ഈ മാസം അവസാനമാണ് യുഎഇയിൽ വച്ച് ഏഷ്യകപ്പ് അരങ്ങേറുന്നത്. ടൂർണമെന്റിൽ കിരീടം നേടുക എന്ന ലക്ഷ്യത്തോടെ മാത്രമായിരിക്കില്ല ഇന്ത്യൻ താരങ്ങൾ കളിക്കാൻ ഇറങ്ങുക. ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ട്വൻ്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സ്ഥാനം നേടുവാൻ ഏഷ്യാകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ആയിരിക്കും ഓരോ ഇന്ത്യൻ താരങ്ങളും ശ്രമിക്കുക.
ഇപ്പോൾ ഇന്ത്യൻ ടീമിന് ഏറ്റവും കൂടുതൽ ആശങ്കയാകുന്നത് സ്റ്റാർ പേസ് ബൗളർ ബുംറയുടെ പരിക്കാണ്. പരിക്കു മൂലം ഏഷ്യകപ്പിനുള്ള ഇന്ത്യൻ ടീമിൽ താരം ഇല്ല. ഇപ്പോഴിതാ ഇതിനിടയിൽ ഏഷ്യാ കപ്പ് കഴിയുമ്പോൾ ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കുന്ന പേരുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ ദോഡ്ഡ ഗണേഷ്. വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെ നടന്ന 20-20 പരമ്പരകളിൽ മികച്ച പ്രകടനം നടത്തിയ ഇടംകയ്യൻ പേസർ അർഷദീപ് സിംഗാണ് ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ച താരം എന്നാണ് ഗണേഷ് പറഞ്ഞത്.
ബുംറയുടെ പരിക്കിനെ കുറിച്ച് താൻ അറിഞ്ഞിരുന്നുവെന്നും അതുകൊണ്ടുതന്നെ മികച്ച പ്രകടനം പുറത്തെടുത്ത് കഴിഞ്ഞാൽ ഓസ്ട്രേലിയയിലേക്ക് ടിക്കറ്റെടുക്കാൻ അർഷദീപിന് സാധിക്കുമെന്നും ഗണേഷ് പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ടീം മാനേജ്മെൻ്റ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. ബുംറക്കും ഹർഷൽ പട്ടേലിനും പരിക്കു മൂലം ഏഷ്യാകപ്പിൽ ടീമിൽ ഇല്ലാത്തതും ഈ ഇടംകൈയ്യൻ പേസറുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്.
“ഇടംകൈയന്‍ പേസറാണെന്നത് അര്‍ഷദീപിന് അധിക ആനുകൂല്യം നല്‍കുന്നു. ഐപിഎല്ലിലും സമീപകാലത്ത് നടന്ന പരമ്പരകളിലും അര്‍ഷദീപ് മികവ് കാട്ടിയിരുന്നു. പന്തിന്‍റെ മേലുള്ള നിയന്ത്രണമാണ് അര്‍ഷദീപിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഐപിഎല്ലില്‍ മികവ് കാട്ടി അര്‍ഷദീപ് തന്‍റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു. മികച്ച പ്രകടനമാണ് ക്രിക്കറ്റില്‍ ഏറ്റവും പ്രധാനം. അര്‍ഷദീപ് ഇപ്പോള്‍ മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ അര്‍ഷദീപിന് അവസരം നല്‍കണമെന്നാണ് തന്‍റെ അഭിപ്രായം.”- ഗണേഷ് പറഞ്ഞു.