കോഹ്ലിയുടെ സ്ഥാനം കവര്‍ന്നെടുക്കുമോ ? ശ്രേയസ്സ് അയ്യരിനു പറയാനുള്ളത്.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് ശ്രേയസ് അയ്യർ കാഴ്ചവെച്ചത്. മത്സരത്തിൽ മൂന്നാമതായി ക്രീസിലെത്തിയ അയ്യർ ആദ്യ ബോൾ മുതൽ അടിച്ചു തകർക്കുന്നതാണ് കണ്ടത്. 90 പന്തുകൾ നേരിട്ടാണ് ശ്രേയസ് മത്സരത്തിൽ 105 റൺസ് സ്വന്തമാക്കിയത്. ഇന്നിംഗ്സിൽ 11 ബൗണ്ടറികളും മൂന്ന് പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. ഇന്ത്യയെ മത്സരത്തിൽ ഒരു ശക്തമായ നിലയിലെത്തിക്കാൻ അയ്യറുടെ ഈ ഇന്നിംഗ്സിന് സാധിച്ചിട്ടുണ്ട്. ഈ തകർപ്പൻ ഇന്നിംഗ്സിന്റെ ബലത്തിൽ മത്സരത്തിലെ താരമായും അയ്യർ മാറി. ശേഷം മത്സരത്തിലെ തന്റെ ഇന്നിംഗ്സിനെ പറ്റി അയ്യർ സംസാരിക്കുകയുണ്ടായി.

എത്രയും വേഗം തന്റെ പരിക്കുകളിൽ നിന്ന് തിരിച്ചുവന്ന് ടീമിനായി മൈതാനത്തിറങ്ങാനാണ് ആഗ്രഹിച്ചിരുന്നത് എന്നാണ് അയ്യർ പറഞ്ഞത്. “ശരിക്കും ഇതൊരു പ്രയാസപ്പെട്ട സമയമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ അവിശ്വസനീയമായി തോന്നുന്നു. എന്റെ സഹതാരങ്ങളും കൂട്ടുകാരും കുടുംബവും എനിക്ക് ഒരുപാട് പിന്തുണ നൽകി. പരിക്കിലായിരുന്ന സമയത്ത് ഞാൻ ടിവിയിൽ ഇന്ത്യയുടെ മത്സരങ്ങൾ കാണുമായിരുന്നു. എനിക്ക് എത്രയും വേഗം തന്നെ മൈതാനത്തെത്തി മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് തോന്നിയിരുന്നു. ഞാൻ എന്നിൽ തന്നെ ഒരുപാട് വിശ്വാസവും അർപ്പിച്ചിരുന്നു.”- ശ്രേയസ് അയ്യർ പറഞ്ഞു.

“പരിക്കുകൾ ഓരോന്നായി എനിക്ക് വന്നിരുന്നു. പക്ഷേ എന്റെ ലക്ഷ്യത്തെപ്പറ്റി പൂർണമായ ബോധ്യം എനിക്കുണ്ടായിരുന്നു. എന്റെ പ്ലാനുകൾ കൃത്യമായി ഇന്ന് നടപ്പിലാക്കാൻ സാധിച്ചു. അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. സാധാരണയായി ക്രീസിൽ എത്തുന്നത് മുതൽ കാര്യങ്ങൾ കൂടുതൽ വഷളാകാൻ ഞാൻ സമ്മതിക്കാറില്ല. ഞാൻ എനിക്ക് തന്നെ ആത്മവിശ്വാസം നൽകി ഏറ്റവും മികച്ച രീതിയിൽ കളിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ ഞാൻ വളരെ ഫ്ലെക്സിബിളായ ഒരു താരമാണ്. എന്റെ ടീമിനായി ഏതു പൊസിഷനിൽ കളിക്കാനും ഞാൻ തയ്യാറാണ്. എന്റെ ടീം ആവശ്യപ്പെടുന്നത് എന്ത് പൊസിഷനാണോ അവിടെ ഞാൻ കളിക്കും.”- ശ്രെയസ് കൂട്ടിച്ചേർത്തു.

ഏതു പൊസിഷനിൽ താൻ കളിക്കാൻ താല്പര്യപ്പെടുന്നു എന്ന് ചോദ്യത്തിന് അയ്യരുടെ മറുപടി ഇങ്ങനെയായിരുന്നു. “വിരാട് കോഹ്ലി ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഇതിഹാസതാരങ്ങളിൽ ഒരാളാണ്. അതിനാൽ തന്നെ കോഹ്ലിയുടെ സ്ഥാനമായ മൂന്നാം നമ്പർ കവർന്നെടുക്കുക എന്നത് സാധ്യമല്ല. അത് അദ്ദേഹത്തിന് അവകാശപ്പെട്ട സ്പോട്ടാണ്. എന്നിരുന്നാലും ഞാൻ കൂടുതലായി ശ്രദ്ധിക്കുന്നത് റൺസ് കണ്ടെത്താനാണ്. എന്റെ ടീം എന്താണോ ആവശ്യപ്പെടുന്നത് അതിനനുസരിച്ച് ഞാൻ ചെയ്യും.”- അയ്യർ പറഞ്ഞു വയ്ക്കുന്നു.