കിഷനെ ഒഴിവാക്കി രാഹുലിനെ ഇനി ഉൾപെടുത്തരുത്. ഒഴിവാക്കേണ്ടത് മറ്റൊരാളെ. ചൂണ്ടിക്കാട്ടി ഗവാസ്കർ.

ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ആദ്യ ഏഷ്യകപ്പ് മത്സരത്തിൽ, കെഎൽ രാഹുലിന് പരിക്കേറ്റ സാഹചര്യത്തിലായിരുന്നു ഇഷാൻ കിഷന് പ്ലെയിങ് ഇലവണ്ണിൽ അവസരം ലഭിച്ചത്. അത് കിഷൻ വേണ്ട വിധത്തിൽ ഉപയോഗിക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ തകർന്നു നിൽക്കുന്ന സാഹചര്യത്തിൽ ക്രീസിലെത്തിയ കിഷൻ 81 പന്തുകളിൽ 82 റൺസ് നേടി രക്ഷകനായി മാറുകയായിരുന്നു. എന്നാൽ അടുത്ത മത്സരത്തിൽ കെഎൽ രാഹുൽ തിരികെ ടീമിലെത്തുമ്പോൾ ഇഷാൻ കിഷനെ ഇന്ത്യ ഒഴിവാക്കുമോ എന്നത് വലിയൊരു ചോദ്യമാണ്.

ഇതിനെപ്പറ്റി സംസാരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം സുനിൽ ഗവാസ്കർ ഇപ്പോൾ. രാഹുൽ തിരികെ ഇന്ത്യൻ ടീമിൽ എത്തുകയാണെങ്കിൽ അത് ശ്രേയസ് അയ്യർക്ക് പകരമായിരിക്കണം എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. ഒരു കാരണവശാലും ഇഷാൻ കിഷന് പകരം രാഹുലിനെ ഇന്ത്യ ഉൾപ്പെടുത്തരുത് എന്നും സുനിൽ ഗവാസ്കർ പറയുകയുണ്ടായി.

നേപ്പാളിനെതിരെയുള്ള മത്സരം ശ്രേയസ് അയ്യരെ സംബന്ധിച്ച് വളരെ നിർണായകമാണ് എന്നും ഗവാസ്കർ പറയുന്നു. “നേപ്പാളിനെതിരെ ശ്രേയസ് അയ്യർ ഏതുതരത്തിൽ കളിക്കും എന്നാണ് ഞാൻ നോക്കുന്നത്. നേപ്പാളിനെതിരായ മത്സരത്തിലും ശ്രേയസ് അയ്യർക്ക് റൺസ് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ വീണ്ടും ഏഷ്യാകപ്പിൽ അയാൾക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇനിയും അയ്യർ പരാജയപ്പെടുകയാണെങ്കിൽ ഇന്ത്യക്കായി നാലാം നമ്പറിൽ രാഹുലും അഞ്ചാം നമ്പറിൽ ഇഷാൻ കിഷനും കളിക്കും എന്നാണ് ഞാൻ കരുതുന്നത്.”- സുനിൽ ഗവാസ്കർ പറയുന്നു.

“ഇഷാൻ കിഷനെ ഇന്ത്യയ്ക്ക് ഇനിയും മാറ്റിനിർത്താൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അത്രമാത്രം മികച്ച ഇന്നിംഗ്സാണ് കിഷൻ കാഴ്ചവച്ചത്. ഇനി കിഷനെ മാറ്റി നിർത്തിയാൽ അത് അയാളോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി തന്നെയായിരിക്കും. ഇഷാന്റെ ഇത്തരത്തിലുള്ള മികച്ച പ്രകടനങ്ങൾ ടീമിന് ഒരു സന്തുലിതാവസ്ഥ നൽകുന്നുണ്ട്.”- സുനിൽ ഗവാസ്കർ കൂട്ടിച്ചേർക്കുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിലെ ഇഷാൻ കിഷന്റെയും ഹർദിക് പാണ്ട്യയുടെയും പ്രകടനങ്ങൾ കണക്കിലെടുത്താണ് സുനിൽ ഗവാസ്കർ ഇക്കാര്യം സംസാരിച്ചത്.

മത്സരത്തിൽ ഇന്ത്യയുടെ മുൻനിര പൂർണമായും തകർന്ന സാഹചര്യത്തിലായിരുന്നു ഇഷാൻ കിഷൻ രക്ഷകനായി ക്രീസിലെത്തിയത്. ആദ്യ പന്തു മുതൽ ആക്രമിച്ചു കളിച്ചാണ് ഇഷാൻ കിഷൻ തന്റെ സ്കോറിങ് ഉയർത്തിയത്. പാകിസ്ഥാനെതിരെ കളിക്കുന്നതിന്റെ യാതൊരു സമ്മർദവുമില്ലാതെയാണ് ഇഷാൻ മൈതാനത്ത് തുടർന്നത്. ഇഷാന്റെ ഈ കടന്നാക്രമണമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് 266 എന്ന ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. പക്ഷേ മത്സരം മഴമൂലം ഉപേക്ഷിക്കുകയുണ്ടായി.