ലോകകപ്പിലെ മോശം പ്രകടനം, ഇംഗ്ലണ്ടിന് എട്ടിന്‍റെ പണി. 2025 ചാമ്പ്യൻസ് ട്രോഫി നഷ്ടമാകും ?

ഇത്തവണത്തെ ഏകദിന ലോകകപ്പിൽ വളരെ മോശം പ്രകടനങ്ങളാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കാഴ്ചവെച്ചിട്ടുള്ളത്. 2019 ഏകദിന ലോകകപ്പിലെ ചാമ്പ്യന്മാരായിരുന്ന ഇംഗ്ലണ്ട് വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യൻ മണ്ണിലേക്ക് എത്തിയത്. എന്നാൽ തങ്ങൾ കളിച്ച ആദ്യ 6 മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും ഇംഗ്ലണ്ടിന് പരാജയം നേരിടേണ്ടി വന്നിട്ടുണ്ട്.

നിലവിൽ പോയിന്റ്സ് ടേബിളിൽ അവസാന സ്ഥാനത്താണ് ഇംഗ്ലണ്ട് നിൽക്കുന്നത്. ഇനിയുള്ള ലോകകപ്പ് മത്സരങ്ങളിൽ വിജയിക്കാൻ സാധിച്ചാലും ഇംഗ്ലണ്ടിന് സെമിയിലെത്താൻ സാധിക്കില്ല. പക്ഷേ ഇനിയുള്ള ലോകകപ്പ് മത്സരങ്ങൾ ഇംഗ്ലണ്ടിനെ സംബന്ധിച്ച് മറ്റൊരു രീതിയിൽ വളരെ നിർണായകമാണ്. വരും മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് 2025ലെ ചാമ്പ്യൻ ട്രോഫി ടൂർണമെന്റിലേക്ക് യോഗ്യത നേടാൻ സാധിക്കൂ.

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ്നുള്ള ടീമുകളെ തിരഞ്ഞെടുക്കുന്നതിനായി പുതിയൊരു മാനദണ്ഡമാണ് ഐസിസി ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നത്. ഏകദിന ലോകകപ്പിലെ ലീഗ് റൗണ്ടിലെ പോയിന്റ്സ് ടേബിളിന്റെ അടിസ്ഥാനത്തിലാണ് ചാമ്പ്യൻസ് ട്രോഫിക്കായുള്ള ടീമുകളുടെ യോഗ്യത നിശ്ചയിക്കുന്നത്.

ലോകകപ്പിന്റെ ലീഗ് റൗണ്ടിൽ ആദ്യ ഏഴ് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാവും ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലേക്ക് യോഗ്യത നേടുക. 2025 ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനാണ് ആതിഥേയരായ ടീം. അതിനാൽ പാക്കിസ്ഥാന് നേരിട്ട് ടൂർണമെന്റിലേക്ക് യോഗ്യത ലഭിക്കും. ബാക്കി 7 ടീമുകളെ നിശ്ചയിക്കുന്നത്. ലോകകപ്പിന്റെ പോയിന്റ്സ് ടേബിളാവും.

നിലവിൽ ഏകദിന ലോകകപ്പ് പോയിന്റ്സ് ടേബിളിൽ ഏറ്റവും താഴെയാണ് ഇംഗ്ലണ്ട് ടീമിന്റെ സ്ഥാനം. അടുത്ത മത്സരങ്ങളിൽ വിജയിച്ചാൽ ഏഴാം സ്ഥാനത്തിന് മുകളിലെത്താൻ ഇംഗ്ലണ്ടിന് സാധിക്കും. ഇത് സാധിച്ചില്ലെങ്കിൽ 2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ട് ടീമിന് കളിക്കാൻ സാധിക്കില്ല. മുൻപ് രണ്ടു തവണ ട്വന്റി20 ലോകകപ്പും ഒരു തവണ ഏകദിന ലോകകപ്പും നേടിയിട്ടുള്ള ടീമാണ് ഇംഗ്ലണ്ട്. എന്നാൽ ഇംഗ്ലണ്ട് ഇല്ലാതെ ഒരു ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നതല്ല. ഇഎസ്പിഎൻ ക്രികിന്ഫോയാണ് ഇക്കാര്യങ്ങളൊക്കെയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇനി ഈ ലോകകപ്പിൽ ഇംഗ്ലണ്ടിന് അവശേഷിക്കുന്നത് കേവലം 3 മത്സരങ്ങൾ മാത്രമാണ്. ഓസ്ട്രേലിയ, നെതർലാൻഡ്സ്, പാക്കിസ്ഥാൻ എന്നീ ടീമുകളെയാണ് ഇംഗ്ലണ്ട് നേരിടുന്നത്. ഈ 3 മത്സരങ്ങളിലും വിജയം നേടാൻ സാധിച്ചാൽ ഇംഗ്ലണ്ടിന് ഏഴാം സ്ഥാനത്തോ അതിനു മുകളിലേക്കോ എത്താൻ സാധിക്കും. എന്നാൽ നിലവിലെ ഇംഗ്ലണ്ടിന്റെ ഫോം കണക്കിലെടുത്താൽ ഇക്കാര്യവും സംശയമാണ്.

2021 ലായിരുന്നു ഐസിസി ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള യോഗ്യത നിയമത്തിൽ വലിയ രീതിയിലുള്ള ഭേദഗതികൾ ഐസിസി വരുത്തിയത്. ഈ ലോകകപ്പിൽ കളിക്കാൻ സാധിക്കാതെ പോയ വെസ്റ്റിൻഡീസ്, സിംബാബ്വെ, അയർലൻഡ് എന്നീ ടീമുകൾക്കൊന്നും തന്നെ ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടാൻ സാധിക്കില്ല.

Previous articleലോകത്തിലെ ഏറ്റവും മികച്ച ബോളർ ബുമ്രയാണ്. പാക് ബോളർമാർ കണ്ട് പഠിക്കണമെന്ന് അക്രം.
Next articleലോകകപ്പിലെ പാക്കിസ്ഥാന്‍റെ മോശം പ്രകടനം. ആദ്യ ❛തല❜ വെട്ടി.