ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും ക്രുണാല്‍ പാണ്ഡ്യയും ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ ആക്രമണ ബാറ്റിങ്ങിൽ പതറിയിട്ടും ഒരു ഓവർ പോലും ഹാർദിക് പാണ്ഡ്യയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നത് ജോലിഭാരം കുറക്കാനാണെന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായം ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായിരുന്നു . ഇന്ത്യൻ നായകന്റെ വാദത്തെ തള്ളി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.
“ഇന്ത്യന്‍ താരങ്ങള്‍ ഇനി കളിക്കാന്‍ പോകുന്നത് ഐപിൽ മത്സരങ്ങൾ ആണെന്ന് പറഞ്ഞ വീരു ഇപ്പോഴത്തെ ഏകദിന പരമ്പര നഷ്ടമായാലും അത് കുഴപ്പമില്ലെന്നാണ് വിരാട് കോഹ്ലി പറയുന്നതെന്നും പരിഹാസരൂപേണ പറഞ്ഞു . ഹാർദിക്കിനെ കൊണ്ട് നാലോ അഞ്ചോ ഓവര്‍ എറിയിച്ചാല്‍ അത് ജോലി ഭാരം കൂട്ടുമെന്ന ടീമിന്റെ വാദം ശരിയല്ല. 50 ഓവര്‍ ഫീല്‍ഡ് ചെയ്യുന്നതും നാലോ അഞ്ചോ ഓവര്‍ എറിയുന്നതും തമ്മില്‍ ജോലിഭാരത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. ആരാണ് സത്യത്തിൽ ഹാർദിക്കിന്റെ ജോലിഭാരം കൂടുതലാണെന്ന് കണക്കാക്കുന്നത് എന്ന് എനിക്കറിയില്ല. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയശേഷം പാണ്ഡ്യ അധികം മത്സരങ്ങൾ കളിച്ചിട്ടുമില്ല .
ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിൽ താരം പൂർണ്ണമായി ഡ്രസിങ് റൂമിലായിരുന്നു .ടി:20 പരമ്പരയിലെ എല്ലാ മത്സരത്തിലും മികച്ച രീതിയിൽ പന്തെറിഞ്ഞു .ഏകദിനത്തിൽ കൂടി അദ്ധേഹത്തിന് ബൗളിങ്ങിന് അവസരം കൊടുക്കാമായിരുന്നു” സെവാഗ് തന്റെ അഭിപ്രായം വിശദമാക്കി .
അതേസമയം വരുന്ന ഐപിഎല്ലിന് മുമ്പ് പരിക്കേല്‍ക്കാതിരിക്കാന്‍ ബൗളിംഗില്‍ നിന്ന് വിശ്രമം വേണമെന്ന് പാണ്ഡ്യ ആവശ്യപ്പെട്ടതായിരിക്കും കാരണമെന്നും സെവാഗ് വിമർശനം ഉന്നയിച്ചു . നേരത്തെ ടി:20 പരമ്പരയിൽ ആദ്യ 2 മത്സരത്തിൽ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിക്കാനുള്ള തീരുമാനത്തെ സെവാഗ് ശക്തമായി തന്നെ ചോദ്യം ചെയ്തിരുന്നു . രണ്ടാം ഏകദിനത്തിൽ ക്രുണാല്‍ പാണ്ഡ്യയും കുല്‍ദീപും ചേര്‍ന്നെറിഞ്ഞ 16 ഓവറില്‍ 150ലേറെ റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത് . ആദ്യ ഏകദിനത്തിലും കണക്കിന് പ്രഹരമേറ്റ് വാങ്ങിയ കുൽദീപ് യാദവിനെ അവസാന ഏകദിനത്തിൽ പ്ലെയിങ് ഇലവനിൽ നിന്നൊഴിവാക്കിയേക്കും . കുൽദീപ് പകരം യൂസ്‌വേന്ദ്ര ചാഹൽ ടീമിലെത്തുവാനാണ് സാധ്യത .