ഇന്ത്യൻ ക്രിക്കറ്റ് ടീം പരിവർത്തനത്തിൻ്റെ അങ്ങേത്തലയ്ക്കലാണെന്ന് പറയേണ്ടി വരും.പലപ്പോഴും ടീം സെലക്ഷനിലെ പാളിച്ച കൊണ്ടും ബാറ്റിങ്ങ് നിര കളി മറന്നിട്ടും അത്ഭുത വിജയങ്ങൾ ആവർത്തിക്കുമ്പോൾ സ്വപ്നങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.
ബാറ്റിങ് നിര ഭൂരിഭാഗവും പരാജയപ്പെടുന്നു. ടെസ്റ്റിൻ്റെ ഭാഗധേയം പൂർണമായും നിർണ്ണയിക്കേണ്ട ലോകോത്തര സ്പിന്നർ അശ്വിൻ പുറത്തിരിക്കുന്നു. അനുഭവസമ്പന്നരായ ഇഷാന്തും ഷമിയും ടീമിലില്ല .ഒന്നാമിന്നിങ്ങ്സിൽ ചെറിയ സ്കോറിന് പുറത്തായി വലിയ ലീഡ് വഴങ്ങുന്നു .കളി തീരാൻ ഒരു ദിവസം ബാക്കി നിൽക്കെ സുരക്ഷിത പിച്ചിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ 77 ലെത്തി നിൽക്കുന്ന എതിർ ടീം. സർവോപരി സ്വന്തം മണ്ണിൽ ഒരിക്കലും പുറത്താകില്ലെന്ന് തോന്നുന്ന തരത്തിൽ ബാറ്റ് ചെയ്യുന്ന വേരുറപ്പിച്ച ഇംഗ്ളിഷ് നായകൻ ജോ റൂട്ടും.
വിദേശ മണ്ണിൽ തലേ ടെസ്റ്റിൽ 78 ന് പുറത്തായ ടീം വീണ്ടും ഒരു ഗാബ വീരഗാഥ ആവർത്തിക്കുമ്പോൾ ക്രിക്കറ്റ് പ്രേമികൾ ആഘോഷരാവിലേക്ക് പോകുന്നു .തീർത്തും സ്പിന്നിന് അനുകൂലമായ പിച്ചിൽ അശ്വിൻ ഇല്ലാത്തൊരു വിജയത്തെ എങ്ങനെ കാണണം ???
സത്യത്തിൽ ഇന്ത്യൻ ടീം ഒരു സേഫ് സോണില്ലാത്ത കാലമാണ് . വിരാട് കോലിയിൽ നിന്നും പ്രതീഷിച്ച സംഭാവനകൾ ലഭിക്കാതിരിക്കുമ്പോൾ പൂജാരയും രഹാനെയും അസ്ഥിരത തുടർച്ചയായി കാണിക്കുന്നു. എന്നിട്ടും തുടരെ തുടരെ തിരിച്ചു വരുന്ന ടീം ,അതും എന്നും തോറ്റമ്പുന്ന ഇംഗ്ളണ്ടിലും ആസ്ട്രേലിയയിലും എതിരാളികളെയും ഒപ്പം ആരാധകരെയും ഞെട്ടിക്കുന്ന പ്രകടനങ്ങൾ പക്ഷെ ടീമംഗങ്ങളുടെ അസ്ഥിരതയിലും സ്ഥിരത കാണിക്കുന്നു.
രോഹിത് ശർമ്മയുടെ വിശ്വസ്തനായ ടെസ്റ്റ് ഓപ്പണർ എന്ന നിലയിലേക്കുള്ള പരിവർത്തനവും ശർദുൽ താക്കൂർ എന്ന ഓൾറൗണ്ട് പ്രതിഭയുടെ ഉദയവും ബുംറ അടക്കമുള്ള വാലറ്റം ബാറ്റിങ്ങിൽ കാണിക്കുന്ന അപ്രതീക്ഷിത മിന്നലാട്ടങ്ങളും ഇന്ത്യൻ ടെസ്റ്റ് ടീമിനെ പുത്തൻ തലത്തിലേക്ക് ഉയർത്തുമ്പോൾ എന്നും ഇന്ത്യക്കെതിരെ വാലിൽ വിഷം കാക്കുന്ന എതിരാളികളുടെ വാല് മുറിച്ചു കളയാനും ടീമിന് പറ്റുന്നു .
റിക്കി പോണ്ടിംഗിൻ്റെ ആസ്ട്രേലിയയെ പോലെ ചില സമയങ്ങളിൽ ധ്വനിപ്പിക്കുമ്പോഴും പലപ്പോഴായി ആവർത്തിക്കുന്ന തെറ്റായ ടീം സെലക്ഷൻ മാത്രമായിരുന്നു ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് ചാംപ്യൻഷിപ്പ് പോലും നഷ്ടപ്പെടുത്തിയത് .ശരാശരി പ്രായം കൂടി വരുന്ന ബാറ്റിങ്ങ് നിരയിൽ വരും നാളുകളിൽ യുവതാരങ്ങളായ വിഹാരി ,സൂര്യ കുമാർ ,പൃത്ഥി ഷാ, ഗിൽ ,അഗർവാൾ എന്നിവരെ പരീക്ഷിക്കുമെന്നും ഒരു ടെസ്റ്റിൽ പോലും പുറത്തിരുന്ന് കാണാൻ ആഗ്രഹിക്കാത്ത അശ്വിനെ അയാൾക്ക് അഴിഞ്ഞാടാൻ പറ്റുന്ന പിച്ചിലെങ്കിലും കാണുമെന്നും പ്രതീക്ഷിക്കാം .
അമ്പേ തകരുന്ന ടീമിൻ്റെ തുടർച്ചയായ ഉയിർത്തെഴുന്നേൽപ്പ് ,അതു തന്നെയാണ് ഈ ടീമിൻ്റെ മുഖമുദ്ര ,അതിന്ന് ചുക്കാൻ പിടിക്കുന്നതാകട്ടെ അനുഭവസമ്പന്നർക്ക് പകരം പുത്തൻ താരോദയങ്ങളും എന്നതാകട്ടെ ഈ ടീമിൻ്റെ സൗഭാഗ്യവും.
വിജയിച്ച ടെസ്റ്റുകളിൽ ഒന്നാമിന്നിങ്ങ്സിൽ ലീഡ് വഴങ്ങിയ ശേഷം തിരിച്ചു വന്ന് പരമ്പരയിൽ 2-1 ന് മുന്നിൽ .ഈ സീരീസ് 2 -2 സമനിലയിലായാൽ പോലും അത് ചരിത്രമാകും .എന്നാൽ പരമ്പര വിജയിക്കുകയാണെങ്കിൽ അതിനെ വിശേഷിപ്പിക്കാൻ പുതിയ വാക്കുകൾ തേടേണ്ടി വരും .കോലിയുടെ 23000 റൺസ് ,ശർമ്മയുടെ 3000 ടെസ്റ്റ് റൺസ്, പന്തിൻ്റെ 1500 റൺസ് ,ബൂംറയുടെ അതിവേഗ 100 വിക്കറ്റുകൾ ….. പരമ്പരയിൽ വിശേഷങ്ങളേറെ
ഇംഗ്ളണ്ട് എന്ന ടീമിനേക്കാൾ ഈ പരാജയം മൈക്കൽ വോഗൻ എന്ന അവരുടെ ജിഹ്വയേയാകും കൂടുതൽ വേട്ടയാടുക .
എഴുതിയത് – Dhanesh Damodaran