“എന്നെ പാണ്ഡ്യയുമായി താരതമ്യം ചെയ്യരുത്, അവൻ അതിന് അർഹനല്ല”. കപിൽ ദേവ് തുറന്നുപറയുന്നു.

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ഓൾറൗണ്ടറാണ് ഹർദിക് പാണ്ഡ്യ. 2022ലെ ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യൻ ടീമിന്റെ നിറസാന്നിധ്യമായി മാറാൻ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ലോകകപ്പിന് ശേഷം ഇന്ത്യയെ എല്ലാ ട്വന്റി20 മത്സരങ്ങളിലും നയിച്ചിട്ടുള്ള നായകനാണ് ഹർദിക് പാണ്ഡ്യ. 2024ൽ മറ്റൊരു ട്വന്റി ട്വന്റി ലോകകപ്പ് വരാനിരിക്കുമ്പോൾ ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവതാരങ്ങളുടെ നിര മൈതാനത്ത് അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ഇതിനിടെ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ, ഇന്ത്യയുടെ ലോകകപ്പ് വിജയ നായകനായ കപിൽ ദേവുമായി താരതമ്യം ചെയ്തുകൊണ്ട് പ്രസ്താവനകൾ എത്തിയിരുന്നു. ഇതിനെ എതിർത്ത് രംഗത്ത് വന്നിരിക്കുകയാണ് സാക്ഷാൽ കപിൽ ദേവ്.

ഹർദിക് പാണ്ഡ്യയെ താനുമായി താരതമ്യം ചെയ്യരുത് എന്നാണ് കപിൽ ദേവ് പറയുന്നത്. അതിനുള്ള യോഗ്യത ഹർദിക് പാണ്ഡ്യയ്ക്കില്ല എന്നാണ് കപിൽ ദേവിന്റെ പക്ഷം. തനിക്ക് പറ്റിയ പോരായ്മകൾ വീണ്ടും വീണ്ടും ആവർത്തിക്കുന്ന കളിക്കാരനാണ് ഹർദിക് പാണ്ഡ്യയെന്നും കപിൽ ദേവ് പറയുകയുണ്ടായി.

“ചെറിയ തെറ്റുകൾ പോലും ഒരുപാട് തവണ ആവർത്തിക്കുന്ന താരമാണ് ഹർദിക് പാണ്ഡ്യ. അത്തരത്തിലുള്ള ഒരു ഇന്ത്യൻ താരത്തെ ഞാനുമായി താരതമ്യം ചെയ്യരുത്. വളരെ വലിയ പ്രതിഭയുള്ള കളിക്കാരനാണ് പാണ്ഡ്യ എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അക്കാര്യം അവൻ പലതവണയായി നമുക്ക് മുൻപിൽ തെളിയിക്കുന്നുണ്ട്. പക്ഷേ മാനസികമായി ചിന്തിക്കുമ്പോൾ അവൻ കൂടുതൽ കരുത്ത് കാട്ടേണ്ടതുണ്ട്.”- കപിൽ ദേവ് പറഞ്ഞു.

ഇന്ത്യൻ ടീമിൽ വലിയ കരുത്താണ് ഹർദിക് പാണ്ഡ്യ ഉണ്ടാക്കിയെടുത്തത്. ഒരു ഫാസ്റ്റ് ബോളിംഗ് ഓൾഡൗണ്ടർ എന്നത് ഇന്ത്യയുടെ വളരെ കാലത്തെ സ്വപ്നമായിരുന്നു. എന്നാൽ കരിയറിലുടനീളം ഹർദിക് പാണ്ഡ്യയെ പരിക്കുകൾ പിടികൂടിയത് ഇന്ത്യയെ വലയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ നിശ്ചിത ഓവർ ക്രിക്കറ്റിൽ മാത്രമാണ് ഹർദിക് പാണ്ഡ്യ ഇപ്പോൾ കളിക്കുന്നത്.

പ്രധാനമായും ട്വന്റി20യിൽ സാന്നിധ്യം അറിയിച്ചിരിക്കുന്ന പാണ്ഡ്യ വരും നാളുകളിൽ ഇന്ത്യയുടെ ട്വന്റി20യിലെ സ്ഥിര ക്യാപ്റ്റനായി മാറും എന്ന കാര്യത്തിൽ സംശയമില്ല. മാത്രമല്ല 2023 ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യൻ ഏകദിന ടീം നായകനാവാനുള്ളവരുടെ സാധ്യത ലിസ്റ്റിലും ഹർദിക് പാണ്ഡ്യ ഇടംപിടിച്ചിട്ടുണ്ട്.

ഒരു നായകൻ എന്ന നിലയിൽ വളരെ മികച്ച റെക്കോർഡുകളാണ് ഹർദിക് പാണ്ഡ്യയ്ക്കുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ നായകനായാണ് ഹർദിക് പാണ്ഡ്യ അരങ്ങേറിയത്. അരങ്ങേറ്റ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ ജേതാക്കളാക്കാൻ ഹർദിക് പാണ്ഡ്യക്ക് സാധിച്ചിരുന്നു. ശേഷം 2023 ഐപിഎൽ സീസണിലും ടീമിനെ ഫൈനലിൽ പാണ്ഡ്യ എത്തിച്ചു. ശേഷമാണ് പാണ്ഡ്യയെ ഏകദിന ടീമിന്റെ നായകനാക്കി മാറ്റണം എന്ന രീതിയിൽ പ്രസ്താവനകൾ ഉയർന്നത്.