ഇന്ത്യൻ സൂപ്പർ താരം സൂര്യകുമാർ യാദവിന് ഈ വയസ്സിൽ ഇന്റർനാഷണൽ മത്സരങ്ങളിൽ സ്ഥിരസ്ഥാനം നൽകിയില്ലെങ്കിൽ അത് അന്യായമാണെന്ന് അഭിപ്രായവുമായി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റർ ഡാനിഷ് കനേരിയ. അദ്ദേഹത്തിൻ്റെ യുട്യൂബ് ചാനലിലൂടെയാണ് ഈ അഭിപ്രായം തുറന്നു പറഞ്ഞത്. നിലവിൽ ഇന്ത്യൻ ടീമിൽ ഉള്ള ശ്രേയസ് അയ്യറിനേക്കാളും പക്വത കൂടുതൽ സൂര്യകുമാർ യാദവിന് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൂര്യകുമാർ യാദവിന് ടീമിൽ സ്ഥാനം നൽകുവാൻ ഇന്ത്യൻ ടീം മാനേജ്മെൻ്റ് പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു. പരിക്കുമൂലം ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്നും ഐപിഎൽ അവസാനത്തിൽ നിന്നും വിട്ടുനിന്ന താരം ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. അയർലൻഡിനെതിരായ ട്വെൻ്റി-20 പരമ്പരയിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരം രാഹുൽ ത്രിപാതിയെ ആദ്യനായി അന്താരാഷ്ട്ര മത്സരത്തിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തി. ഹർദിക് പാണ്ഡ്യ നയിക്കുന്ന ഇന്ത്യൻ ടീമിൽ മലയാളി സൂപ്പർ താരം വിക്കറ്റ് കീപ്പർ സഞ്ജു സാംസണും അവസരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം ഇംഗ്ലണ്ടിനെതിരെ ആയിരുന്നു 31 വയസുകാരനായ സൂര്യ കുമാർ യാദവ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച പ്രകടനം പുറത്തെടുത്ത താരം ടീമിൽ സ്ഥിര സാന്നിധ്യമായങ്കിലും പരിക്കുകൾ വില്ലനായി വന്നു. പരിക്കിൻ്റെ പിടിയിലായ സൂര്യകുമാർ യാദവിൻ്റെ സ്ഥാനത്തേക്കാണ് ശ്രേയസ് അയ്യർ വന്നത്.
സൂര്യകുമാർ യാദവിനെ പിന്തുണച്ചുകൊണ്ട് പാകിസ്ഥാൻ മുൻ താരം കനേരിയ പറഞ്ഞ വാക്കുകൾ വായിക്കാം.
“പുറത്തുവരുന്ന റിപ്പോർട്ടുകൾ മനസ്സിലാക്കുമ്പോൾ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് വിചാരിക്കുന്നത് സൂര്യ കുമാർ യാദവിനേക്കാളും പക്വതയുള്ളത് ശ്രേയസ് അയ്യരിന് ആണെന്നാണ്. രാഹുൽ ദ്രാവിഡിൻ്റെ ഈ തോന്നലിനോട് ഞാൻ വിയോജിക്കുന്നു. ഈ വയസ്സിൽ സൂര്യകുമാർ യാദവിന് ആവശ്യമുള്ള അവസരങ്ങൾ നൽകിയില്ലെങ്കിൽ അത് അന്യായമാണ്. ശ്രേയസ് അയ്യരിന് ടീമിൽ സ്ഥാനം നിലനിർത്തണമെങ്കിൽ സ്ഥിരതയാർന്ന മികച്ച പ്രകടനങ്ങൾ പുറത്തെടുക്കേണ്ടത്തുണ്ട്.”- അദ്ദേഹം പറഞ്ഞു.