ഇത്തവണത്തെ ലോകകപ്പിലെ ആദ്യ മത്സരം വിജയിച്ചു കൊണ്ട് തുടങ്ങിയെങ്കിലും നായകൻ രോഹിത് ശർമയുടെ മോശം ഫോം ഇന്ത്യക്ക് കടുത്ത ആശങ്കയാണ് നൽകുന്നത്. കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് ഇന്ത്യൻ നായകൻ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 10 ഇന്നിങ്സുകളിൽ നിന്ന് വെറും ഒരൊറ്റ അർദ്ധ സെഞ്ചറി മാത്രമാണ് രോഹിത് ശർമ നേടിയത്.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ വെറും 4 റൺസ് മാത്രമാണ് താരം നേടിയത്. അവസാനം കളിച്ച 5 മത്സരങ്ങളിൽ രണ്ടെണ്ണം റൺസ് ഒന്നും എടുക്കാതെയാണ് രോഹിത് ശർമ പുറത്തായത്. ഇപ്പോഴിതാ മോശം ഫോം തന്നെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് പറഞ്ഞ് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ.ഇന്ത്യയുടെ കിരീട പ്രതീക്ഷകൾക്ക് രോഹിത്തിൻ്റെ മോശം ഫോം മങ്ങലേൽപ്പിക്കുമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.
“ക്യാപ്റ്റൻ രോഹിത് ശർമ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാത്തതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രശ്നം. രോഹിത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിലാണെങ്കിൽ ബാക്കിയുള്ളവർക്ക് സുഖമാണ്. പിന്നാലെ ബാറ്റിങ്ങിന് വരുന്നവർക്കും കാര്യമായ അധ്വാനമില്ല.ഓപ്പണർമാരിൽ നിന്ന് ഏറ്റവും മികച്ച അടിത്തറയാണ് ടീം പ്രതീക്ഷിക്കുന്നത്. ഏറ്റവും മികച്ച അടിത്തറ ലഭിച്ചാൽ തുടർന്നു വരുന്നവരുടെ ജോലി എളുപ്പമാകും.
അഞ്ചാമതും ആറാമതും വരുന്നവർക്ക് യഥേഷ്ടം ഷോട്ടുകൾ കളിക്കാനാകും. ആവശ്യമെങ്കിൽ ആദ്യ പന്ത് മുതൽ വമ്പൻ ഷോട്ടുകൾ കളിക്കുകയുമാകാം.അടിത്തറ ബലമുള്ളതാണെങ്കിൽ പിന്നാലെ വരുന്നവർക്ക് ക്രീസിൽ ഉറച്ചുനിൽക്കാൻ സമയമെടുക്കേണ്ടതില്ല. ആടിയുലയുന്ന ഇന്നിങ്സ് നേരെയാക്കാനും സമയം കളയേണ്ടതില്ല. പാക്കിസ്ഥാനെതിരായ മത്സരത്തിൽ 31 റൺസിനിടെ നാലു വിക്കറ്റ് നഷ്മായ ഇന്ത്യയുടെ അവസ്ഥ നാം കണ്ടതാണ്.”-ഗാവസ്കർ പറഞ്ഞു.