സെഞ്ചുറിയോർത്ത് കരഞ്ഞിട്ട് കാര്യമില്ല.. ടീമിന് പ്രാധാന്യം നൽകണം. രാഹുലിനെ വിമർശിച്ച് ഗൗതം ഗംഭീർ.

2023 ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ 6 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുകയുണ്ടായി. എന്നാൽ 97 റൺസെടുത്ത രാഹുലും 85 റൺസ് നേടിയ കോഹ്ലിയും ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കാളികളായി. എന്നിരുന്നാലും മത്സരത്തിൽ രാഹുലിന് തന്റെ സെഞ്ച്വറി പൂർത്തീകരിക്കാൻ സാധിക്കാതെ വന്നത് വലിയ രീതിയിൽ നിരാശ ഉണ്ടാക്കിയിരുന്നു.

മത്സരത്തിൽ ഇന്ത്യയ്ക്ക് അവസാന ഘട്ടത്തിൽ വിജയിക്കാൻ 5 റൺസായിരുന്നു വേണ്ടിയിരുന്നത്. ഒരു ബൗണ്ടറിയും ഒരു സിക്സറും പായിച്ചാൽ മാത്രമേ രാഹുലിന് തന്റെ സെഞ്ച്വറി പൂർത്തീകരിക്കാൻ സാധിക്കുമായിരുന്നുള്ളൂ. രാഹുൽ ബൗണ്ടറിക്ക് ശ്രമിച്ചെങ്കിലും അത് സിക്സറായി മാറി. അങ്ങനെ ഇന്നിംഗ്സ് 97 റൺസിൽ അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു. ഇതിലൂടെ വലിയ നിരാശ രാഹുലിനുണ്ടായി എന്നത് വ്യക്തമായിരുന്നു. എന്നാൽ ഒരു താരം തന്റെ വ്യക്തിഗത നേട്ടങ്ങൾക്കപ്പുറം ടീമിന് പ്രാധാന്യം നൽകണമെന്ന വിമർശനം ഉന്നയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

മത്സരത്തിൽ സെഞ്ച്വറി നഷ്ടമായതിനു ശേഷം കെഎൽ രാഹുൽ നിരാശനായി മൈതാനത്ത് ഇരിക്കുകയുണ്ടായി. ഇത്തരത്തിൽ വ്യക്തിഗത നേട്ടങ്ങൾക്ക് വലിയ പ്രാധാന്യം നൽകാൻ തയ്യാറാവരുത് എന്നാണ് ഗംഭീർ പറയുന്നത്. “നിങ്ങൾ ഒരു മത്സരത്തിൽ 30ഓ 40ഓ അല്ലെങ്കിൽ 140ഓ റൺസ് നേടി എന്നതിലല്ല കാര്യം. അവസാന നിമിഷം വരെ ക്രീസിൽ തുടർന്ന് നമ്മുടെ ടീമിനെ വിജയിക്കാൻ സാധിച്ചോ എന്നതാണ് നോക്കേണ്ടത്. മാത്രമല്ല ഇത്തരത്തിൽ താരങ്ങളൊക്കെയും തങ്ങളുടെ വ്യക്തിഗത നേട്ടങ്ങൾക്ക് പ്രാധാന്യം നൽകുന്നതുകൊണ്ടാണ് കഴിഞ്ഞ ഐസിസി ടൂർണമെന്റുകളിൽ നമുക്ക് കിരീടം നേടാൻ സാധിക്കാതെ പോയത്. എന്നെ സംബന്ധിച്ച് രാഹുൽ സെഞ്ചുറി നേടിയോ ഇല്ലയോ എന്നത് ഒരു പ്രശ്നമല്ല. ടീം വിജയിച്ചോ എന്നതാണ് എനിക്ക് പ്രധാനം. ടീം വിജയിക്കുന്നത് വരെ നിങ്ങൾ ക്രീസിൽ തുടരുന്നുണ്ടോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.”- ഗംഭീർ പറയുന്നു.

ഇതിനൊപ്പം, ഒരു താരത്തിനെ സംബന്ധിച്ച് സെഞ്ച്വറി നേടാതിരിക്കുന്നത് വലിയ പ്രശ്നമല്ലയെന്നും ഗംഭീർ പറയുകയുണ്ടായി. മത്സരത്തിൽ ഇന്ത്യക്ക് ലഭിച്ചത് വളരെ മോശം തുടക്കം തന്നെയായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാരായ ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും പറ്റിയും ഗംഭീർ സംസാരിക്കുകയുണ്ടായി. “ഒരു പക്ഷേ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ശ്രേയസും ഇഷാനും ഭയന്നു പോയിരിക്കാം. ഓസ്ട്രേലിയ പോലെ ശക്തമായ ഒരു ടീമിനെ നേരിടാൻ സാധിക്കുക എന്നത് യുവതാരങ്ങൾക്ക് വലിയൊരു അവസരമാണ്. പക്ഷേ എല്ലായിപ്പോഴും ഇത്തരം ടീമുകൾക്കെതിരെ നന്നായി കളിക്കാൻ സാധിക്കണമെന്നില്ല. ചിലപ്പോൾ യുവതാരങ്ങളെ സമ്മർദ്ദവും വേട്ടയടിയേക്കാം.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.

“ഏതു താരവും സമ്മർദ്ദത്തിന്റെ പിടിയിലായേക്കാം. അതിനാൽ അത് വലിയ കാര്യമാക്കേണ്ടതില്ല. ലോകകപ്പിലെ ആദ്യ മത്സരം കളിക്കുമ്പോൾ ഞാനും ഇത്തരത്തിൽ ഭയപ്പെട്ടിരുന്നു. മത്സരത്തിലെ ആദ്യ പന്ത് നേരിട്ടതിന് ശേഷമാണ് എന്റെ ഭയം മാറിയത്. അതുകൊണ്ടുതന്നെ ഇഷാന്റെയും ശ്രേയസ് അയ്യരുടെയും പ്രകടനങ്ങളെ ഞാൻ വിമർശിക്കുന്നില്ല. സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചവരാണ് രണ്ടുപേരും. അതുകൊണ്ടാണ് അവർക്ക് ലോകകപ്പിനുള്ള ടീമിൽ ഇടം കിട്ടിയത്. ഒരുപക്ഷേ അവർക്ക് ആദ്യ റൺസ് കണ്ടെത്താൻ സാധിക്കുകയോ മികച്ച ഒരു ഷോട്ട് കളിക്കാൻ സാധിക്കുകയോ ചെയ്തിരുന്നെങ്കിൽ കളി മാറിയേനെ.”- ഗംഭീർ പറഞ്ഞുവയ്ക്കുന്നു.

Previous articleകാണികളുടെ അനുകമ്പ കിട്ടാൻ റിസ്വാന്റെ പരിക്ക് അഭിനയം. നല്ല നടനെന്ന് ആരാധകർ.
Next articleഗെയ്ലിനെ മലർത്തിയടിച്ച് ലോകറെക്കോർഡ് നേടി രോഹിത്. ഇനി സിക്സർ കിങ് ഹിറ്റ്മാൻ.