ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ ഏറെ ആകാംക്ഷപൂർവ്വം നോക്കി കാണുന്ന ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പര 3-0ന് ഇതിനകം സ്വന്തമാക്കി ഓസ്ട്രേലിയൻ ടീം. പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്നിങ്സിനും 14 റൺസിനും ജയിച്ച ഓസ്ട്രേലിയൻ ടീം ഇംഗ്ലണ്ട് ടീമിനെ ഒരിക്കൽ കൂടി ബൗളിംഗ് മികവിൽ തകർത്തു. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് വെറും 68 റൺസിൽ പുറത്തായതൊടെ ഓസ്ട്രേലിയ ഇന്നിങ്സ് ജയത്തിലേക്ക് എത്തുകയായിരുന്നു.
അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ ആറ് വിക്കറ്റുകൾ വീഴ്ത്തി പേസർ ബോളണ്ട് ഓസ്ട്രേലിയൻ ജയം എളുപ്പമാക്കി. ഇംഗ്ലണ്ട് വെറും 68 റൺസ് മാത്രം നേടി പുറത്തായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്നും ട്രോളുകൾ നേരിടുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ.
നേരത്തെ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീം വെറും 36 റൺസിൽ പുറത്തായി ഒരു ഇന്നിങ്സ് തോൽവി വഴങ്ങിയിരുന്നു.ഈ ഒരു മോശം ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെ പരിഹസിക്കുന്ന ട്വീറ്റുമായി മൈക്കൽ വോൺ എത്തിയിരിന്നു.ഈ കാലത്ത് 100ല്‍ താഴെ റണ്‍സിന് ഏതെങ്കിലും ടീം ഓള്‍ഔട്ട് ആവുമോ എന്നാണ് മൈക്കൽ വോൺ തന്റെ ട്വിറ്റർ പോസ്റ്റിൽ അന്ന് കുറിച്ചത്. ഇപ്പോൾ ഈ ഒരു ട്വീറ്റിനെ കുത്തിപ്പൊക്കുകയാണ് ആരാധകർ.
എന്നാൽ ഇന്നത്തെ ആഷസ് ടെസ്റ്റിന് പിന്നാലെ മൈക്കൽ വോൺ പഴയ ട്വീറ്റ് ഒരു മൊബൈൽ വീഡിയോയിൽ കൂടി ചൂണ്ടികാണിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.ഇംഗ്ലണ്ട് വെറും 68ന് പുറത്തായി എന്ന് മാത്രമാണ് ട്വീറ്റിൽ വസീം ജാഫര്‍ താൻ ഷെയർ ചെയ്ത വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുള്ളത്. ഒപ്പം താരം മൈക്കൽ വോണിനെ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്.
ഇതിനകം തന്നെ ഏറെ ചർച്ചയായി മാറിയ ഈ ട്വീറ്റിന് ഇന്ത്യൻ ആരാധകരിൽ നിന്നും വൻ പിന്തുണ ലഭിച്ച് കഴിഞ്ഞു. അതേസമയം ആദ്യ ടെസ്റ്റ് തോറ്റ ശേഷം ഓസ്ട്രേലിയക്ക് എതിരെ 2-1ന് ടെസ്റ്റ് പരമ്പര ജയിച്ചാണ് ഇന്ത്യൻ സംഘം മടങ്ങിയത്.