“സഞ്ജുവിനെയൊന്നും ലോകകപ്പിൽ ഇന്ത്യയ്ക്ക് ആവശ്യമില്ല”- കാരണം വെളിപ്പെടുത്തി ശ്രീകാന്ത്.

2a8ad807 0480 4604 a146 fb7b5c453bf7

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിൽ വമ്പൻ പ്രതികരണവുമായി ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. മലയാളി താരം സഞ്ജു സാംസനെ ഒരു കാരണവശാലും ഇന്ത്യ തങ്ങളുടെ ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തരുത് എന്നാണ് ശ്രീകാന്ത് പറയുന്നത്.

നിലവിൽ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ ഇടം നേടാൻ എല്ലാ സാധ്യതയുമുള്ള താരമാണ് സഞ്ജു സാംസൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്ര മികച്ച പ്രകടനങ്ങളാണ് സഞ്ജു കാഴ്ച വയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ബാക്കപ്പ് വിക്കറ്റ് കീപ്പറായെങ്കിലും സഞ്ജു ടീമിലെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിനിടയാണ് ശ്രീകാന്ത് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

എന്തുകൊണ്ട് സഞ്ജു സാംസണിനെ ഇന്ത്യ ഒഴിവാക്കണമെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടുകയുണ്ടായി. “സഞ്ജു സാംസണെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടാൻ പാടില്ല എന്നാണ് എന്റെ വിലയിരുത്തൽ. കാരണം സഞ്ജുവിന് മൂന്നാം നമ്പറിലോ നാലാം നമ്പറിലോ മാത്രമേ ബാറ്റ് ചെയ്യാൻ സാധിക്കൂ. എന്നാൽ നിലവിലെ ഇന്ത്യൻ ടീമിൽ ഈ രണ്ട് സ്ലോട്ടുകളിലും യാതൊരു ഒഴിവുമില്ല. നിലവിൽ ഇന്ത്യയുടെ വെടിക്കെട്ട് താരങ്ങളായ സൂര്യകുമാർ യാദവും ശിവം ദുബെയും ഈ രണ്ടു സ്ലോട്ടുകളും ഇതിനോടകം തന്നെ റിസർവ് ചെയ്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ സഞ്ജുവിനെ ഇന്ത്യൻ ടീമിന് ആവശ്യമില്ല.”- ശ്രീകാന്ത് പറഞ്ഞു.

Read Also -  അംപയറെ ചോദ്യം ചെയ്തു. കനത്ത ശിക്ഷ വിധിച്ച് ബിസിസിഐ.

“നിലവിൽ ഇന്ത്യയുടെ ഓപ്പണിങ് സ്ലോട്ടിലേക്ക് രോഹിത് ശർമയും വിരാട് കോഹ്ലിയും സ്ഥാനമുറപ്പിച്ചിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ട്വന്റി20 ലോകകപ്പിൽ റിഷഭ് പന്ത് ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി കളിക്കണം. ബായ്ക്കപ്പ് വിക്കറ്റ് കീപ്പറായി കെഎൽ രാഹുലിനെ ഇന്ത്യ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും ഉത്തമം.”- ശ്രീകാന്ത് വ്യക്തമാക്കുന്നു.

ഇതിനോടൊപ്പം ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ തന്റേതായ രീതിയിൽ തെരഞ്ഞെടുക്കാനും ശ്രീകാന്ത് മറന്നില്ല. ശ്രീകാന്തിന്റെ ചില തീരുമാനങ്ങൾ ആരാധകരെ പോലും അത്ഭുതപ്പെടുത്തുകയുണ്ടായി.

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയ്ക്കായി വമ്പൻ പ്രകടനങ്ങൾ പുറത്തെടുത്ത ജയസ്വാളിനെ തന്റെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ നിന്ന് ശ്രീകാന്ത് തഴഞ്ഞിട്ടുണ്ട്. മാത്രമല്ല രാജസ്ഥാൻ റോയൽസിനായി ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള ചഹലിനെയും ശ്രീകാന്ത് തന്റെ ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

ഇന്ത്യൻ നായകൻ രോഹിത്തും സൂപ്പർതാരം കോഹ്ലിയുമാണ് ശ്രീകാന്തിന്റെ ടീമിലെ ഓപ്പണർമാർ. സൂര്യകുമാർ യാദവും ശിവം ദുബയും അടുത്ത സ്ഥാനങ്ങളിൽ ബാറ്റിംഗിന് എത്തും. എന്നാൽ മുംബൈക്കായി ഈ ഐപിഎല്ലിൽ മോശം പ്രകടനം തുടരുന്ന ഹർദിക് പാണ്ഡ്യയും ശ്രീകാന്തിന്റെ ടീമിലുണ്ട്. തമിഴ്നാടിന്റെ ഇടംകയ്യൻ പേസർ നടരാജനും ഈ ടീമിൽ ഉൾപ്പെടുന്നു.

Scroll to Top