ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീം ലീഡിലേക്ക് കുതിക്കുന്നു . ഗാലെയില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ 135 റൺസിൽ പുറത്താക്കിയ ഇംഗ്ലണ്ട് ടീം ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 127 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് എട്ട് റണ്‍സ് മാത്രം പിന്നിലാണ് ഇംഗ്ലണ്ട്. നായകൻ ജോ റൂട്ട് (66), ജോണി ബെയര്‍സ്‌റ്റോ (47) എന്നിവരാണ് ഇപ്പോൾ ക്രീസില്‍.
ഓപ്പണര്‍മാരായ സാക് ക്രൗളി (9), ഡൊമിനിക് സിബ്ലി (4) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് തുടക്കത്തിലേ നഷ്ടമായത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന റൂട്ട് : ബെയർസ്‌റ്റോ സഖ്യം മികച്ച ബാറ്റിങ്ങോടെ മുന്നേറി .ലസിത് എംബുല്‍ഡെനിയയാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. 17 റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും ബെയര്‍സ്റ്റോ- റൂട്ട് സഖ്യം ഇതുവരെ 110 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നേരത്തെ ബാറ്റിംഗ് ആരംഭിച്ച ലങ്കൻ ടീമിന് വിനയായത് ഡൊമിനിക് ബെസ്സിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് . 10.1 ഓവര്‍ മാത്രം എറിഞ്ഞ സ്പിന്നര്‍ 30 റണ്‍സ് വിട്ടുനല്‍കിയാണ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. സ്റ്റുവര്‍ട്ട് ബ്രോഡിന് മൂന്ന് വിക്കറ്റുണ്ട്. ജാക്ക് ലീച്ച് ഒരു വിക്കറ്റ് നേടി. 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമലാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. പരിക്കിന് ശേഷം ടീമിലേക്ക് തിരികെ വന്ന എയ്ഞ്ചലോ മാത്യൂസ് 27 റണ്‍സെടുത്ത് പുറത്തായി.
ലാഹിരു തിരിമാനെ (4), കുശാല്‍ പെരേര (20), കുശാല്‍ മെന്‍ഡിസ് (0), നിരോഷന്‍ ഡിക്‌വെല്ല (12), ദസുന്‍ ഷനക (23), വാനിന്‍ഡു ഹസരങ്ക (19), ദില്‍വുറാന്‍ പെരേര (0), എംബുല്‍ഡെനിയ (0) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കക്ക് പെട്ടന്ന് തന്നെ നഷ്ടമായത്. അഷിത ഫെര്‍ണാണ്ടോ (0) പുറത്താവാതെ നിന്നു.
2 ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത് .