക്കിയത്. മത്സരത്തിൽ 19 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. എന്തുകൊണ്ടും ഇന്ത്യൻ വനിതാ ടീമിന് അഭിമാനിക്കാവുന്ന നിമിഷമാണ് വന്നെത്തിയിരിക്കുന്നത്.