സഞ്ജുവിൽ നിന്ന് എല്ലാവരും ആഗ്രഹിച്ചത് ഇതാണ്. ഇനിയവനെ ഒഴിവാക്കരുത്. മുൻ ഇന്ത്യൻ താരത്തിന്റെ നിർദ്ദേശം.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ഏകദിന മത്സരത്തിലെ തകർപ്പൻ ബാറ്റിംഗ് പ്രകടനം സഞ്ജു സാംസണ് ഒരുപാട് പ്രശംസകൾ നൽകിയിട്ടുണ്ട്. 114 പന്തുകളിൽ 108 റൺസാണ് ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു നേടിയത്. മത്സരത്തിന്റെ അഞ്ചാമത്തെ ഓവറിൽ മൂന്നാമനായാണ് സഞ്ജു ക്രീസിലെത്തിയത്. ശേഷം 46ആം ഓവർ വരെ ഇന്ത്യക്കായി പൊരുതാൻ സഞ്ജുവിന് സാധിച്ചു.

സഞ്ജുവിന്റെ മികവിലാണ് മത്സരത്തിൽ ഇന്ത്യ 78 റൺസിന്റെ വിജയം കണ്ടത്. മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. സഞ്ജു മത്സരത്തിൽ പുറത്തെടുത്ത പോരാട്ട വീര്യം ഉയർത്തിക്കാട്ടിയാണ് മഞ്ജരേക്കർ സംസാരിച്ചത്.

ആളുകൾ സഞ്ജുവിനെ ഏതുതരത്തിൽ കാണാൻ ആഗ്രഹിച്ചോ അതാണ് മത്സരത്തിൽ കണ്ടത് എന്ന് മഞ്ജരേക്കർ പറയുന്നു. “അങ്ങനെ ഒരുപാട് വർഷങ്ങൾക്ക് ശേഷം വളരെ മികച്ച ഒരു അന്താരാഷ്ട്ര ഇന്നിങ്സ് സഞ്ജുവിൽ നിന്ന് ഉണ്ടായി. ഇതൊരു ഏകദിന പരമ്പരയാണെന്നും, ആളുകൾ ഈ പരമ്പരയുടെ ഫലം മറക്കുമെന്നും എനിക്കറിയാം.

പക്ഷേ മത്സരത്തിൽ സഞ്ജു ബാറ്റ് ചെയ്ത രീതി വളരെ മികച്ചതായിരുന്നു. മത്സരത്തിന്റെ നാലാം ഓവറിലാണ് സഞ്ജു ക്രീസിലെത്തിയത്. ശേഷം സഞ്ജു തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത് 44ആമത്തെ ഓവറിലാണ്. ഇത്തരം ഇന്നിംഗ്സാണ് സഞ്ജുവിൽ നിന്ന് ആളുകൾ ആഗ്രഹിക്കുന്നത്. അത് അവർക്ക് കാണാൻ സാധിച്ചു.”- സഞ്ജയ് മഞ്ജരേക്കർ പറയുന്നു.

sanju samson india

“അതുകൊണ്ടു തന്നെ സഞ്ജു മത്സരത്തിൽ കളിച്ച രീതിയും, ആ ഇന്നിംഗ്സ് പേസ് ചെയ്ത രീതിയുമൊക്കെ വലിയ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്. സെലക്ടർമാരും ടീം മാനേജ്മെന്റും സഞ്ജുവിന്റെ ഇന്നിങ്സ് ഉടനെയെങ്ങും മറക്കില്ല. ഇത്തരം പ്രകടനങ്ങൾ കൊണ്ട് തന്നെയാണ് സഞ്ജു സാംസൺ പ്രതീക്ഷകൾക്കും അപ്പുറം സ്ക്വാഡിൽ ഇടം പിടിക്കുന്നത്. എപ്പോഴൊക്കെ ഇന്ത്യയ്ക്ക് ഒരു ഏകദിന ടീമിനെ തിരഞ്ഞെടുക്കണമോ, അപ്പോഴൊക്കെ സഞ്ജു സാംസൺ ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ തൊട്ടടുത്തായി തന്നെ നിൽക്കുന്നു.”- സഞ്ജയ് മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി സ്വന്തമാക്കിയതോടെ സഞ്ജുവിന് ഇന്ത്യ കൂടുതൽ അവസരങ്ങൾ ഏകദിനങ്ങളിലും ട്വന്റി20കളിലും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ൽ ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഐപിഎല്ലിലെ സഞ്ജുവിന്റെ പ്രകടനവും വളരെ നിർണായകമായി മാറും. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാനായി മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കിൽ ഇന്ത്യയ്ക്കായി ട്വന്റി20 ലോകകപ്പിൽ സഞ്ജുവിന് അണിനിരക്കാൻ സാധിച്ചേക്കും. എന്തായാലും സഞ്ജുവിന്റെ കരിയറിൽ വലിയൊരു ബ്രേക്ക് തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര ഉണ്ടാക്കിയിരിക്കുന്നത്.

Previous articleടീമിൽ നിന്ന് അവഗണിക്കുന്നതിൽ പരാതിയില്ല. പ്രയത്നങ്ങൾ തുടരുമെന്ന് സഞ്ജു സാംസൺ.
Next articleമുംബൈയ്ക്ക് എട്ടിന്റെ പണി. നായകൻ ഹർദിക് 2024 ഐപിഎല്ലിൽ കളിച്ചേക്കില്ല