ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര പരാജയപ്പെട്ട് നാണംകെട്ടിരിക്കുകയാണ് നിലവിൽ ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ മൂന്നാം മത്സരത്തിൽ ആശ്വാസ വിജയം തേടി. ഇന്ത്യയുടെ സീനിയർ താരങ്ങൾ എല്ലാവരും ഉണ്ടായിട്ടും പരമ്പര കൈവിട്ടത് വലിയ നാണക്കേടാണ് ഇന്ത്യക്ക് ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് മത്സരങ്ങളിലും ഇന്ത്യ പൊരുതിയെങ്കിലും തോറ്റു.
താരങ്ങളുടെ മോശം ഫോമും ഫിറ്റ്നസും ആണ് ഇന്ത്യക്ക് കടുത്ത തലവേദന ഉയർത്തുന്നത്. രണ്ടാം മത്സരത്തിലെ പരാജയത്തിനു ശേഷം താരങ്ങളുടെ ഫിറ്റ്നസിനെതിരെ നായകൻ രോഹിത് ശർമ രംഗത്ത് എത്തിയിരുന്നു. രാജ്യത്തിന് വേണ്ടി ഫിറ്റ്നസ് ഇല്ലാത്തവരെ കളിപ്പിക്കാൻ സാധിക്കില്ല എന്നാണ് രോഹിത് ശർമ പറഞ്ഞത്. രോഹിത്തിന്റെ ഈ വാക്കുകൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇപ്പോഴിതാ രോഹിത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മദൻ ലാൽ.
“വളരെയധികം നിരാശ ഉണ്ടാക്കുന്ന പ്രതികരണമാണ് നായകൻ രോഹിത് ശർമ നടത്തിയിരിക്കുന്നത്. എന്തോ എവിടെയോ കുറവുണ്ട് എന്ന കാര്യം നായകൻ തന്നെ ഇങ്ങനെ പറയുമ്പോൾ വ്യക്തമാണ്. ഇതിന് ആരാണ് ഉത്തരവാദി? ഇതിന് കാരണം പരിശീലകരാണോ? എന്തുകൊണ്ടാണ് ഫിറ്റ്നസ് ഇല്ലാത്ത താരങ്ങളുമായി മുന്നോട്ട് പോകുന്നത്. നിങ്ങൾ കളിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഫലമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഐപിഎല്ലിൽ ആണ് താരങ്ങൾക്ക് വിശ്രമം ആവശ്യമുണ്ടെങ്കിൽ എടുക്കേണ്ടത്. ആദ്യ പ്രാധാന്യം നൽകേണ്ടത് രാജ്യത്തിനാണ്.
രാജ്യത്തിൻ്റെ ക്രിക്കറ്റ് പിന്നോട്ടാണ് പോകുന്നത് എന്നതിന്റെ ഉദാഹരണമാണ് നിങ്ങൾക്ക് ഒരു ഐ.സി.സി കിരീടം പോലും നേടാൻ സാധിക്കാത്തത്. നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പോക്ക് ശരിയായ ദിശയിൽ അല്ല. ഇന്നത്തെ ടീമിന് മുൻപ് ഉണ്ടായിരുന്നത് പോലെ ജയിക്കാനുള്ള താല്പര്യം ഇല്ല. പഴയ ആവേശങ്ങൾ ഒന്നും കുറച്ച് നാളുകളായി ടീമിൽ ഇല്ല. ഇന്നത്തെ ടീമിനെ ഇന്ത്യൻ ടീമായി തോന്നുന്നില്ല.
താരങ്ങൾക്ക് എല്ലാം തങ്ങൾ കളിക്കുന്നത് രാജ്യത്തിന് വേണ്ടി ആണെന്ന തോന്നൽ നഷ്ടമായിരിക്കുകയാണ്. എല്ലാ താരങ്ങളും തളർന്ന അവസ്ഥയിലാണ്. ഈ കാര്യങ്ങൾ ഗൗരവമായി പരിഗണിക്കണം. തന്ത്രങ്ങളിലും മറ്റും ഇന്ത്യൻ ടീമിൽ പൊളിച്ചേഴുത്ത് അത്യാവശ്യമാണ്. ആക്രമിച്ച് കളിക്കാൻ താല്പര്യമുള്ള താരനിരയെ ആണ് നിലവിൽ ഇന്ത്യൻ ടീമിന് ആവശ്യം. പുതിയ യുവ താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് കണ്ടെത്തി കൊണ്ടുവരേണ്ടതുണ്ട്. മാനേജ്മെൻ്റ് ഇതിനായി വലിയ ആവേശം കാണിക്കുന്നില്ല എന്നതാണ് വാസ്തവം. ഇതേ കളി ആണെങ്കിൽ അടുത്ത വർഷത്തെ ലോകകപ്പ് ഇന്ത്യക്ക് നഷ്ടമാകും.”- അദ്ധേഹം പറഞ്ഞു.