ഇന്ത്യൻ ടീമിനായി മികച്ച പ്രകടനങ്ങൾ ഏകദിന ക്രിക്കറ്റിൽ കാഴ്ചവച്ച ഒരുപാട് താരങ്ങളുണ്ട്. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സേവാഗ്, രോഹിത് ശർമ എന്നിവർ ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ താരങ്ങളാണ്. എന്നാൽ ഏകദിന ക്രിക്കറ്റിലെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഇന്ത്യക്കാരന്റെ ഇന്നിംഗ്സിനെ പറ്റിയാണ് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ സംസാരിക്കുന്നത്.
2012ൽ ബംഗ്ലാദേശിൽ നടന്ന ഏഷ്യാകപ്പിൽ പാകിസ്ഥാൻ ടീമിനെതിരെ വിരാട് കോഹ്ലി സ്വന്തമാക്കിയ 183 റൺസാണ് താൻ ഏകദിന ക്രിക്കറ്റിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച പ്രകടനം എന്ന് ഗംഭീർ പറയുന്നു.
മത്സരത്തിൽ 330 റൺസിന്റെ വിജയലക്ഷ്യമായിരുന്നു പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് മുൻപിലേക്ക് വെച്ചത്. വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിലാണ് മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ഗൗതം ഗംഭീർ റൺസൊന്നും എടുക്കാതെ പുറത്തായിരുന്നു. പിന്നീടാണ് വിരാട് കോഹ്ലി ഇന്ത്യക്കായി മൈതാനത്ത് പോരാട്ടം നയിച്ചത്. മത്സരത്തിൽ സച്ചിൻ 52 റൺസാണ് സ്വന്തമാക്കിയത്.
ശേഷം 68 റൺസ് നേടിയ രോഹിത് ശർമയെ കൂട്ടുപിടിച്ചാണ് കോഹ്ലി അസാധ്യപ്രകടനം കാഴ്ചവച്ചത്. മത്സരത്തിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച കോഹ്ലിയുടെ ഇന്നിംഗ്സ് അതാണ് എന്ന് ഗംഭീർ പറയുന്നു.
ഉമർ ഗുൽ, വഹാബ് റിയാസ് എന്നിവരടങ്ങുന്ന പേസ് നിരയായിരുന്നു അന്ന് പാക്കിസ്ഥാൻ ടീമിന് ഉണ്ടായിരുന്നത്. മാത്രമല്ല സൈദ് അജ്മൽ, ഷാഹിദ് അഫ്രീദി തുടങ്ങിയ സ്പിന്നർമാരും പാക്കിസ്ഥാൻ നിരയിൽ ഉണ്ടായിരുന്നു. ഇത്തരം താരങ്ങളെ അതിജീവിച്ച് മത്സരത്തിൽ 183 റൺസ് നേടിയത്, വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച പ്രകടനമാണ് എന്ന് ഗംഭീർ വിശ്വസിക്കുന്നു. ഈ ഇന്നിംഗ്സിന് മുൻപ് ദക്ഷിണാഫ്രിക്കയിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ വിൻഡിസിനെതിരെയും കോഹ്ലി തകർപ്പൻ പ്രകടനം കാഴ്ചവച്ചിരുന്നു. പാക്കിസ്ഥാനെതിരെ കോഹ്ലി നടത്തിയ ഈ പോരാട്ടം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇന്നിംഗ്സുകളിൽ ഒന്നാണ് എന്ന് ഗംഭീർ ആവർത്തിക്കുന്നു.
ഇന്ത്യക്കായി ഒരുപാട് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് ഗംഭീർ പറഞ്ഞു. മാത്രമല്ല പുതുതലമുറയ്ക്ക് മാതൃകയായി മാറാനും കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട് എന്നാണ് ഗംഭീറിന്റെ വിലയിരുത്തൽ. മുൻപ് അത്ര മികച്ച ബന്ധമായിരുന്നില്ല ഗംഭീറും കോഹ്ലിയും തമ്മിൽ ഉണ്ടായിരുന്നത്. എന്നാൽ ഗംഭീർ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ കോച്ചായി എത്തിയതോടെ ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിലും വലിയ വളർച്ച ഉണ്ടായിട്ടുണ്ട്. ഇത് ഇന്ത്യൻ ടീമിന് വരും മത്സരങ്ങളിൽ സഹായകരമായി മാറും എന്നാണ് കരുതുന്നത്.