“രോഹിത് നെഗറ്റീവ് ക്യാപ്റ്റൻ, പ്രതിരോധിക്കാൻ മാത്രം ശ്രമം” വിമർശനവുമായി ഗവാസ്കർ.

ae737caf 62c6 4460 bffd b058d6c37e8a

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വലിയ വിമർശനവുമായി ഇതിഹാസ താരം സുനിൽ ഗവാസ്കർ. മത്സരത്തിനിടെ രോഹിത് പ്രതിരോധാത്മകമായ ഫീൽഡ് സെറ്റ് ചെയ്തതിന് പിന്നാലെയാണ് സുനിൽ ഗവാസ്കർ രംഗത്തെത്തിയത്.

കമന്ററി ബോക്സിൽ ഉണ്ടായിരുന്ന ഗവാസ്കർ രോഹിത്തിനെ നെഗറ്റീവ് ക്യാപ്റ്റൻ എന്നാണ് വിശേഷിപ്പിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിരോധ മനോഭാവമുള്ള ഫീൽഡിങ് സെറ്റ് ചെയ്തതിനാണ് ഇത്തരമൊരു വിശേഷണം ഇന്ത്യൻ നായകന് ഗവാസ്കർ നൽകിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന്റെ 19ആം ഓവറിലാണ് സുനിൽ ഗവാസ്കർ ഈ പരാമർശം നൽകിയത്. 19ആം ഓവറിൽ സ്പിന്നർമാർ പന്തെറിഞ്ഞ സമയത്ത് രോഹിത് ശർമ ഫീൽഡർമാരെ നിരത്തി നിർത്തുകയുണ്ടായി. ലോങ്‌ ഓണും ലോങ് ഓഫും അടക്കമുള്ള സ്ഥലങ്ങളിലാണ് രോഹിത് ഫീൽഡർമാരെ നിർത്തിയിരുന്നത്. വളരെ പ്രതിരോധാത്മകമായ നിലയിലാണ് രോഹിത് ഫീൽഡ് സെറ്റ് ചെയ്തത്. ഇത് കമന്ററി ബോക്സിൽ ഉണ്ടായിരുന്ന എല്ലാ മുൻ താരങ്ങളിലും അത്ഭുതമുണ്ടാക്കി. ഈ സമയത്താണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഗവാസ്കറുടെ പ്രതികരണം എത്തിയത്. ബാറ്റർ ഒരു തവണ പോലും ഉയർത്തിയടിക്കാത്ത സാഹചര്യത്തിൽ എന്തിനാണ് ഇത്തരത്തിൽ ഫീൽഡ് സെറ്റ് ചെയ്യുന്നത് എന്ന് ഗവാസ്കർ ചോദിക്കുകയുണ്ടായി.

Read Also -  സീം ബൗളിംഗ് ആൾറൗണ്ടറായി നിതീഷ് എത്തുമോ ? മത്സരത്തിന് വേറൊരു താരവും

“ഇവിടെ ബാറ്റർ ഉയർത്തി ഒരു ഷോട്ട് പോലും കളിച്ചില്ല. എന്നിട്ടും ലോങ്‌ ഓണിലും ലോങ് ഓഫിലുമാണ് രോഹിത് ഫീൽഡർമാരെ നിർത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം ക്യാപ്റ്റൻസിയെ പ്രതിരോധാത്മക നായകത്വമെന്ന് തന്നെ വിളിക്കേണ്ടിയിരിക്കുന്നു. രോഹിത് ഒരു പ്രതിരോധ നായകനാണ്. മാത്രമല്ല അവനൊരു നെഗറ്റീവ് നായകനാണ്. ഇപ്പോൾ അവൻ ശ്രമിക്കുന്നത് ബൗണ്ടറികൾ തടയാൻ മാത്രമാണ്.”- ഗവാസ്കർ കമന്ററി ബോക്സിൽ പറയുകയുണ്ടായി.

മത്സരത്തിന്റെ ആദ്യ ദിവസം ശക്തമായ ബോളിംഗ് പ്രകടനമായിരുന്നു ഇന്ത്യ കാഴ്ചവച്ചത്. ന്യൂസിലാൻഡ് നിരയിൽ രചിൻ രവീന്ദ്ര, ഡെവൻ കോൺവെ എന്നിവർ അർത്ഥസെഞ്ച്വറികൾ നേടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, വാഷിംഗ്ടൺ സുന്ദറിന്റെ മികവിൽ ന്യൂസിലാൻഡിനെ ആദ്യ ഇന്നിങ്സിൽ 259 റൺസിലൊതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. രണ്ടാം ദിവസം ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്താൽ ഇന്ത്യയ്ക്ക് ആദ്യ ഇന്നിംഗ്സിൽ ലീഡ് സ്വന്തമാക്കാൻ സാധിക്കും. നിലവിൽ പരമ്പരയിൽ 1-0 എന്ന രീതിയിൽ മുമ്പിലാണ് ന്യൂസിലൻഡ്.

Scroll to Top