പരാജയത്തിന് കാരണം ഞങ്ങളുടെ ടീമിനുള്ളിലെ തമ്മിലടി. ഷാക്കിബ് അൽ ഹസൻ തുറന്ന് പറയുന്നു.

shakib and mushfiqur

നെതർലൻഡ്സിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഞെട്ടിക്കുന്ന പരാജയം തന്നെയാണ് ബംഗ്ലാദേശ് നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലാൻഡ്സ്, നായകൻ സ്കോട്ട് എഡ്വാർഡ്സിന്റെ മികവിൽ 229 റൺസ് നേടുകയുണ്ടായി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് മത്സരശേഷം കണ്ടത്.

മത്സരത്തിൽ 87 റൺസിന്റെ പരാജയമാണ് ബംഗ്ലാദേശ് നേരിട്ടത്. ഇതോടുകൂടി ബംഗ്ലാദേശ് ഏകദിന ലോകകപ്പിൽ സെമി കാണാതെ പുറത്താകും എന്ന് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ടീമിലെ തർക്കങ്ങളാണ് ലോകകപ്പിലെ ബംഗ്ലാദേശിന്റെ പരാജയത്തിന് പ്രധാന കാരണമായി മാറിയത് എന്നാണ് ബംഗ്ലാദേശ് നായകൻ ഷക്കിബ് അൽ ഹസൻ പറയുന്നത്.

ലോകകപ്പ് മത്സരങ്ങളിലെ പരാജയത്തിൽ തന്റെ ടീമംഗങ്ങളെ പഴിക്കുന്നതിന് പകരം, തമീം ഇക്ബാലുമായി തനിക്കുണ്ടായ തർക്കത്തെ പഴിക്കുകയാണ് ഷാക്കിബ്. തമീമുമായി തനിക്കുണ്ടായ വാക് തർക്കം ടീമിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട് എന്ന് ഷാക്കിബ് പറയുന്നു. “ഞാനും തമീം ഇക്ബാലും തമ്മിലുള്ള വിവാദങ്ങൾ ബംഗ്ലാദേശ് ടീമിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.

ഇത് ഞങ്ങളുടെ ലോകകപ്പിലെ ഏറ്റവും മോശം പ്രകടനം തന്നെയാണ്”- ഷാക്കിബ് പറഞ്ഞു. മുൻപ് ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിൽ പാതി ഫിറ്റായ തമീം ഇക്ബാലിനെ ഉൾപ്പെടുത്തുന്നതിനെതിരെ ഷാക്കിബ് രംഗത്തെത്തിയിരുന്നു. പൂർണ്ണ ഫിറ്റ്നസ് ഇല്ലാത്ത ഒരു താരത്തെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തരുത് എന്ന് ഷാക്കിബ് പറയുകയുണ്ടായി. ശേഷം തമീമിനെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

ഇത് പരാജയത്തിൽ വലിയ കാരണമായിട്ടുണ്ട് എന്ന് ഷാക്കിബ് ഇപ്പോൾ കരുതുന്നു. സാധാരണ ബംഗ്ലാദേശ് ടീമിനെ പോലെയല്ല ടൂർണ്ണമെന്റിൽ ഇപ്പോൾ തങ്ങൾ കളിക്കുന്നത് എന്ന് ഷാക്കിബ് മത്സരശേഷം സമ്മതിക്കുകയുണ്ടായി. “മത്സരത്തിൽ വളരെ നന്നായി ഞങ്ങൾക്ക് ബോൾ ചെയ്യാൻ പറ്റി എന്നാണ് ഞാൻ കരുതുന്നത്. എന്നിരുന്നാലും നെതർലാൻഡ്സിനെ 160- 170 റൺസിൽ ഒതുക്കേണ്ടതുണ്ടായിരുന്നു. മറുവശത്ത് ബാറ്റിംഗിൽ വളരെ മോശം പ്രകടനമാണ് ഞങ്ങൾ കാഴ്ചവച്ചത്.

ഈ ടൂർണമെന്റിലുടനീളം ഞങ്ങൾക്ക് ബാറ്റിംഗിൽ തിളങ്ങാൻ സാധിച്ചില്ല. ഇതാണ് ഏറ്റവും മോശമായി ബാധിച്ചത്. ഇവിടെ നിന്ന് ഇനിയും മുന്നോട്ടു വരിക എന്നത് അല്പം പ്രയാസമേറിയ കാര്യമാണ്. എന്തായാലും ഞങ്ങൾ ഇനി തലയുയർത്തി തന്നെ ഇതിനെയൊക്കെ നേരിടേണ്ടതുണ്ട്.”- ഷാക്കിബ് പറയുന്നു.

“ഈ ടൂർണമെന്റിലുടനീളം ഞങ്ങൾ വലിയ രീതിയിൽ പ്രതിസന്ധിയിലായിട്ടുണ്ട്. എല്ലാവരുടെയും മനസ്സിലൂടെ എന്താണ് കടന്നു പോകുന്നത് എന്നതിനെപ്പറ്റി വ്യക്തതയില്ല. ഇതുവരെ കണ്ടിരുന്ന ഒരു ബംഗ്ലാദേശ് ടീമിനെയല്ല ഈ ലോകകപ്പിൽ കണ്ടത്. ഞങ്ങളുടെ ഉയർച്ചയിലും താഴ്ചയിലും ഞങ്ങളുടെ ആരാധകർ നല്ല പിന്തുണ നൽകുന്നുണ്ട് അത് ഞങ്ങൾക്ക് ആഹ്ലാദം പകരുന്നു.”- ഷാക്കിബ് കൂട്ടിച്ചേർത്തു. നിലവിൽ 6 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ ബംഗ്ലാദേശ് ടീം പോയ്ന്റ്സ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് നിൽക്കുന്നത്. ബംഗ്ലാദേശിനെ സംബന്ധിച്ച് വലിയ നിരാശയാണ് ഈ മത്സരഫലങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.

Scroll to Top