2024 ട്വന്റി20 ലോകകപ്പിൽ ഇതിനോടകം തന്നെ വലിയ ചർച്ചാവിഷയമായ ഒന്നാണ് വിരാട് കോഹ്ലിയുടെ ഇന്ത്യൻ ടീമിലെ ബാറ്റിംഗ് പൊസിഷൻ. കഴിഞ്ഞ ലോകകപ്പുകളിലൊക്കെയും മൂന്നാം നമ്പരിൽ ഇറങ്ങിയിരുന്ന വിരാട് കോഹ്ലി ഇത്തവണ ഓപ്പണറായാണ് മൈതാനത്ത് എത്തിയത്.
എന്നാൽ ഇതുവരെ ഇന്ത്യക്കായി മികച്ച പ്രകടനം ഓപ്പണർ എന്ന നിലയ്ക്ക് കാഴ്ചവയ്ക്കാൻ കോഹ്ലിക്ക് സാധിച്ചിട്ടുമില്ല. അയർലൻഡിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ഒരു റൺ മാത്രമാണ് കോഹ്ലി നേടിയത്. ശേഷം പാക്കിസ്ഥാനെതിരെ 4 റൺസിന് കോഹ്ലി പുറത്തായി. പിന്നീട് അമേരിക്കയ്ക്ക് എതിരെ പൂജ്യനായി കോഹ്ലി പുറത്തായതോടെയാണ് വിമർശനങ്ങൾ ഉയർന്നത്. എന്നാൽ കോഹ്ലിയെ ഇന്ത്യ മൂന്നാം നമ്പറിൽ തന്നെ കളിപ്പിക്കേണ്ടതുണ്ട് എന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് പറയുന്നത്.
ഓപ്പണറായി കോഹ്ലിയെ ഇറക്കുന്നത് വലിയ രീതിയിലുള്ള മണ്ടത്തരമാണ് എന്ന് ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ അബദ്ധം കാട്ടരുത് എന്ന് ദ്രാവിഡിനും രോഹിത്തിനും നിർദ്ദേശം നൽകിയിരിക്കുകയാണ് ഡിവില്ലിയേഴ്സ്. “ഇത് ഞാൻ എല്ലായിപ്പോഴും പറയുന്ന കാര്യമാണ്. മൂന്നാം നമ്പറിൽ തന്നെയാണ് വിരാട് കോഹ്ലിയെ കളിപ്പിക്കേണ്ടത്. പ്രത്യേകിച്ച് ഇപ്പോൾ അവർ കളിക്കുന്ന വിക്കറ്റുകളിൽ. മൂന്നാം നമ്പരിൽ കോഹ്ലി എപ്പോൾ വേണമെങ്കിലും ആശ്രയിക്കാവുന്ന ഒരു താരമാണ്. അവന് മൂന്നാം നമ്പറിൽ ആക്രമണപരമായ രീതിയിൽ കളിക്കാൻ സാധിക്കും. മാത്രമല്ല സന്ദർഭത്തിനനുസരിച്ച് സമ്മർദം ഏറ്റെടുത്ത് മുന്നോട്ട് പോകാനും അവന് സാധിക്കും. മധ്യ ഓവറുകളിൽ ലോകത്തിലെ തന്നെ നിലവിലെ ഏറ്റവും മികച്ച താരമാണ് വിരാട് കോഹ്ലി. എന്തുകൊണ്ടാണ് അവനെ ഓപ്പണിങ് ഇറക്കുന്നത് എന്ന് എനിക്ക് വ്യക്തമല്ല.”- ഡിവില്ലിയേഴ്സ് പറഞ്ഞു.
ഇതോടൊപ്പം ഇന്ത്യ ഈ ലോകകപ്പിൽ ആക്രമണപരമായി തന്നെ മുന്നോട്ട് പോകണമെന്നും ഡിവില്ലിയേഴ്സ് നിർദ്ദേശിക്കുന്നു. “ഒരു ആദ്യ പഞ്ച് ഇന്ത്യയിൽ നിന്ന് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ ലോകകപ്പുകളിലൊക്കെയും അവർ പ്രതിരോധാത്മകമായ സമീപനമാണ് പലപ്പോഴും പുലർത്തിയിരുന്നത്. അത് ഇവിടെ സാധ്യമല്ല. കാരണം ഇത്രയധികം നിലവാരമുള്ള ഒരു ടീമാണ് ഇന്ത്യ. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വ്യക്തമായ രീതിയിൽ റിസ്ക് എടുത്തുകൊണ്ടു തന്നെ ഇന്ത്യയ്ക്ക് മൊമെന്റം സ്വന്തമാക്കാൻ സാധിക്കണം. കാരണം ഒരിക്കൽ തങ്ങളുടെ കൈയിൽ മൊമെന്റം എത്തുകയാണെങ്കിൽ, പിന്നീട് ഇന്ത്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല.”- ഡിവില്ലിയേഴ്സ് കൂട്ടിചേർക്കുന്നു.
2022 ലോകകപ്പിൽ ഇന്ത്യ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയ കാര്യമായിരുന്നു ഇത്. ഈ സമീപനം ലോകകപ്പിൽ ഇന്ത്യയെ പരാജയത്തിലും എത്തിച്ചിരുന്നു. 2024 ട്വന്റി20 ലോകകപ്പിലേക്ക് വരുമ്പോഴും ഇതുവരെ തട്ടുപൊളിപ്പൻ തുടക്കങ്ങൾ ഇന്ത്യയ്ക്ക് നൽകാൻ മുൻനിര താരങ്ങൾക്ക് സാധിച്ചിട്ടില്ല. മാത്രമല്ല ന്യൂയോർക്കിലെ ബോളിങ്ങിന് അനുകൂലമായ സാഹചര്യത്തിൽ ഇതുവരെ ഇന്ത്യ ഹൈസ്ക്കോറിങ് മത്സരങ്ങളും കളിച്ചിട്ടില്ല. പക്ഷേ സൂപ്പർ8 മത്സരങ്ങൾ വിൻഡീസിൽ നടക്കുന്നതിനാൽ തന്നെ ആദ്യ ഓവറുകളിൽ വെടിക്കെട്ട് തീർത്ത് റൺസ് സ്വന്തമാക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്.