സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം ജയം ലക്ഷ്യമിടുന്ന ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകിയത് ബാറ്റിങ് നിരയിലെ സീനിയർ താരങ്ങൾ മോശം പ്രകടനമാണ്. രഹാനെ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും പൂർണ്ണ നിരാശ സമ്മാനിക്കുമ്പോൾ പൂജാര ഫോമിലേക്ക് ഉയരുന്നത് ആശ്വാസമായി മാറുന്നുണ്ട്. രഹാനെ അടക്കമുള്ളവർ മോശം ഫോമിലും ടീമിൽ തുടരുമ്പോൾ ശ്രേയസ് അയ്യർ, വിഹാരി എന്നിവർ ടീമിന് പുറത്താണെന്ന് മുൻ താരങ്ങൾ അടക്കം വിമർശനം ഉന്നയിക്കുന്നുണ്ട്.
എന്നാൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് മറ്റൊരു പ്രതിസന്ധി ഇന്ത്യൻ ടീമിൽ സൃഷ്ടിക്കുകയാണ്. മോശം ഫോമിലുള്ള റിഷാബ് പന്ത് വിദേശ പര്യടനങ്ങളിലെ തന്റെ മികവിലേക്ക് സൗത്താഫ്രിക്കൻ ടൂറിൽ എത്തുന്നില്ലയെന്നതാണ് ടീം ഇന്ത്യയെ അലട്ടുന്നത്.റിഷാബ് പന്തിന്റെ മോശം ഷോട്ട് സെലക്ഷനെ കുറിച്ച് ചർച്ച നടത്തുമെന്ന് ഹെഡ് കോച്ച് ദ്രാവിഡ് അടക്കം വിശദമാക്കി കഴിഞ്ഞു.
അതേസമയം ഹെഡ് കോച്ച് ദ്രാവിഡിന് ഒരു നിർദ്ദേശം നൽകുകയാണ് മുൻ ഓസ്ട്രേലിയൻ താരം. റിഷാബ് പന്ത് അവന്റെ ശൈലി ഉപേക്ഷിക്കാനായി ഒരിക്കലും നോക്കരുതെന്നും പറഞ്ഞ മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ് ഹെഡ് കോച്ച് ദ്രാവിഡ് അവന്റെ ഈ ഒരു ശൈലി മാറ്റാൻ ശ്രമിക്കരുതെന്നും കൂടി ആവശ്യപെട്ടു.”എന്റെ അഭിപ്രായത്തിൽ റിഷാബ് പന്ത് സ്വന്തം ശൈലിയില്‍ തന്നെ കളിക്കുന്നതാണ് ടീമിനും അവന്റെ ടെസ്റ്റ് കരിയറിനും നല്ലത്. രാഹുൽ ദ്രാവിഡ് അവന്റെ സാങ്കേതിക വിദ്യയില്‍ ഒരു തരത്തിലും ഇടപെടേണ്ട ആവശ്യം ഇല്ല. നമുക്ക് എല്ലാം റിഷാബ് പന്തിന്റെ മികവ് അറിയാം.ബാറ്റ് ചെയ്യുമ്പോള്‍ അവൻ വലിയ സ്‌കോര്‍ നേടുമോ അതോ മോശം ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് നഷ്ടമാക്കുമോ എന്നുള്ള സംശയവും എല്ലാവർക്കും ഉണ്ട്” ബ്രാഡ് ഹോഗ് പറഞ്ഞു.
“നമ്മൾ കണ്ടിട്ടുള്ള റിഷാബ് പന്ത് അല്ല ഇത്. അവൻ അത്യാവശ്യം ഭേദപെട്ട ടെക്ക്നിക്കുള്ള ബാറ്റ്‌സ്മാനാണ്. പക്ഷേ സൗത്താഫ്രിക്കയിൽ നമുക്ക് അത് കാണാൻ സാധിക്കുന്നില്ല. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നമ്മൾ അത് കണ്ടതാണ്. രാഹുൽ ദ്രാവിഡ് അവന്റെ ടെക്ക്നിക്കിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടയെന്നതാണ് എന്റെ അഭിപ്രായം.”ബ്രാഡ് ഹോഗ് അഭിപ്രായം വ്യക്തമാക്കി.