ഇംഗ്ലണ്ട് ടീം ചെന്നൈയിൽ : ആറ് ദിവസത്തെ ക്വാറന്റൈൻ നിർബന്ധം

ഇന്ത്യക്കെതിരെ  ആരംഭിക്കുന്ന ക്രിക്കറ്റ് പര്യടനത്തിനായുള്ള ഇംഗ്ലണ്ട്  ക്രിക്കറ്റ് ടീം ചെന്നൈയിൽ എത്തി .  പര്യടനത്തിന് തുടക്കം കുറിക്കുന്ന  ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾക്കുള്ള  ടീമാണ് ഇപ്പോൾ ചെന്നൈ എയർപോർട്ടിൽ വന്നിറങ്ങിയത് .ഇംഗ്ലണ്ട് ക്രിക്കറ്റ്   കളിക്കാരെ കൂടാതെ ടീം കോച്ച് അടക്കമുള്ള സ്റ്റാഫുകളും ചെന്നൈ എയർപോർട്ടിൽ വന്നിറങ്ങിയ ഇംഗ്ലണ്ട് സംഘത്തിൽ ഉണ്ട് .

അതേസമയം 6 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കിയ  ശേഷം മാത്രമാണ്  ഇംഗ്ലണ്ട് ടീമിന് പരിശീലനത്തിന് അനുമതിയുള്ളത്. ഇംഗ്ലണ്ട് നിരയിലെ ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സ് ഇന്നലെ തന്നെ ചെന്നൈയിലെത്തി. നിലവിൽ ശ്രീലങ്കയിലുള്ള ടീമിനൊപ്പം സ്റ്റോക്‌സ് ഉണ്ടായിരുന്നില്ല.

ഫെബ്രുവരി അഞ്ചാം തീയതിയാണ്  ടെസ്റ്റ്  പരമ്പര ആരംഭിക്കുന്നത് .  ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ആകെ മൂന്ന് ദിവസം മാത്രം പരിശീലനത്തിന് ലഭിക്കുകയുള്ളു എന്നതാണ് ഇംഗ്ലണ്ട് താരങ്ങൾക്കുള്ള ഏറ്റവും വലിയ വെല്ലുവിളി .  ടീമിന്റെ പരിശീലനം രണ്ടാം തീയതിയാണ് ആരംഭിക്കുക. ചെന്നൈ  ചിദംബരം സറ്റേഡിയത്തിലാണ് പരിശീലനം നടക്കുക. ആകെ നാലു ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. തുടർന്ന് അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയും അവസാന ഘട്ടത്തിൽ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും. ടി20 മാർച്ച് 12ന് ആരംഭിക്കും. ഏകദിനങ്ങൾ 23-ാം തീയതി തുടങ്ങും.

ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്.

Previous articleദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ : മാത്യു വേഡ് സ്‌ക്വാഡിന് പുറത്ത്
Next articleകോവിഡ് ആശങ്കകൾ ഒഴിഞ്ഞ് ഇംഗ്ലണ്ട് ടീം :ചെന്നൈയിലെത്തിയ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്