റെക്കോർഡുകൾ ഭേദിച്ച് രാഹുൽ. ഏറ്റവും വേഗമേറിയ സെഞ്ച്വറിയിൽ രോഹിതിനെ മറികടന്നു.

നെതർലാൻഡ്സിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ റെക്കോർഡുകൾ ഭേദിച്ച് കെഎൽ രാഹുൽ. മത്സരത്തിൽ ഇന്ത്യക്കായി ഒരു വെടിക്കെട്ട് സെഞ്ച്വറി ആയിരുന്നു രാഹുൽ സ്വന്തമാക്കിയത്. ഇതോടെ വിവിധ റെക്കോർഡുകളാണ് കെഎൽ രാഹുൽ മറികടന്നത്. ഇന്ത്യക്കായി ലോകകപ്പുകളിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടുന്ന താരം എന്ന റെക്കോർഡാണ് കെഎൽ രാഹുൽ തന്റെ പേരിൽ ചേർത്തിരിക്കുന്നത്. മത്സരത്തിൽ 62 പന്തുകളിൽ നിന്നായിരുന്നു രാഹുൽ തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. ഈ ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ രോഹിത് ശർമ നേടിയ സെഞ്ചുറിയാണ് രാഹുൽ ഈ ഇന്നിങ്സിലൂടെ മറികടന്നത്.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 63 പന്തുകളിൽ നിന്നായിരുന്നു രോഹിത് ശർമ സെഞ്ച്വറി സ്വന്തമാക്കിയത്. ഈ റെക്കോർഡ് മറികടക്കാൻ രാഹുലിന് സാധിച്ചു. 2007 ലോകകപ്പിൽ ബർമുഡ ടീമിനെതിരെ 81 പന്തുകളിൽ സെഞ്ച്വറി സ്വന്തമാക്കിയ വീരേന്ദർ സേവാഗാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. 2011 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ 83 പന്തുകളിൽ നിന്ന് സെഞ്ച്വറി സ്വന്തമാക്കിയ വിരാട് കോഹ്ലി ലിസ്റ്റിൽ നാലാമനായി നിൽക്കുന്നു. ഇവരെയൊക്കെ മറികടന്നാണ് രാഹുലിന്റെ ഈ തകർപ്പൻ നേട്ടം.

F u6WnIa0AApMnW

മത്സരത്തിൽ വിരാട് കോഹ്ലി പുറത്തായ ശേഷമായിരുന്നു രാഹുൽ എത്തിയത്. ആദ്യം ശ്രേയസ് അയ്യർകൊപ്പം മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാനാണ് രാഹുൽ ശ്രമിച്ചത്. എന്നാൽ മത്സരത്തിന്റെ അവസാന ഓവറുകളിലേക്ക് എത്തിയപ്പോൾ രാഹുൽ തന്റെ സംഹാരം ആരംഭിക്കുകയായിരുന്നു.

നെതർലാൻഡ്സിന്റെ എല്ലാ ബോളർമാരെയും അടിച്ചു ചുരുട്ടിയാണ് രാഹുൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയത്. മത്സരത്തിൽ 64 പന്തുകളിൽ നിന്ന് 102 റൺസാണ് രാഹുൽ നേടിയത്. ഇന്നിംഗ്സിൽ 11 ബൗണ്ടറികളും നാലു പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. ഇന്നിംഗ്സിലെ അവസാന ഓവറിലായിരുന്നു രാഹുൽ കൂടാരം കയറിയത്.

രാഹുലിനൊപ്പം ശ്രേയസ് അയ്യരും മത്സരത്തിൽ ഇന്ത്യയ്ക്കായി തട്ടുപൊളിപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. 94 പന്തുകളിൽ 128 റൺസ് ആയിരുന്നു അയ്യരുടെ സമ്പാദ്യം. 10 ബൗണ്ടറികളും 5 സിക്സറുകളും അയ്യറുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 208 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. എന്തായാലും ഇന്ത്യയെ 410 എന്ന ശക്തമായ സ്കോറിലെത്തിക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. ലീഗിലെ അവസാന മത്സരത്തിലും വമ്പൻ വിജയം നേടി സെമിഫൈനലിൽ എത്താനുള്ള പരിശ്രമത്തിലാണ് ഇന്ത്യ.

Previous articleഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്‌. അയ്യർ – രാഹുൽ ഷോയിൽ ഇന്ത്യ നേടിയത് 410 റൺസ്.
Next article“സെമിയിലോ ഫൈനലിലോ ഇന്ത്യ പരാജയപെട്ടേക്കാം! അങ്ങനെ സംഭവവിച്ചാൽ..” ഗംഭീർ പറയുന്നു..