325-350 റൺസിന് മുകളിൽ ഇന്ത്യ റൺസ് നേടണമെന്ന് കരുതിയാൽ ടീമിൽ നിന്നും സൂപ്പർ താരത്തെ പുറത്താക്കേണ്ടി വരും എന്ന് മുൻ ഇന്ത്യൻ താരം സാബ കരീം. അങ്ങനെ ഒരു പദ്ധതിയിലേക്ക് ഇന്ത്യ എത്തിയാൽ ശിഖർ ധവാൻ ടീമിൽ സ്ഥാനം കാണില്ല എന്നാണ് ഇന്ത്യൻ താരം പറഞ്ഞത്. ഏകദിനത്തിൽ മോശം ഫോമിലൂടെയാണ് ശിഖർ ധവാൻ കടന്നുപോകുന്നത്.
ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ രോഹിത് ശർമ്മ പരിക്കേറ്റ് പുറത്തായിരുന്നു. പകരക്കാരനായി ഇറങ്ങിയ ഇഷാൻ കിഷൻ ഡബിൾ സെഞ്ച്വറി നേടി തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. 131 പന്തുകളിൽ നിന്നും 210 റൺസ് ആയിരുന്നു യുവതാരം നേടിയത്.
ഇന്ത്യൻ ടീമിലെ ഏകദിന സ്പോട്ടിലേക്ക് നിരവധി യുവതാരങ്ങളാണ് അവസരം കാത്തു നിൽക്കുന്നത്. ശുബ്മാൻ ഗിൽ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ തുടങ്ങിയ നിരവധി താരങ്ങൾ സ്ഥിര അവസരം കാത്ത് നിൽക്കുകയാണ്. അതിനിടയിലാണ് സാബ കരീം ഇത്തരം ഒരു പ്രസ്താവന നടത്തിയത്.
“ഇന്ത്യ ഒരു മത്സരത്തിൽ നേടേണ്ട സ്കോർ 325- 350 എന്ന് തീരുമാനിച്ചാൽ ഉറപ്പായിട്ടും ധവാന് ടീമിൽ നിന്നും സ്ഥാനം നഷ്ടമാകും. 275-300 ആണ് എങ്കില്‍ ധവാന്‍റെ സ്ഥാനം സുരക്ഷിതമാകും. ടീമിൽ ധവാന്റെ സ്ഥാനം ഇന്ത്യ ഏത് രീതിയിൽ ബാറ്റ് ചെയ്യണം എന്ന് തീരുമാനിച്ചോ അത് അനുസരിച്ചായിരിക്കും.”- സാബ കരീം പറഞ്ഞു.
”അതിനാൽ പലതും സെലക്ടർമാരെയും ടീം മാനേജ്‌മെന്റിനെയും ക്യാപ്റ്റനെയും പ്രതീക്ഷകളെയും ആശ്രയിച്ചിരിക്കും. ശിഖർ ധവാൻ 130-140 എന്ന സ്‌ട്രൈക്ക് റേറ്റിൽ 350 റൺസ് മത്സരത്തില്‍ ബാറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാർത്ഥ്യമല്ല.” സാബ കരീം കൂട്ടിചേര്‍ത്തു.