അവൻ നാലാം പേസ് ബൗളറാവട്ടെ :പുതിയ നിർദ്ദേശവുമായി മുൻ സെലക്ടർ

ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായുള്ള ഒരുക്കങ്ങൾ ഇരു ടീമുകളും തകൃതിയായി നടത്തുകയാണ്. ആധുനിക ക്രിക്കറ്റിലെ തുല്യശക്തികളായ ഇന്ത്യ , ന്യൂസിലാൻഡ് ടീമുകളെ കിരീട പോരാട്ടത്തിനായി ഏറ്റുമുട്ടുമ്പോൾ വരാനിരിക്കുന്ന ഫൈനൽ തീപാറും എന്നാണ് ആരാധകരുടെ പ്രതീക്ഷ.വരുന്ന ഫൈനലിൽ ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവൻ എപ്രകാരമാകുമെന്നതിൽ അകാംക്ഷ തുടരുകയാണ്. നാല് പേസ് ബൗളാർമാരെ ടീം ഇന്ത്യ പരീക്ഷിക്കുമോ എന്നതാണ് പ്രധാന ചോദ്യമിപ്പോൾ. പക്ഷേ അശ്വിൻ, ജഡേജ ഇവരിലാരെ ഒഴിവാക്കുമെന്നതാണ് പ്രധാനം.

വരുന്ന ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നാലാം പേസ് ബൗളറായി ആരെ ടീമിൽ ഉൾപെടുത്തുമെന്നതിൽ ചർച്ചകൾ ക്രിക്കറ്റ്‌ ആരാധകരിൽ വ്യാപകമായി പുരോഗമിക്കുകയാണിപ്പോൾ. ഇന്ത്യൻ ദേശീയ ടീം മുൻ സെലക്ടറും പ്രമുഖ ക്രിക്കറ്റ്‌ നിരീക്ഷകനുമായ സരന്ദീപ് സിംഗ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയാകുന്നത്.ഓസ്ട്രേലിയ പരമ്പരയിൽ മിന്നും പ്രകടനം കാഴ്ചവെച്ച പേസർ മുഹമ്മദ്‌ സിറാജിനെ താരം ടീമിൽ ഉൾപെടുത്തിയില്ല എന്നതാണ് ശ്രദ്ധേയം.

ജസ്‌പ്രീത് ബുറ, മുഹമ്മദ്‌ ഷമി, ഇഷന്ത് ശർമ എന്നിവർക്ക് പുറമേ നാലാം പേസ് ബൗളറുടെ റോളിൽ ശാർദൂൽ താക്കൂർ ഇടം നേടുമെന്നാണ് സരന്ദീപ് സിംഗിന്റെ അഭിപ്രായം.”ഫൈനലിൽ മൂടികെട്ടിയ കാലാവസ്ഥയെങ്കിൽ ഉറപ്പായും ഇന്ത്യൻ ടീമിൽ നാല് പേസ് ബൗളർമാർ കളിക്കും. എന്റെ അഭിപ്രായത്തിൽ നാലാം പേസ് ബൗളർ ശാർദൂൽ താക്കൂർ ആവണം. അവന് ബാറ്റിംഗിലും ഏറെ തിളങ്ങാൻ സാധിക്കും. വാലറ്റത്ത് അവന്റെ ബാറ്റിങ് നമുക്ക് ഉപകാരമാകും. പന്ത് സ്വിങ്ങ് ചെയ്യാൻ കഴിയുന്ന അവൻ ആഭ്യന്തര ക്രിക്കറ്റിലും തന്റെ കഴിവ് പല തവണ തെളിയിച്ചതാണ് “മുൻ സെലക്ടർ വാചാലനായി