നിലവിൽ 2023 ഏകദിന ലോകകപ്പിലെ ഏറ്റവും സ്ഥിരതയാർന്ന ബാറ്റർമാരിൽ ഒരാളാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും ഇന്ത്യയുടെ രക്ഷകനായി അവതരിച്ചത് രോഹിത് ശർമ തന്നെയായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മുൻനിര ബാറ്റർമാരുടെ വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായിരുന്നു. ശുഭമാൻ ഗിൽ(9), ശ്രേയസ് അയ്യര്‍(4), വിരാട് കോഹ്ലി(0) എന്നിവർ പെട്ടെന്ന് തന്നെ കൂടാരം കയറിയപ്പോൾ രോഹിത് ശർമ തന്റെ ആക്രമണശൈലി മാറ്റുകയും പക്വതയാർന്ന ബാറ്റിംഗ് പ്രകടനം മത്സരത്തിൽ കാഴ്ചവയ്ക്കുകയും ചെയ്തു.
രോഹിത് ശർമയുടെ സ്ഥിരതയുള്ള പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ കമന്ററി ബോക്സിൽ സംസാരിച്ചിരുന്നു. എല്ലായിപ്പോഴും നിസ്വാർത്ഥനായ ഒരു നായകനാണ് രോഹിത് എന്നാണ് ഗൗതം ഗംഭീർ പറഞ്ഞത്. എന്നാൽ ഗംഭീറിന്റെ ഈ പദപ്രയോഗം വിരാട് കോഹ്ലി ആരാധകരെയടക്കം ചൊടിപ്പിക്കുകയുണ്ടായി.
ഗംഭീർ രോഹിത്തിനെ പുകഴ്ത്തിക്കൊണ്ട് വിരാട് കോഹ്ലിയെ ലക്ഷ്യം വയ്ക്കുകയാണ് എന്ന് കോഹ്ലി ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. മുൻപും ഇത്തരത്തിൽ വിരാട് കോഹ്ലിക്കെതിരെ ഒളിയമ്പുകൾ ഗംഭീർ ഏയ്തിട്ടുണ്ട് എന്ന് ആരാധകർ പറയുന്നു. “രോഹിത് ശർമയ്ക്ക് 40- 45 സെഞ്ച്വറികളോളം നേടാൻ സാധിക്കുമായിരുന്നു. പക്ഷേ അയാൾക്ക് അത്തരത്തിൽ സെഞ്ച്വറുകൾ ആവശ്യമില്ല.
ഒരു നിസ്വാർത്ഥനായ നായകന് മാത്രമേ തന്നെക്കാളുപരി തന്റെ ടീമിന് പ്രാധാന്യം നൽകി കളിക്കാൻ സാധിക്കൂ. നമ്മുടെ ടീമിൽ നിന്ന് നമുക്കൊരു പോസിറ്റീവ് മാനസികാവസ്ഥയാണ് വേണ്ടതെങ്കിൽ ക്യാപ്റ്റൻ തന്നെ മുന്നിൽ നിന്ന് അത് പകരേണ്ടതുണ്ട്. അതിനെയാണ് നമ്മൾ മുന്നിൽ നിന്നു നയിക്കുക എന്ന് പറയുന്നത്.”- ഗൗതം ഗംഭീർ പറയുന്നു.
“ഇത്തരം കാര്യങ്ങൾ പിആറോ മാർക്കറ്റിംഗ് തന്ത്രങ്ങളോ ഒന്നും ഒരു കളിക്കാരന് നൽകില്ല. അയാൾ മൈതാനത്ത് അത്തരത്തിൽ കളിക്കേണ്ടതുണ്ട്. അതാണ് ഈ ലോകകപ്പിൽ രോഹിത് ശർമ ചെയ്യുന്നതും. ഒരുപക്ഷേ രോഹിതിന്റെ ശരാശരി അയാളെ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തൊ പത്താം സ്ഥാനത്തോ എത്തിക്കുന്നുണ്ടാവില്ല. പക്ഷേ ടീമിനെ സംബന്ധിച്ച് അതൊരു പ്രശ്നമല്ല. നവംബർ 19ന് ഏകദിന ലോകകപ്പ് കിരീടം ഉയർത്തണമെങ്കിൽ ഇത്തരം ലക്ഷ്യം മുൻപിൽ വച്ച് തന്നെ രോഹിത് പ്രയത്നിക്കണം. മത്സരത്തിൽ സെഞ്ച്വറികൾ നേടണമോ ലോകകപ്പ് കിരീടം സ്വന്തമാക്കണമോ എന്ന് നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത്.”- ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.
എന്നാൽ ഈ പ്രസ്താവനയിലൂടെ വിരാട് കോഹ്ലിക്കെതിരെ ഒളിയമ്പ് എയ്യുകയായിരുന്നു ഗൗതം ഗംഭീർ എന്ന് ആരാധകർ പറയുന്നു. ഗൗതം ഗംഭീർ ഉപയോഗിച്ച “നിസ്വാർത്ഥത” എന്ന വാക്ക് ഉയർത്തിക്കാട്ടിയാണ് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലടക്കം രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും വിരാട് കോഹ്ലി മികച്ച ഇന്നിങ്സുകൾ കാഴ്ചവച്ചിരുന്നു. എങ്കിലും സെഞ്ച്വറികൾ സ്വന്തമാക്കാനായി സിംഗിളുകൾ പോലും ഉപേക്ഷിക്കുകയുണ്ടായി. ഇത്തരം കാര്യങ്ങളെ ചൂണ്ടിക്കാട്ടിയാണോ ഗൗതം ഗംഭീർ പ്രസ്താവന നടത്തിയിരിക്കുന്നത് എന്ന സംശയത്തിലാണ് ആരാധകർ.