ഇന്നലെയായിരുന്നു ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പോരാട്ടം. മത്സരത്തിൽ ചെന്നൈ വിജയിച്ചു. ചെന്നൈയുടെ ഈ സീസണിലെ ആദ്യ വിജയമാണിത്. ഇപ്പോഴിതാ തോൽവിക്ക് പിന്നാലെ കഴിഞ്ഞ സീസണിൽ തങ്ങളുടെ കുന്തമുന യായിരുന്ന ഹർഷൽ പട്ടേലിൻ്റെ സേവനം മത്സരത്തിൽ നഷ്ടമായത് തിരിച്ചടിയായി എന്ന് പറഞ്ഞിരിക്കുകയാണ് ബാംഗ്ലൂർ നായകൻ ഫാഫ് ഡ്യൂപ്ലെസ്സി. സഹോദരിയുടെ മരണത്തെ തുടർന്ന് താരം നാട്ടിലേക്ക് മടങ്ങിയിരുന്നു.
ചെന്നൈക്കെതിരെ അവസാന 10 ഓവറിൽ 155 റൺസ് ആണ് ബാംഗ്ലൂർ വഴങ്ങിയത്. ഐപിഎൽ സീസണിലെ ഏറ്റവും അധികം റൺസാണ് ബാംഗ്ലൂർ ഇന്നലെ വഴങ്ങിയത്. “ബാംഗ്ലൂരിനു മാത്രമല്ല, കളിക്കുന്ന ഏതു ടീമിനും നിർണായക സംഭാവന നൽകാൻ കഴിവുള്ള താരമാണ് ഹർഷൽ. കളി ഒറ്റയ്ക്ക് മാറ്റി മറിക്കാൻ കഴിവുള്ള താരമാണ് അയാൾ. അതാണു ചെന്നൈക്കെതിരെ ഞങ്ങൾ മിസ്സ് ചെയ്തത്. ഡെത്ത് ഓവറുകളിലെ ബോളിംഗ് വൈവിധ്യവും ഞങ്ങൾക്ക് നഷ്ടമായി. കനത്ത നഷ്ടം തന്നെയാണ്.
ഹർഷൽ ഉടൻ തന്നെ ടീമിനൊപ്പം ചേരും എന്നാണ് പ്രതീക്ഷ. ആദ്യ എട്ടോവറുകളിൽ ഞങ്ങൾ നന്നായി തന്നെ പന്തെറിഞ്ഞു.8-14 ഓവറുകൾ ചെയ്യുവാൻ സ്പിന്നർമാരെ ആണ് ഞങ്ങൾ നിയോഗിച്ചത്. എന്നാൽ സ്പിന്നർമാർക്കെതിരെ ചെന്നൈ നന്നായി കളിച്ചു. ദുബേ കടന്നാക്രമിച്ചു. ഈ സമയത്താണ് ചെന്നൈ കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.”-ബാംഗ്ലൂർ നായകൻ പറഞ്ഞു.