മുംബൈയ്ക്ക് എട്ടിന്റെ പണി. നായകൻ ഹർദിക് 2024 ഐപിഎല്ലിൽ കളിച്ചേക്കില്ല

20231224 072146

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ട്രേഡുകളിൽ ഒന്നായിരുന്നു ഹർദിക് പാണ്ഡ്യയുടേത്. ലേലത്തിന് മുൻപ് തന്നെ വലിയ ട്രേഡിലൂടെ ഹർദിക് പാണ്ഡ്യയെ തങ്ങളുടെ ടീമിൽ തിരിച്ചെത്തിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിരുന്നു. തൊട്ടുപിന്നാലെ പാണ്ഡ്യയെ നായക സ്ഥാനത്തേക്ക് എത്തിച്ച് മുംബൈ ഇന്ത്യൻസ് എല്ലാവരെയും അത്ഭുതപ്പെടുത്തുകയുണ്ടായി.

എന്നാൽ മുംബൈയെ സംബന്ധിച്ച് വളരെ നിരാശാജനകമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കണങ്കാലിനേറ്റ പരിക്ക് മൂലം ഹർദിക് പാണ്ഡ്യ 2024ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചേക്കില്ല എന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരികയാണ്. 2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ആയിരുന്നു ഹർദിക്കിന് കണങ്കാലിന് പരിക്കേറ്റത്. ശേഷം ഇന്ത്യയുടെ ടീമിൽ നിന്ന് ഹർദിക് പാണ്ഡ്യ മാറി നിന്നിരുന്നു.

എൻഡിടിവി അടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് ഹർദിക്കിന്റെ ഫിറ്റ്നസിനെ സംബന്ധിച്ച പൂർണമായ വിവരം പുറത്തുവിട്ടത്. 2024 ട്വന്റി20 ലോകകപ്പിൽ ഫിറ്റ്നസോടുകൂടി കളിക്കണമെങ്കിൽ ഹർദിക് പാണ്ഡ്യക്ക് ഒരു വലിയ ഇടവേള ആവശ്യമാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ 2024 ഐപിഎല്ലിൽ നിന്ന് പാണ്ഡ്യ മാറിനിൽക്കും എന്നാണ് സൂചന. മുൻപ് രോഹിത് ശർമയ്ക്ക് പകരക്കാരനായി ആയിരുന്നു ഹർദിക് പാണ്ഡ്യയെ മുംബൈ തങ്ങളുടെ നായകനായി തിരഞ്ഞെടുത്തത്. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ക്യാമ്പയിനുകളും ഉയർന്നിരുന്നു. ഹർദിക്കിനെ നായകനായി നിയമിച്ചതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ആരാധകർ തന്നെ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയുണ്ടായി.

Read Also -  അവന്റെ കയ്യിൽ ഇന്ത്യൻ ടീം സുരക്ഷിതമായിരിക്കും, വമ്പൻ പ്രസ്താവന നടത്തി ബ്രെറ്റ് ലീ

ഇതിന് ശേഷമാണ് ഇപ്പോൾ ഹർദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലിൽ കളിക്കാൻ സാധിക്കില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതിന് മുൻപ് ഹർദിക് പാണ്ഡ്യയുടെ ഫിറ്റ്നസിനെ സംബന്ധിച്ച് ചില വിവരങ്ങൾ പുറത്തുവരികയുണ്ടായി. ഇന്ത്യയുടെ അഫ്ഗാനെതിരായ വരാനിരിക്കുന്ന ട്വന്റി20 പരമ്പരയിൽ ഹർദിക് പാണ്ഡ്യ ടീമിൽ കളിക്കില്ല എന്ന റിപ്പോർട്ടുകൾ ആയിരുന്നു പുറത്തുവന്നത്. ജനുവരി 11 മുതൽ 17 വരെയാണ് ഇന്ത്യയുടെ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന അഫ്ഗാനിസ്ഥാനേതിരായ ട്വന്റി20 പരമ്പര നടക്കുന്നത്. ജൂൺ 4ന് ട്വന്റി20 ലോകകപ്പ് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഹർദിക് പാണ്ഡ്യ ഐപിഎല്ലിൽ കളിപ്പിക്കുന്നത് അബദ്ധമാണ് എന്ന് പല മുൻ താരങ്ങളും വിലയിരുത്തുകയുണ്ടായി. അതിനാൽ തന്നെ ബിസിസിഐ ഹാർദിക്കിന് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

2022 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്തിന്റെ നായകനായി ആയിരുന്നു ഹർദിക് പാണ്ഡ്യ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചത്. ശേഷം 2023 ഇന്ത്യൻ പ്രീമിയർ ലീഗിലും ഗുജറാത്തിനെ നയിക്കാൻ ഹർദിക്കിന് സാധിച്ചിരുന്നു. രണ്ട് എഡിഷനുകളിലും ടീമിനെ ഫൈനലിൽ എത്തിക്കാൻ പാണ്ഡ്യയ്ക്ക് സാധിച്ചു. ശേഷമാണ് ഇന്ത്യ ഹർദിക്കിനെ തങ്ങളുടെ ട്വന്റി20 നായകനായി തെരഞ്ഞെടുത്തതും. ശേഷം നായകൻ എന്ന നിലയിൽ മികച്ച പ്രകടനങ്ങൾ തന്നെയാണ് ഈ ഓൾ റൗണ്ടർ ഇന്ത്യക്കായി കാഴ്ച വച്ചിരുന്നത്.

Scroll to Top