ലോകക്രിക്കറ്റിൽ ഏറ്റവും ശക്തരായ ടീമാണ് ഓസ്ട്രേലിയ. ഏറ്റവും അധികം ലോകകപ്പ് നേടിയ ഓസീസ് ടീമിനെ ഇന്നും ഭയക്കാത്ത എതിരാളികൾ കുറവാണ്. പക്ഷേ ഇപ്പോൾ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലെ മുൻനിര സ്പിന്നറായിരുന്ന ഒരു താരത്തിന്റെ അവസ്ഥയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ചർച്ചയാകുന്നത്.ക്രിക്കറ്റിന്റെ താരശോഭ കഴിഞ്ഞാൽ ഏതൊരു താരവും ജീവിതത്തിൽ അനവധി വെല്ലുവിളികൾ നേരിടാമെന്ന് ചൂണ്ടികാണിക്കുന്ന മറ്റൊരു ഉദാഹരണമാണ് ഈ സംഭവം.
രണ്ടായിരത്തിപതിനഞ്ചിലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിലടക്കം ഭാഗമായ സേവ്യർ ഡോഹർട്ടി ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഇപ്പോൾ ആശാരി പണിയിലേക്ക് തിരിഞ്ഞതാണ് സോഷ്യൽ മീഡിയയിലും ഒപ്പം ക്രിക്കറ്റ് ആരാധകരിലും സജീവ ചർച്ചയാകുന്നത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ പ്രമുഖ സംഘടനയായ ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ കുറച്ച് ആഴ്ചകൾ മുൻപ് പങ്കുവെച്ച വീഡിയോ ഇപ്പോൾ ലോക ക്രിക്കറ്റ് ആരാധകരിൽ വ്യാപക പ്രചാരമാണ് നേടുന്നത്.കഴിഞ്ഞ നാല് വർഷത്തിലേറെയായി താരം തന്റെ കുടുംബത്തെ പോറ്റുന്നത് ഇപ്രകാരം ആശാരി പണിയിലൂടെയാണ്.
വീഡിയോയിൽ തന്റെ പുതിയ ജോലിയെ കുറിച്ചും ചില മധുരകരമായ ക്രിക്കറ്റ് ഓർമകളെ കുറിച്ചും താരം വിശദമായി സംസാരിക്കുന്നുണ്ട്. “ഇപ്പോൾ ആശാരി പണിയുമായി ബന്ധപെട്ട ഈ ജീവിതം ഞാൻ ആസ്വദിക്കുന്നുണ്ട്. ഒപ്പ ചില ജോലികളുമായി ഞാൻ പുറത്തേക്ക് എല്ലാം സന്തോഷത്തോടെ യാത്രകളും നടത്തുന്നുണ്ട്. ക്രിക്കറ്റുമായി വളരെ വ്യത്യസ്തമായ ഒരു തൊഴിൽ മേഖല ആണല്ലോ ഇത് “താരം വാചാലനായി.
നേരത്തെ റോഡ് സേഫ്റ്റി ടൂർണമെന്റ് കളിക്കുവാൻ വന്ന ഓസ്ട്രേലിയൻ ലെജൻഡ്‌സ് ടീമിലും ഡോഹർട്ടി ഇടം പിടിച്ചിരുന്നു. ബിഗ് ബാഷിൽ കളിച്ചിരുന്ന താരം ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനും. ഇടംകൈയ്യൻ സ്പിൻ ബൗളറുമായിരുന്നു.2010ലാണ് താരം ഓസ്ട്രേലിയൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്.