ലോകത്തിലെ ഏറ്റവും മികച്ച ബോളർ ബുമ്രയാണ്. പാക് ബോളർമാർ കണ്ട് പഠിക്കണമെന്ന് അക്രം.

jasprit bumrah vs joe root

ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിലെ തകർപ്പൻ ബോളിംഗ് പ്രകടനത്തിന് ശേഷം ഇന്ത്യൻ പേസർ ജസ്പ്രീത് ബൂമ്രയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരങ്ങൾ. മുൻ പാക്കിസ്ഥാൻ നായകൻ വസീം അക്രമും മിസ്ബയുമാണ് ഇപ്പോൾ ബൂമ്രയെയും ഷാമിയെയും പ്രശംസിച്ച് സംസാരിച്ചിരിക്കുന്നത്. ബൂമ്ര എല്ലാംകൊണ്ടും ഒരു സമ്പൂർണ്ണ ബോളറാണ് എന്ന് അക്രം പറയുന്നു. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളറാണ് ബൂമ്ര എന്ന അഭിപ്രായമാണ് വസീം അക്രത്തിനുള്ളത്. ബോളിന്മേലുള്ള ബൂമ്രയുടെ നിയന്ത്രണത്തെ പ്രശംസിച്ചു കൊണ്ടാണ് അക്രം സംസാരിച്ചത്. ബൂമ്ര ഉണ്ടാക്കിയെടുക്കുന്ന ആംഗിളുകൾ ബാറ്റർമാരെ വലിയ രീതിയിൽ സമ്മർദ്ദത്തിലാക്കുന്നുണ്ട് എന്ന് അക്രം പറയുന്നു.

പാക്കിസ്ഥാന്റെ പേസർമാരടക്കം ബുമ്രയെ കണ്ടുപഠിക്കണം എന്നാണ് അക്രം നിർദ്ദേശിക്കുന്നത്. “നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർ ബൂമ്രയാണ്. അയാൾ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുന്നു. അയാളുടെ നിയന്ത്രണം, പേസ്, വേരിയേഷനുകൾ.. എല്ലാം ചേരുമ്പോൾ അയാൾ ഒരു സമ്പൂർണ്ണമായ ബോളർ തന്നെയാണ്. അയാളുടെ ബോളിംഗ് കാണുക എന്നത് അതിമനോഹരമാണ്. ന്യൂബോളിൽ ഒരു ബോളർക്ക് ഇത്രമാത്രം മൂവ്മെന്റ് ഇങ്ങനെയൊരു പിച്ചിൽ നിന്ന് ലഭിക്കുക എന്നത് അവിശ്വസനീയം തന്നെയാണ്. നല്ല പേസിൽ നല്ല ബൗൺസ് കണ്ടെത്താൻ ബുമ്രയ്ക്ക് സാധിക്കുന്നു. അതുകൊണ്ടു തന്നെയാണ് അയാൾ ഒരു സമ്പൂർണ്ണ ബോളറാണ് എന്ന് ഞാൻ പറഞ്ഞത്.”- അക്രം പറയുന്നു.

“ബൂമ്ര എറൗണ്ട് വിക്കറ്റിൽ നിന്ന് ഇടംകയ്യൻ ബാറ്റർമാർക്ക് എതിരെ ബോൾ ചെയ്യുകയും, കൃത്യമായി സീമിൽ പന്തറിയുകയും ചെയ്യുമ്പോൾ ബാറ്റർമാർ വലിയ രീതിയിൽ സമ്മർദ്ദത്തിലാകുന്നു. അയാൾ സാധാരണയായി ക്രീസിന്റെ വിശാലമായ ഭാഗത്തുനിന്നാണ് പന്ത് എറിയുന്നത്. ഇത്തരത്തിൽ വരുന്ന ബോളുകൾ ബാറ്റർമാരുടെ പാഡിനുള്ളിലേക്ക് വരുന്നതായി തോന്നും. എല്ലാ ബാറ്റർമാരും ഇതരത്തിൽ കണക്കുകൂട്ടിയാണ് കളിക്കുന്നത്. പക്ഷേ പന്ത് പിച്ചിൽ കുത്തിയശേഷം മറ്റൊരു വഴിയിലൂടെ മൂവ് ചെയ്യുന്നു. ഈ സമയത്താണ് ബാറ്റർമാർ എല്ലായ്പ്പോഴും ബൂമ്രയ്ക്ക് മുമ്പിൽ കീഴടങ്ങുന്നത്. ഞാൻ മുമ്പ് വലംകൈയ്യൻ ബാറ്റർമാർക്കെതിരെ ഇത്തരത്തിൽ ഔട്ട് സിങ്ങറുകൾ ഉപയോഗിച്ചിരുന്നു. പക്ഷേ എനിക്ക് അന്ന് പന്ത് കൃത്യമായി നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. എന്തായാലും എന്നെക്കാളും ന്യൂബോൾ നിയന്ത്രിക്കാൻ സാധിക്കുന്ന ബോളറാണ് ബൂമ്ര.”- അക്രം കൂട്ടിച്ചേർത്തു.

Read Also -  കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നത് മണ്ടത്തരം. വിമർശനവുമായി പാക് താരം.

ഒപ്പം മുൻ പാക് നായകൻ മിസ്ബയും ബൂമ്രയെ പ്രശംസിക്കുകയുണ്ടായി. “അദ്ദേഹത്തിന്റെ സ്വിങ് ഒഴിച്ചു നിർത്തിയാൽ തന്നെ, ലൈനും ലെങ്തും വളരെ കൃത്യമാണ്. ബാറ്റർക്ക് റൺസ് കണ്ടെത്താൻ ഒരു സാധ്യതയും ബൂമ്ര നൽകാറില്ല. എല്ലായിപ്പോഴും പാകിസ്ഥാൻ ബോളർമാരേക്കാൾ അപകടകാരികളാണ് ബുമ്ര. കാരണം അയാൾ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നു. എന്നാൽ നമ്മുടെ കളിക്കാർ ആവശ്യത്തിന് ടെസ്റ്റ് മത്സരങ്ങൾ ഇപ്പോൾ കളിക്കുന്നില്ല എന്നാണ് ഞാൻ കരുതുന്നത്.” മിസ്ബ പറഞ്ഞു. ഒപ്പം മുഹമ്മദ് ഷാമിയെ സംബന്ധിച്ച് ഇതൊരു അവിശ്വസനീയ ലോകകപ്പാണ് എന്ന് അക്രം പറയുകയുണ്ടായി. മത്സരത്തിലെ ഓരോ പന്തിലും ഇമ്പാക്ട് ഉണ്ടാക്കാൻ ഷാമിക്ക് സാധിക്കുന്നുണ്ട് എന്നും അക്രം കൂട്ടിച്ചേർത്തു.

Scroll to Top