ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോർഡ്‌സ് ജയം ക്രിക്കറ്റ് ആരാധകർ എല്ലാം ഇപ്പോൾ വളരെ ആവേശമാക്കി മാറ്റുകയാണ്. അഭിമാനനേട്ടത്തിൽ ഇന്ത്യൻ ടീം മുഴുവൻ ആദരിക്കപെടുമ്പോൾ ഏറ്റവും അധികം കയ്യടികൾ നേടുന്നത് ടീമിലെ സ്റ്റാർ പേസ് ബൗളർ മുഹമ്മദ് സിറാജ് തന്നെയാണ്. തന്റെ ടെസ്റ്റ് കരിയറിൽ മാസ്മരിക ഫോം തുടരുന്ന താരം ടെസ്റ്റ് ക്രിക്കറ്റിൽ താൻ ഒരു അഭിഭാജ്യ ഘടകമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. ലോർഡ്‌സ് ടെസ്റ്റിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജ് കപിൽ ദേവിന് ശേഷം ലോർഡ്‌സ് മണ്ണിൽ 8 വിക്കറ്റ് വീഴ്ത്തുന്ന ആദ്യത്തെ ഇന്ത്യൻ പേസർ എന്ന അപൂർവ്വ നേട്ടവും സ്വന്തമാക്കി കഴിഞ്ഞു. നേരത്തെ ഓസീസ് പര്യടനത്തിലാണ് സിറാജ് ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്.
അതേസമയം താരത്തിന്റെ ഗംഭീരമായ തിരിച്ചുവരവും ഒപ്പം ഈ പ്രകടനത്തിലെ മികവും പരിഗണിക്കുമ്പോൾ അതിൽ ഒരു ക്രെഡിറ്റ് ഇന്ത്യൻ ടീം ബൗളിംഗ് കോച്ച് ഭരത് അരുണിന് കൂടി നൽകണമെന്ന് അഭിപ്രായപെടുകയാണ് മുൻ ഇന്ത്യൻ ടീം അംഗം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. “സിറാജിന്റെ ഇന്നത്തെ എല്ലാ നേട്ടവും ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുണിന് കൂടി അർഹതപെട്ടതാണ്. അദ്ദേഹമാണ് മുൻപ് ഹൈദരാബാദ് ടീമിനോപ്പം ഹെഡ് കോച്ചായിരുന്ന സമയത്ത് സിറാജിനെയും തിരിച്ചറിഞ്ഞത്.സിറാജിന്റെ ഇന്നത്തെ ഈ വളർച്ചയിൽ എല്ലാ ക്രെഡിറ്റും ഭരത് അരുൺ കൂടി അർഹിക്കുന്നുണ്ട് “മുൻ താരം നിലപാട് വിശദമാക്കി
നേരത്തെ ഇംഗ്ലണ്ടിനെതിരായ നാട്ടിലെ ടെസ്റ്റ് പരമ്പരയിലും താരം ഏറെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ ടെസ്റ്റ് പരമ്പരയിൽ ഇതിനകം 11 വിക്കറ്റുകൾ നേടുവാൻ സിറാജിന് സാധിച്ചിട്ടുണ്ട്. ഐസിസി ടെസ്റ്റ് ബൗളർമാരുടെ പുതിയ റാങ്കിങ്ങിൽ വളരെ വലിയ കുതിപ്പാണ് താരമിപ്പോൾ നടത്തുന്നത്. സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുന്ന ഐപിഎല്ലിൽ സിറാജിന്റെ മികച്ച പ്രകടനം കിരീടം നേടുവാനായി സഹായിക്കുമെന്നാണ് ബാംഗ്ലൂർ ആരാധകരുടെ വിശ്വാസം